|    Apr 28 Fri, 2017 9:54 am
FLASH NEWS

തീരദേശ-ആദിവാസി ആരോഗ്യ സംരക്ഷണത്തിന് സമഗ്രപദ്ധതി

Published : 29th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ ആദിവാസി കോളനികളിലെയും തീരദേശ പ്രദേശങ്ങളിലെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ സമഗ്ര പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, നാഷനല്‍ ഹെ ല്‍ത്ത് മിഷന്‍, ഐടിഡിപി, ഫിഷറീസ് എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസി കോളനികളിലെയും തീരപ്രദേശങ്ങളിലെയും ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ സമ്പൂര്‍ണ ആരോഗ്യ സംരക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ ഓരോ മാസവും ഇവിടങ്ങളിലെത്തി ആവശ്യമായ പരിശോധനകളും മരുന്നുകളും ലഭ്യമാക്കും. ഇതിനായി പി കെ ശ്രീമതി എംപി അനുവദിച്ച മൂന്നു വാഹനങ്ങള്‍ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തും. വിദഗ്ധ പരിശോധനകളും ലബോറട്ടറി സേവനങ്ങളും ആവശ്യമുള്ള ഗര്‍ഭിണികളടക്കമുള്ളവരെ സൗകര്യപ്രദമായ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ച് ഇവ ലഭ്യമാക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പോഷകാഹാരലഭ്യത ഉറപ്പുവരുത്താനും ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങളും മരുന്നുകളുമടങ്ങിയ കിറ്റുകളും വിതരണം ചെയ്യും. ഓരോരുത്തരുടെയും ഭക്ഷണ ശീലങ്ങളും താല്‍പര്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇവ തയ്യാറാക്കി നല്‍കുക. സമൂഹത്തിലെ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നവരെന്ന നിലയില്‍ ഇവരുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതിയാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെയും തീരദേശവാസികളുടെയും ക്ഷേമത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ കൂടി ഏകോപിപ്പിച്ചാണ് ആരോഗ്യസുരക്ഷാ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, പി കെ ശ്രീമതി എംപിയുടെ പ്രതിനിധി കെ പി വേണുഗോപാലന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി മനോജ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ അജിത, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി കെ രാജന്‍, എന്‍എച്ച്എം പ്രതിനിധി ആഗ്നല്‍ ജോസഫ് പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day