|    Dec 10 Mon, 2018 9:19 pm
FLASH NEWS

തീരദേശ മേഖലയില്‍ സമാധാനം ജില്ലാ ഭരണകൂടവും പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിക്കും

Published : 7th June 2018 | Posted By: kasim kzm

മലപ്പുറം: തീരദേശ മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടവും പോലിസും രാഷ്ടീയപ്പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കലക്ടറേറ്റില്‍ നടന്ന യോഗം തീരുമാനിച്ചു. തിരൂര്‍, താനൂര്‍ മേഖലയില്‍ ഇടയ്ക്കിടെയുണ്ടാവുന്ന രാഷട്രീയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമിടുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. തിരൂര്‍, താനൂര്‍ മേഖലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവായതോടെയാണ് സിപിഎം, ഐയുഎംഎല്‍ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വം മുന്‍കൈ എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സ്വമേധയാ മുന്നോട്ടുവന്നത്.
തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നേതാക്കള്‍ നേരത്തെ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.  ഇത്തരം യോഗങ്ങള്‍ക്കുശേഷം മേഖലയില്‍ രാഷട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് വലിയ നേട്ടമായി എന്നാണ് വിലയിരുത്തുന്നത്. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികള്‍ ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് പ്രസ്തുത മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിലയിരത്തും. വില്ലേജ് ഓഫിസറായിരിക്കും കമ്മിറ്റിയുടെ കണ്‍വീനര്‍. ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയും പോലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇതിനുപുറമെ പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കുന്നിനും സൗഹ്യദം ഉറപ്പിക്കുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ കൗണ്‍സലിങ് നടത്തും.
ഘട്ടം ഘട്ടമായി പ്രദേശത്തെ മുഴുവന്‍ ആളുകളിലും സമാധാന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കാംപയില്‍ നടത്തും. സാംസ്‌കാരിക സ്ഥാപനങ്ങളും ക്ലബ്ബുകളുമായി സഹകരിച്ച് കായിക മല്‍സരങ്ങളും കലാ പരിപാടികളും ഉണ്ടാവും.
മേഖലയിലെ ഫഌക്‌സുകളും കൊടിത്തോരണങ്ങളും നീക്കംചെയ്യുന്നിനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് കൊടികളോ തോരണങ്ങളോ വയ്ക്കുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിനു പുറമെ വൈദ്യുത പോസ്റ്റുകളില്‍ എഴുതുന്നതും ഡിവൈഡറുകളില്‍ കൊടി വയ്ക്കുന്നതും കര്‍ശനമായി തടയും. മേഖലയില്‍ മൂന്ന് മാസത്തിനകം സിസിടിവി സ്ഥാപിക്കുന്നതിന് നടപടി സ്വികരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരേ നിഷ്പക്ഷവും നീതിപൂര്‍വവുമായ നടപടി സ്വീകരിക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയില്‍ പോലിസ് ഓണ്‍ലൈന്‍ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ എഡിഎംവി രാമചന്ദ്രന്‍, ആര്‍ഡിഒ ജെ മോബി, ഡിവൈഎസ്പി ടി ബിജു ഭാസ്‌കര്‍, തഹസില്‍ദാര്‍ എം ഷാജഹാന്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ഇ എന്‍ മോഹന്‍ദാസ്, കുട്ടി അഹമ്മദ് കുട്ടി, ഇ ജയന്‍, അഡ്വ.യു എ ലത്തീഫ്, പി പി വാസുദേവന്‍. അഡ്വ.പി ഹംസക്കുട്ടി, എം പി അഷ്‌റഫ്, വെട്ടം ആലിക്കോയ, എം അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss