|    Jan 20 Fri, 2017 7:33 pm
FLASH NEWS

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരം ഒരുങ്ങുന്നു

Published : 4th September 2016 | Posted By: SMR

സലീം ഉളിയില്‍

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മിനാ ഒരുങ്ങുന്നു. തമ്പുകളുടെ നഗരമെന്നു വിശേഷിപ്പിക്കുന്ന മിനായുടെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. റോഡുകളുടെ നവീകരണം, കുടിവെള്ള പൈപ്പുകള്‍, എയര്‍കണ്ടീഷനറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. മക്കയുടെ കിഴക്കുഭാഗത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന മിനായില്‍ ഹാജിമാര്‍ക്കായി ലക്ഷത്തില്‍പരം തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തോളം പേര്‍ ഹജ്ജിനെത്തിയിരുന്നു. സൗത്ത് ഏഷ്യന്‍ മുതവ്വിഫിന് കീഴിലാണ് ഇന്ത്യന്‍ ഹാജിമാര്‍.
തീപ്പിടിക്കാത്ത സംവിധാനങ്ങളോടെ അത്യാധുനിക രീതിയിലാണ് തമ്പുകളുടെ നിര്‍മാണം. മാസങ്ങള്‍ക്കു മുമ്പു തന്നെ നവീകരണജോലികള്‍ ആരംഭിച്ചിരുന്നു. മുഴുവന്‍ തമ്പുകളിലും ശീതീകരണസംവിധാനം ഒരുക്കും. കൂടാതെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ കൂടുതല്‍ വാട്ടര്‍സ്‌പ്രേയും സജ്ജീകരിക്കും. മെഡിക്കല്‍ ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിക്കും. ഹാജിമാരില്‍ ചിലര്‍ ഇപ്പോള്‍ തന്നെ മിനാ സന്ദര്‍ശിക്കുന്നുണ്ട്. മിനായെ കുറിച്ച് വ്യക്തത വരാന്‍ ഈ സന്ദര്‍ശനം ഏറെ ഉപകരിക്കുന്നു. ഒരേ രീതിയിലുള്ള തമ്പുകളായതിനാല്‍ ഹാജിമാര്‍ ജംറയിലെ കല്ലേറ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്. ഇവരെ സഹായിക്കാന്‍ അതത് രാജ്യങ്ങളുടെ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ വോളന്റിയര്‍മാരും സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങും. മിക്ക സംഘടനകളും ജിദ്ദപോലെ മക്കക്കടുത്ത സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറമാണ് ഇന്ത്യന്‍ ഹജ്ജ് മിഷനു വേണ്ടി മിനാ ഭൂപടം രൂപകല്‍പന ചെയ്തിരുന്നത്. ശാസ്ത്രീയമായ പഠനത്തിലൂടെ തയ്യാറാക്കിയ ഭൂപടം ഇന്ത്യക്ക് പുറമേ മറ്റു രാജ്യക്കാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു. ഈ വര്‍ഷം ടെന്റുകള്‍ കണ്ടെത്താനുള്ള നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. മുതവ്വിഫ് ഔദ്യോഗികമായി തമ്പുകള്‍ക്ക് നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ നിലവിലുള്ള ടെന്റ് ലൊക്കേറ്റര്‍ ആപ്ലിക്കേഷനിലെ മിനാ മാപ്പ് പ്രവര്‍ത്തിച്ചുതുടങ്ങും.
മിനായുടെ അടുത്താണ് ഹാജിമാര്‍ കല്ലേറ് നിര്‍വഹിക്കേണ്ട ജംറ സ്ഥിതിചെയ്യുന്നത്. ഇവിടെ എസ്‌കലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലും തിരക്ക് ഒഴിവാക്കുന്നതിനുമായി ഈ വര്‍ഷം കല്ലേറിന് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ള ജംറകളിലും മിനായിലും വന്‍സുരക്ഷയാണ് ഒരുക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വിവിധ സൈനികവിഭാഗങ്ങള്‍, പോലിസ്, മറ്റു സുരക്ഷാവിഭാഗങ്ങള്‍, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരെ സജ്ജീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക