|    Mar 30 Thu, 2017 12:43 am
FLASH NEWS

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരുങ്ങി

Published : 20th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരുങ്ങി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തോടു ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയോടെ തീര്‍ത്ഥാടകര്‍ ഹജ്ജ് ക്യാംപില്‍ എത്തിത്തുടങ്ങും. വൈകീട്ട് ഏഴിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 5മണി വരെയാണ് തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
62,000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് എയര്‍ ക്രാഫ്റ്റ് ഹാങ്കറുകളിലാണ് ക്യാംപിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതു കൂടാതെ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹജ്ജ് സെല്‍, ആരോഗ്യ വിഭാഗം, ബാങ്ക് കൗണ്ടര്‍, ബാഗേജ് ചെക്കിങ്, നമസ്‌കാരസൗകര്യം, തീര്‍ത്ഥാടകരുടെ താമസം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുന്നത് എയര്‍ ക്രാഫ്റ്റ് ഹാങ്കറിലാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള നമസ്‌കാര ഹാളില്‍ ഒരേ സമയം 750 സ്ത്രീകള്‍ക്കും 750 പുരുഷന്‍മാര്‍ക്കും നമസ്‌കരിക്കാന്‍ സൗകര്യമുണ്ട്.
ബാത്ത്‌റൂം സൗകര്യം, ഭക്ഷണശാല, ഹാജിമാരോടൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവയ്ക്കാണു താല്‍ക്കാലിക പന്തല്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഹജ്ജ് ക്യാംപിനായി തയ്യാറാക്കിയിരുന്ന താല്‍ക്കാലിക നിര്‍മാണങ്ങളില്‍ മേല്‍ക്കൂര ഒഴികെയുള്ള ഭാഗം പൊളിച്ചുനീക്കാതെ നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഹജ്ജ് ക്യാംപിന്റെ ചുമതലയുള്ള സിയാല്‍ എക്‌സി. ഡയറക്ടര്‍ എ എം ഷബീറിന്റെ നേതൃത്വത്തിലാണ് ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ക്യാംപിലെത്തുന്ന തീര്‍ത്ഥാടകരുടെ ലഗേജുകളില്‍ വോളന്റിയര്‍മാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം ലഗേജുകള്‍ ക്യാംപില്‍ വച്ചുതന്നെ സൗദി എയര്‍ ലൈന്‍സിന് കൈമാറും. ലഗേജുകള്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day