|    Nov 16 Fri, 2018 9:16 pm
FLASH NEWS

തീരദേശ പോലിസ് സ്റ്റേഷന്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : 12th August 2018 | Posted By: kasim kzm

വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്— വടകര തീരദേശ പോലീസ് സ്‌റ്റേഷന്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. തീരദേശസുരക്ഷയ്ക്കും മറ്റും സഹായകരമായി അഴിത്തല സാന്‍ഡ്ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് നിര്‍മിച്ച സ്‌റ്റേഷന്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് തീരദേശത്തെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തീരദേശ സ്‌റ്റേഷനുകള്‍ കേന്ദ്രം അനുവദിച്ചപ്പോഴാണ് വടകരയിലും സ്‌റ്റേഷന്‍ കിട്ടിയത്. അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് വടകരയില്‍ തന്നെ സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്ന തീരുമാനമെടുത്തത്്. വടകര അഴിത്തലയില്‍ സാന്‍ഡ്ബാങ്ക്‌സ് ടൂറിസം കേന്ദ്രത്തിനു സമീപം റവന്യൂ വകുപ്പ് അനുവദിച്ച സ്ഥലത്താണ് 45 ലക്ഷം രൂപ ചിലവില്‍ സ്‌റ്റേഷന്‍ കെട്ടിടം പണിതത്. 2016 ജനുവരിയില്‍ തന്നെ കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.
ഈ സ്റ്റേഷനില്‍ ഒരുമാസം മുമ്പേ സ്‌റ്റേഷന്‍ ഓഫീസറായി കെ രാജേന്ദ്രനെ നിയോഗിച്ചിരുന്നു. കൂടാതെ ഒരുഎസ്‌ഐയെയും ഒരുഎഎസ്‌ഐയെയും അഞ്ചുസീനിയര്‍ പൊലീസ് ഓഫീസര്‍മാരെയും 11 സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. പത്തുപേരെ കൂടി വൈകാതെ നിയമിക്കും. മൊത്തം 29 തസ്തികകളാണുള്ളത്. സ്‌റ്റേഷന് ആവശ്യമായ ഒരു ജീപ്പും രണ്ടു മോട്ടോര്‍ ബൈക്കും ഒരു ബോട്ടും ലഭ്യമായി—ട്ടുണ്ട്.
സ്‌റ്റേഷന്‍ ആരംഭിക്കുന്നതോടെ വടക്കന്‍ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സിനും ഏറെ സഹായകമാവും. അഴിത്തല അഴിമുഖത്തില്‍ തോണി മറിഞ്ഞും മറ്റും അപകടങ്ങളുണ്ടാകുമ്പോള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് സൗകര്യം പോലുമില്ല. സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ ഇത്തരം ദുരിതങ്ങള്‍ക്കും പരിഹാരമാവും. മാത്രമല്ല തീരദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ക്രമസമാധാനപാലനത്തിലും പോലീസിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സ്‌റ്റേഷന്റെ പരിധി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജില്ലയിലെ മൊത്തം തീരദേശം ഈ സ്‌റ്റേഷന്റെ പരിധിയില്‍വരാനാണ് സാധ്യത.
തീരദേശ സ്‌റ്റേഷനായതിനാല്‍ കടലില്‍ തിരച്ചിലാനായി ഹൈസ്പീഡ് ബോട്ട് ഈ സ്‌റ്റേഷനിലുണ്ടാവും. എന്നാല്‍ ഈ ബോട്ട് നിര്‍ത്തിയിടാനുള്ള ജെട്ടി നിര്‍മ്മാണം സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനുള്ള നടപടികള്‍ തുടരുകയാണ്. സ്‌റ്റേഷന് തൊട്ടടുത്തുള്ള ഫിഷ്‌ലാന്‍ഡിങ് സെന്ററിനോട് ചേര്‍ന്നാണ് ജെട്ടി നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ രാജേന്ദ്രന്‍ പറഞ്ഞു. ഫിഷ് ലാന്‍ഡിങ് സെന്ററിനോട് ചേര്‍ന്നുള്ള റവന്യുവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമുണ്ട്.
ഇവിടെ ജെട്ടിനിര്‍മിക്കുന്നതിന് നഗരസഭാ അധികൃതരോടും റവന്യുവകുപ്പ് അധികൃതരുമായി ബന്ധപ്പെടും. നിലവില്‍ ഏഴുകിലോമീറ്റര്‍ ദൂരെയുള്ള ചോമ്പാല ഹാര്‍ബറിലാണ് ബോട്ട് അടുപ്പിക്കാനുള്ള അനുമതി ലഭിച്ചത്. അതേസമയം ചില കേന്ദ്രങ്ങള്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന്റെ പാതി ഭൂമി വിട്ടു നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത് പ്രദേശത്തെ മല്‍സ്യതൊഴിലാളികളില്‍ വലിയ പ്രതിഷേധത്തിന് കാരണമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss