|    Aug 18 Fri, 2017 4:54 am
FLASH NEWS

തീരുമാനങ്ങള്‍ നടപ്പായില്ല ; മനക്കച്ചിറ ടൂറിസം പദ്ധതി അവതാളത്തില്‍

Published : 10th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ധൃതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഒന്നും നടപ്പായില്ല. തുടര്‍ന്ന് കോടികള്‍ മുടക്കിയ പദ്ധതി അവതാളത്തിലായി. പദ്ധതിയുടെ ഭാഗമായി വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗ ണ്‍സിലിന്റെ ചുമതലയില്‍ വിവിധ ജല കായിക വിനോദ പദ്ധതികള്‍ മനയ്ക്കച്ചിറയാറ്റില്‍ ആരംഭിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്നത്തെ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. കേരളീയ ജലാശയങ്ങളിലെ മല്‍സ്യ ബന്ധനത്തിന്റെ പഴമ വിളിച്ചറിയിക്കുന്ന ചീനവലകള്‍ സ്ഥാപിക്കുക, പരമ്പരാഗത മീന്‍പ്പിടിത്ത സൗകര്യങ്ങള്‍ ഒരുക്കുക, മനയ്ക്കച്ചിറ കുളത്തിനു നടുവിലുള്ള പവലിയനില്‍ ലഘു ഭക്ഷണ ശാല ആരംഭിക്കുക, തോടിന്റെ കരയിലുളള നടപ്പാതയില്‍ നിന്നും കുളത്തില്‍ നിര്‍മിച്ചിരിക്കുന്ന പവലിയനിലേക്ക് എത്തുന്നതിന് ഫെഡല്‍ ബോട്ടുകളും വള്ളങ്ങളും ഏര്‍പ്പെടുത്തുക,നാടന്‍ ഭക്ഷണ ശാലകള്‍ തോടിന്‍ കരയിലും കുളത്തിനരികിലും സ്ഥാപിക്കുക, വാട്ടര്‍ സ്‌കൂട്ടര്‍, കനോയിങ്, പാരാ സെയിലിങ്, സ്പീഡ് ബോട്ട് തുടങ്ങിയ ജലകായിക വിനോദോപാധികള്‍ ആരംഭിക്കുക, ചുറ്റിനും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയവ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതു സാധ്യമാവുന്നതോടെ ആലപ്പുഴ പള്ളാത്തുരുത്തി ഭാഗങ്ങളിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ ചങ്ങനാശ്ശേരിയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷ. മനയ്ക്കച്ചിറ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 1.20 കോടി രൂപയോളം പലഘട്ടങ്ങളിലായി ചെലവഴിച്ചാണ് എസി കനാലില്‍ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവിലുള്ള സാഹചര്യത്തില്‍ കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണു സൂചന. കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ മലയോര മേഖലയെയും കുട്ടനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്‌ന പദ്ധതിയായ മനയ്ക്കച്ചിറ ടൂറിസം പദ്ധതി  ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മാര്‍ച്ച് രണ്ടിനായിരുന്നു ഉദ്ഘാടനം ചെയ്തത്. ചങ്ങനാശ്ശേരി മുതല്‍ മങ്കൊമ്പ് വരെയുള്ള 20 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കു നിന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ എസി കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവല്‍ക്കരണങ്ങളാണ് പ്രധാനമായും നടന്നത്. സി എഫ് തോമസ് എംഎല്‍എ മുന്‍ കൈയെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്. രണ്ടാം ഘട്ടമെന്ന നിലയില്‍ 2005ല്‍ 39 ലക്ഷം രൂപയുടെയും അന്തിമ ഘട്ടമെന്ന നിലയില്‍ 49 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു.വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസി കനാലിനു വടക്കുഭാഗത്ത് എസി റോഡിനും കനാലിനും സമാന്തരമായി പവലിയന്‍ നിര്‍മിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ചെയ്തിരുന്നു. കൂടാതെ ചുറ്റുമതില്‍ നിര്‍മാണവും ചുറ്റും കമ്പി ഉപയോഗിച്ച് വേലിക്കെട്ടുകളും നിര്‍മിച്ചു. കനാലിന്റെ മധ്യഭാഗത്തായി കനാല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തില്‍ ഹോട്ടലും നിര്‍മിച്ചിരുന്നു. ഇതില്‍ 25 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിലായിരുന്നു പവലിയന്‍ നിര്‍മിച്ചത്. പെഡല്‍ ബോട്ടുകള്‍ എത്തുന്നതോടെ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കനാലിന്റെ മധ്യഭാഗത്തെ പവലിയന്റെ പണി ഇനിയും പൂര്‍ത്തിയാവേണ്ടതുണ്ട്. നാള്‍ക്കുനാള്‍ പായല്‍ കയറുന്നതിന് ശാശ്വതമായ പരിഹാരങ്ങള്‍ ഒന്നും കണ്ടെത്തുവാനോ അതിനുളള മാര്‍ഗങ്ങള്‍ ചെയ്യുവാനോ ബന്ധപ്പെട്ടവര്‍ക്കായിട്ടുമില്ല.എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരമായി 32 ലക്ഷം രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി സി എഫ് തോമസ് എംഎല്‍എ ഏതാനും ദിവസം മുമ്പ അറിയിച്ചിരുന്നു.നഗരത്തിലെമ്പാടുമുളള മുഴുവന്‍ മാലിന്യങ്ങളും കനാലില്‍ ഒഴുകിയെത്തുന്നതിനും ഇതോടെ പരിഹാരമാകും.ലക്ഷങ്ങള്‍ മുടക്കി പവലിയന്‍ നിര്‍മിച്ചുവെങ്കിലും പൊതുജനത്തെ ആകര്‍ഷിക്കന്‍ പാകത്തില്‍ കനാലില്‍ ഒന്നും സജ്ജീകരിച്ചിട്ടുമില്ല. ഇതിനാല്‍ പവലിയന്‍ സന്ദര്‍ശിക്കാനോ വൈകുന്നേരങ്ങളില്‍ അവിടെ സമയം ചെലവഴിക്കാനോ ആരും തയ്യാറാവുന്നുമില്ല. പെഡല്‍ ബോട്ടുകള്‍ എത്തുമെന്നു പ്രഖ്യാപിച്ചതൊഴിച്ചാല്‍ അവിടെ അവ എത്തിയിച്ചുമില്ല.ഈ സാഹചര്യത്തിലാണ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചുമതലയില്‍ മനയ്ക്കച്ചിറയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പുതിയ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ആരംഭിക്കാനുമായില്ല. അതിനാല്‍ ബഹുജനങ്ങളെ ആകര്‍ഷിക്കാനുള്ള മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തുവാനുള്ള നടപടികളാണ് അടിയന്തരമായി വേണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക