|    Jun 21 Thu, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തീരുമാനങ്ങള്‍ ഏറെ; നിയമനങ്ങള്‍ വേറെ

Published : 5th August 2017 | Posted By: fsq

 

എച്ച്  സുധീര്‍

അധികാരമോഹവും ഉദ്യോഗസ്ഥ തലപ്പത്തുനിന്നുള്ള ക്രമവിരുദ്ധ ഇടപെടലുകളുമാണ് കെഎസ്ആര്‍ടിസിയെ നഷ്ടക്കച്ചവടത്തിലേക്കു തള്ളിവിട്ടത്. കോര്‍പറേഷന്റെ തലപ്പത്ത് കാര്യക്ഷമതയും ഉയര്‍ന്ന യോഗ്യതയും ഗതാഗതമേഖലയെക്കുറിച്ച് പരിജ്ഞാനവുമുള്ളവരെ നിയമിക്കണമെന്ന് 2012 ഏപ്രില്‍ 4നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഈ മേഖലയെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്തവര്‍ താക്കോല്‍സ്ഥാനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നതു ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. എന്നാല്‍, ഈ തീരുമാനം ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമപ്രകാരം ഐഎഎസോ തത്തുല്യ യോഗ്യതയോ ഉള്ളവരാവണം കെഎസ്ആര്‍ടിസിയുടെ താക്കോല്‍സ്ഥാനങ്ങളില്‍ വരേണ്ടത്. മറ്റു സംസ്ഥാനങ്ങളെല്ലാം ഈ മാതൃക പിന്തുടരുമ്പോള്‍ കേരളത്തില്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ മാത്രമാണ് ഐഎഎസ് നിയമനം. നിലവില്‍ അഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇവരാണ് കോര്‍പറേഷന്റെ ഭാവി നിര്‍ണയിക്കുന്നതും. എന്നാല്‍, കണ്ടക്ടര്‍, മെക്കാനിക്ക് പദവികളില്‍നിന്നു സ്ഥാനക്കയറ്റം കിട്ടുന്നവരാണ് ഈ പദവികളിലുള്ളത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടെക്‌നിക്കല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെയിന്റനന്‍സ് ആന്റ് വര്‍ക്‌സ് എന്നിവര്‍ക്ക് മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബീല്‍ എന്‍ജിനീയറിങില്‍ ബിടെക് ബിരുദം വേണം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന് പ്രമുഖ സ്ഥാപനത്തില്‍നിന്ന് ഹ്യൂമന്‍ റിസോഴ്‌സില്‍ നേടിയ എംബിഎയാണ് കുറഞ്ഞ യോഗ്യത. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപറേഷന്‍സിന് എംബിഎയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിന് എംബിഎക്കൊപ്പം എല്‍എല്‍ബിയും യോഗ്യത നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം ഭരണതലത്തില്‍ മൂന്നുവര്‍ഷത്തെ പരിചയമെന്ന നിബന്ധനയും വച്ചു. ഇതില്‍ സുപ്രധാനം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപറേഷന്‍സ് തസ്തികയാണ്. ദിനംപ്രതിയുള്ള സര്‍വീസുകള്‍ നിയന്ത്രിക്കുക, പുതിയ സര്‍വീസുകളും ഡിപ്പോകളും തുടങ്ങാനുള്ള തീരുമാനമെടുക്കുക, വരുമാനം, ഡീസല്‍ ചെലവ് എന്നിവ നിരീക്ഷിക്കുക തുടങ്ങിയ ചുമതലകളാണ് ഈ തസ്തികയില്‍ കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍, ഈ തസ്തികയുടെ ചുമതല ചീഫ് ട്രാഫിക് മാനേജര്‍ക്കും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്റെ ചുമതല അക്കൗണ്ട്‌സ് മാനേജര്‍ക്കും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിന്റെ ചുമതല ചീഫ് ലോ ഓഫിസര്‍ക്കും നല്‍കിയാണ് കോര്‍പറേഷന്‍ ഏറെക്കാലം പ്രവര്‍ത്തിച്ചത്. കോര്‍പറേഷനിലെ വിജിലന്‍സ് വിഭാഗത്തിന്റെ ചുമതല വഹിക്കേണ്ട എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനം വൈകുന്നതിനെതിരേ ജീവനക്കാര്‍ അടുത്തിടെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. നിയമനം വൈകുന്നതോടെ കോര്‍പറേഷന്‍ തലപ്പത്ത് വന്‍ അഴിമതിയാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ പ്രത്യേക അന്വേഷണവിഭാഗത്തിനാണു പരാതി നല്‍കിയത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) തസ്തികയിലേക്ക് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഗതാഗതവകുപ്പ് നേരത്തേ ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. കെഎസ്ആര്‍ടിസിയിലെ പര്‍ച്ചേസ് ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ അഴിമതിയാരോപണം ഉയര്‍ന്നതോടെ പരിഹാരമെന്ന നിലയിലാണ് വിജിലന്‍സ് വിഭാഗം ആരംഭിച്ചത്. തുടക്കത്തില്‍  ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് പദവിയില്‍ നിയമിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടക്ടര്‍ തസ്തികയില്‍നിന്നു സ്ഥാനക്കയറ്റം ലഭിച്ചുവരുന്നവര്‍ ഈ പദവിയിലേക്കു കയറിക്കൂടുന്ന സാഹചര്യമാണ്. ഈ സമീപനം തുടര്‍ന്നതോടെ ബസ്സുകളുടെ ഷാസികളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ വീണ്ടും  ആരംഭിച്ചു. ഈ നിയമലംഘനത്തിനു തടയിടണമെങ്കില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) തസ്തികയില്‍ നിയമിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഗതാഗതവകുപ്പിനു നിര്‍ദേശവും നല്‍കി. അതേസമയം, ശമ്പളം നല്‍കാന്‍ പണമില്ലാതെ നട്ടംതിരിയുന്നതിനിടെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചതും വിവാദമായിട്ടുണ്ട്്. 75,000 മുതല്‍ ഒരുലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് ആറു വിഭാഗങ്ങളിലേക്കാണ് അടുത്തിടെ അപേക്ഷ ക്ഷണിച്ചത്. ശമ്പളം നല്‍കാന്‍ പണമില്ലെന്നു പറഞ്ഞ് 10 വര്‍ഷത്തിനു മുകളില്‍ സേവനപരിചയമുള്ള എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് ആഴ്ചകള്‍ക്കുള്ളിലാണ് കരാര്‍ നിയമന നടപടിയെന്നതും ശ്രദ്ധേയമാണ്. ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) എന്നീ സ്ഥാനങ്ങളിലേക്ക് 1.5 ലക്ഷം രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫിനാന്‍സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍, ഓപറേഷന്‍സ്, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ഒരുലക്ഷം രൂപ വീതവും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് 75,000 രൂപയുമാണ് വാഗ്ദാനം ചെയ്തത്. ജനറല്‍ മാനേജര്‍ക്ക് 15 വര്‍ഷവും മറ്റു തസ്തികകള്‍ക്ക് 10 വര്‍ഷവും പ്രവൃത്തിപരിചയം ആവശ്യമുള്ള തസ്തികകളില്‍ മൂന്നുവര്‍ഷത്തേക്കുമാണു നിയമനം.        (അവസാനിക്കുന്നില്ല) നാളെ: കടത്തില്‍ മുങ്ങി കോര്‍പറേഷന്‍; കരകയറാനാവാതെ…

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss