|    Dec 17 Sun, 2017 11:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീരസുരക്ഷ : മറൈന്‍ കേഡര്‍ പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും

Published : 15th July 2017 | Posted By: fsq

 

എന്‍   എ   ശിഹാബ്

തിരുവനന്തപുരം: കേരളത്തിന്റെ തീരസുരക്ഷ ഉറപ്പാക്കാന്‍ ‘മറൈന്‍ കേഡര്‍’ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷിച്ചു നടപ്പാവാതെപോയ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി സംബന്ധിച്ച കരട് തയ്യാറാക്കാന്‍ തീരുമാനമെടുത്തത്. കേരളത്തിന്റെ തീരസുരക്ഷ ഉറപ്പാക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഈ മാസം 5നു വ്യക്തമാക്കിയിരുന്നു. 2012ല്‍ പദ്ധതി നടപ്പാക്കാനൊരുങ്ങിയെങ്കിലും നേവി നിലപാട് തിരിച്ചടിയായി. കേരളത്തിനു പ്രത്യേക തീരപോലിസ് കേഡര്‍ വേണമെന്നായിരുന്നു നേവി നിലപാട്. ഇതോടെ നിലവിലുള്ള തീരദേശ പോലിസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2015ലും ഇത്തരമൊരു പദ്ധതിയുമായി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചെങ്കിലും നടപ്പായില്ല. മറൈന്‍ പോലിസ് ബറ്റാലിയന്‍ രൂപീകരിക്കാനായിരുന്നു തീരുമാനം. 1083 പേരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ബറ്റാലിയനില്‍ 50 ശതമാനം പേരെ സംസ്ഥാന മറൈന്‍ കേഡര്‍ വിഭാഗത്തില്‍ നിന്നും ബാക്കിയുള്ളവരെ ലോക്കല്‍ പോലിസില്‍ നിന്നും കണ്ടെത്താനും നിര്‍ദേശമുണ്ടായി. എന്നാല്‍, പദ്ധതി കടലാസിലൊതുങ്ങി. 17നു ചീഫ് സെക്രട്ടറിയും നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ‘മറൈന്‍ കേഡര്‍’ പദ്ധതി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലിസ് എന്നിവരുമായി സഹകരിച്ചാവും പുതിയ സേനയുടെ പ്രവര്‍ത്തനം. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ്, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മഞ്ചേശ്വരം മുതല്‍ പൂവാര്‍ വരെ 583 കിലോമീറ്റര്‍ കടല്‍ത്തീരത്തിന്റെ സംരക്ഷണം ഇപ്പോള്‍ കോസ്റ്റല്‍ പോലിസിന്റെ ചുമതലയാണ്.  സംസ്ഥാനത്ത് കോസ്റ്റല്‍ പോലിസിന്റെ നില പരിതാപകരമാണ്. നിലവില്‍ പോലിസ് സേനയില്‍ നിന്നുള്ളവരെയാണ് കോസ്റ്റല്‍ പോലിസിലേക്ക് നിയമിക്കുന്നത്. ജലസാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ പര്യാപ്തരല്ല. കൂടുതല്‍ ജീവനക്കാരെ വേണമെന്ന ഇവരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss