|    Feb 22 Wed, 2017 5:06 pm
FLASH NEWS

തീരദേശ മേഖലയില്‍ നിന്ന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് വഴി 20 കോടി രൂപയുടെ തട്ടിപ്പ്

Published : 28th November 2015 | Posted By: SMR

ചാവക്കാട്: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് വഴി തീരദേശ മേഖലയില്‍ വ്യാപക തട്ടിപ്പ്. സ്ത്രീകളടക്കമുള്ള നിരവധി പേര്‍ക്ക് പണം നഷ്ടമായി. തീരദേശ മേഖലയില്‍നിന്ന് മാത്രമായി 20 കോടി രൂപയാണ് വിവിധ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിയെടുത്തത്.
ചാവക്കാട്, ഒരുമനയൂര്‍, പുന്നയൂര്‍, അഞ്ചങ്ങാടി മേഖലകളില്‍ നിന്നു മാത്രമായി ആയിരത്തിലധികം പേരാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇവരില്‍ പലരും എണ്ണായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. തങ്ങള്‍ തട്ടിപ്പിനിരയായെന്നറിഞ്ഞതോടെ പലരും കമ്പനിയിലെ ഉന്നതരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
ബിസയര്‍ മാതൃകയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആര്‍എംയു (റിസോഴ്‌സ് മണി യൂണിറ്റ്)യാണ് മേഖലയില്‍ നിന്നും കൂടുതല്‍ പണം തട്ടിയെടുത്തിട്ടുള്ളത്. 5500 രൂപയായിരുന്നു ആര്‍എംയുവിലെ അംഗത്വ ഫീസ്. ഇത്രയും തുക അടച്ചശേഷം ഇടതും വലതുമായി രണ്ട് വീതം ആളുകളെ ചേര്‍ത്താല്‍ ആഴ്ച്ചയില്‍ 8000 രൂപ ചെക്കായി ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍എംയു ജനങ്ങളെ മണിചെയിന്‍ വലയില്‍ കുരുക്കിയത്.
ആര്‍എംയുവിന്റെ കണ്ണിയില്‍ ചേര്‍ന്ന് നല്ല ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഊട്ടി, കൊടൈക്കനാല്‍, ബാംഗഌര്‍, ഗോവ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിന് സൗജന്യ ടൂര്‍ പാക്കേജ്, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും, ആര്‍എംയുവിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനത്തിന് സൗജന്യ കമ്പ്യൂട്ടര്‍ പാക്കേജ് തുടങ്ങിയ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്.
ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയിരുന്നു. കൂടാതെ ആര്‍എംയുവിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അവകാശം നല്‍കി.
എളുപ്പത്തില്‍ എങ്ങനെ പണമുണ്ടാക്കാമെന്ന് ചിന്തിച്ച് തലപുകഞ്ഞു നടന്നവര്‍ക്കിടയിലേക്ക് കോട്ടും സ്യൂട്ടും ഷൂവുമൊക്കെ അണിഞ്ഞെത്തുന്ന എക്‌സിക്യൂട്ടീവ് വീരന്‍മാരെ വിട്ട് മണിചെയിനില്‍ കണ്ണികളാക്കി. കൂലിത്തൊഴിലാളികളായ സ്ത്രീകളെവരെ ആര്‍എംയു തട്ടിപ്പുസംഘങ്ങള്‍ വെറുതെ വിട്ടില്ല. അഭ്യസ്തവിദ്യരും ജോലിയും കൂലിയുമില്ലാതെ ചെറുപ്പക്കാരാണ് ആര്‍എംയുവിന്റെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും. മാനഹാനി ഭയന്ന് ആരും പരാതിപ്പെടാന്‍ തയ്യാറായില്ലെന്നതാണ് വാസ്തവം.
ഓട്ടോറിക്ഷ തൊഴിലാളി, മല്‍സ്യത്തൊഴിലാളികള്‍, ബസ് കണ്ടക്ടര്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരില്‍ പലരും കോടീശ്വരന്‍മാരായ കഥയൊക്കെയിറക്കിയാണ് ഇക്കൂട്ടര്‍ ആളുകളെ ചേര്‍ത്തത്. തട്ടിപ്പിനിരയായവര്‍ പണം തിരിച്ചു കിട്ടുന്നതിനായുള്ള വഴികള്‍ തേടുമ്പോള്‍ ഇതു സംബന്ധിച്ചുള്ള പരാതി സ്റ്റേഷനിലെത്തിക്കാതെ നോക്കാന്‍ കമ്പനിക്കാര്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക