|    Sep 19 Tue, 2017 7:08 pm
FLASH NEWS

തീരദേശത്ത് സമാധാനസന്ദേശവുമായി പോലിസിന്റെ സൈക്കിള്‍ റാലി

Published : 8th October 2016 | Posted By: Abbasali tf

തിരൂര്‍: സംഘര്‍ഷങ്ങളെ തുടര്‍ന്നു സമാധാന അന്തരീക്ഷം താറുമാറായ തിരൂര്‍ തീരദേശത്ത് പോലിസിന്റെ സമാധാന സന്ദേശ സൈക്കിള്‍ റാലി വേറിട്ടതായി. സമാധാനം ഉയരട്ടെ വാനോളം, മാനവമൈത്രി വളരട്ടെ നാടാകെ എന്ന സന്ദേശവുമായാണ് ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് ഇന്നലെ തീരദേശത്ത് റാലി നടത്തിയത്. രാവിലെ ഏഴോടെ താനൂര്‍ ഒട്ടുംപുറത്ത് നിന്ന് ആരംഭിച്ച റാലി പത്തരയോടെ പടിഞ്ഞാറെക്കരയില്‍ സമാപിച്ചു. ജില്ലാ പോലിസ് സൂപ്രണ്ടിന് പുറമേ ജില്ലയിലെ ഡിവൈഎസ്പിമാരായ എം പി മോഹനചന്ദ്രന്‍ നായര്‍, എ ജെ ബാബു, പി എം പ്രദീപ്, എന്‍ വി അബ്ദുല്‍ ഖാദര്‍, എസ് ടി സുരേഷ് കുമാര്‍, സികെ ബാബു എന്നിവരും ജില്ലയിലെ മുഴുവന്‍ സിഐമാര്‍, എസ്‌ഐമാരും അടങ്ങുന്ന അമ്പതോളം പോലിസുകാരാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്.  രാവിലെ ഏഴരയോടെ ഒട്ടുംപുറത്ത് പ്രാവിനെ പറത്തി ഫഌഗ് ഓഫ് ചെയ്ത റാലി ഉണ്ണ്യാല്‍, പറവണ്ണ, കൂട്ടായി തുടങ്ങിയ പ്രദേശത്ത് നിന്ന് സ്വീകരണം ഏറ്റുവാങ്ങിയാണ് പടിഞ്ഞാറെക്കരയില്‍ സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ജനപ്രതിനിധികളുമടങ്ങുന്ന വന്‍ ജനാവലിയാണ് സൈക്കിള്‍ റാലിയെ അഭിവാദ്യം ചെയ്തത്. തീരദേശത്ത് സമാധാനാന്തരീക്ഷം നിലനില്‍ക്കണമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സൈക്കിള്‍ റാലി ദര്‍ശിക്കാനെത്തിയവരുടെ വാക്കുകള്‍. തിരൂര്‍ പറവണ്ണയില്‍ നടന്ന സ്വീകരണ യോഗം മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പി മെഹറുന്നീസ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായിയില്‍ നടന്ന സ്വീകരണം സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. മംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ത്താഫ് ഹുൈസന്‍, ബ്ലോക്ക് മെമ്പര്‍ ഷുക്കൂര്‍ പങ്കെടുത്തു. പടിഞ്ഞാറെക്കരയില്‍ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നസ്‌റുള്ള, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക