|    Sep 22 Sat, 2018 11:52 pm
FLASH NEWS

തീരദേശ പരിപാലന നിയമം ലംഘിച്ച് വെളിയംകോട്ടെ റിസോര്‍ട്ട് നിര്‍മാണം

Published : 26th January 2017 | Posted By: fsq

 

പൊന്നാനി : വെളിയംകോട് തീരദേശ പരിപാലന  നിയമങ്ങള്‍ ലംഘിച്ച് വെളിയംകോട് കൂറ്റന്‍ റിസോര്‍ട്ട് പണിയുന്നത് വിവാദത്തിലേക്ക് . നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വെളിയംകോട് മേഖലാ കമ്മിറ്റി പദ്ധതി പ്രദേശത്ത് കൊടിനാട്ടി . പ്രകൃതിയെ നശിപ്പിച്ച് ഒരു കാരണവശാലും ഈ പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ നേതാക്കളായ നൗഫല്‍ , റഊഫ് ,ബിജു ,ജംഷാദ് തുടങ്ങിയവര്‍ പറഞ്ഞു . സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്ഥലത്ത് പൊന്നാനി തഹസില്‍ദാറും വെളിയംകോട് വില്ലേജ് ഓഫീസര്‍ ശിവദാസന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മേഖലയിലെ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി കണ്ടെത്തി .നിലവില്‍ പ്രോജക്ട് നിര്‍മിക്കാനുദ്ധേശിക്കുന്ന പ്രദേശം കയ്യേറ്റ ഭൂമിയാണെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് . ഇടത്തോടുകള്‍ വ്യാപകമായി മൂടിയതായും തഹസില്‍ ദാറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് .സ്ഥലത്ത് ഉടന്‍ റീസര്‍വ്വേ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു . പ്രകൃതിലോലമായ പ്രദേശങ്ങളെ മണ്ണിട്ട് മൂടിയും ഇടത്തോടുകളെ മണ്ണിട്ട് നികത്തിയുമാണ് റിസോര്‍ട്ട് പണിയാന്‍ ശ്രമിക്കുന്നതന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതോടെയാണ് പൊതുജനങ്ങള്‍ വിവരമറിയുന്നത് .ഇതോടെയാണ് വിഷയത്തില്‍ ഡി വൈ എഫ് ഐ ഇടപെട്ടത് . പുതുപൊന്നാനി പാലത്തിന് സമീപത്തായാണ് വെളിയംകോട് പഞ്ചായത്ത് പരിധിയിലാണ് പ്രകൃതി ദുര്‍ബലമായ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്നത് . വെളിയംകോട് പഞ്ചായത്തിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ സ്ഥലം പാട്ടത്തിനെടുത്താണ്  ഇപ്പോള്‍ മണ്ണിട്ട് നികത്തല്‍ ആരംഭിച്ചിട്ടുള്ളത്.നാട്ടുകാരോട് കമ്മ്യൂണിറ്റി ഹാള്‍ പണിയുന്നുവെന്നാണ് വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ റിസോര്‍ട്ടാണ് പണിയുന്നതെന്നാണ് പരാതി ശക്തമായിട്ടുള്ളത് .എക്കോപാര്‍ക്ക് എന്ന പേരിലാണ് റിസോര്‍ട്ട് വരുന്നത് .കണ്ടല്‍ക്കാടുകളും ഇടത്തോടുകളും ധാരാളമുള്ള ഈ പ്രദേശം മുഴുവന്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നതോടെ ഈ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് ഭീഷണിയും വര്‍ധിക്കും .പ്രദേശത്തെ ചില ഭൂമാഫിയകള്‍ ചേര്‍ന്നാണ് എക്കോ പാര്‍ക്ക് പണിയുന്നത്.അധികൃതരും ഈ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണം ശക്തമാണ്.ഇവിടെ എക്കോ പാര്‍ക്ക് നിര്‍മിക്കാനായി നിരവധി പ്രവാസികളില്‍ നിന്ന് ഷെയര്‍ പിരിച്ചു തുടങ്ങിയിട്ടുണ്ട്.വാര്‍ത്ത വന്നതോടെ പലരും പണം തിരിച്ചു ചോദിച്ചിരിക്കുകയാണ് .പദ്ധതിക്കെതിരെ നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാറിനും പൊന്നാനി സി ഐക്കും നിവേദനം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss