|    Oct 22 Mon, 2018 8:16 pm
FLASH NEWS

തീരദേശത്ത് സംഘര്‍ഷം തുടരുന്നു; മുപ്പത്തിനാലിലധികം വീടുകള്‍ തകര്‍ത്തു

Published : 23rd August 2016 | Posted By: SMR

തിരൂര്‍: ഉണ്യാല്‍, പറവണ്ണ തീരദേശ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. തീരപ്രദേശമായ ഉണ്ണ്യാലില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ വ്യാപക അക്രമമാണ് നടന്നത്. ഇരു വിഭാഗങ്ങളില്‍പ്പെട്ട പ്രവര്‍ത്തകരുടെ 34 വീടുകളും മൂന്ന് വാഹനങ്ങളും തകര്‍ത്തു. പത്തോളം വീടുകളും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അക്രമത്തിന്റെ മറവില്‍ വ്യാപക കൊള്ളയും മുതല്‍ നശിപ്പിക്കലും നടന്നതായും പരാതിയുണ്ട്. അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകള്‍ മെഡിക്കല്‍ കോളജിലും താലൂക്ക് ആശുപത്രിയിലുമായി ചികില്‍സയില്‍  കഴിയുകയാണ്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്ഥലത്ത് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടേതും അനുഭാവികളുടേതുമായി 22 വീടുകള്‍ തകര്‍ക്കപ്പെടുകയും ഒരു സ്‌കൂട്ടര്‍, രണ്ട് ബൈക്ക്  എന്നിവ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
സിപിഐഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടേതുമായി 12 വീടുകളും ഒരു ഓട്ടോറിക്ഷ, ബൈക്ക് എന്നിവയാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ട് സിപിഎം പ്രവര്‍ത്തകരുടെ വീടും കടകളും തകര്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ച സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഈ അക്രമി സംഘം പോലിസ് സംഘത്തിനു നേരെയും അക്രമം അഴിച്ചു വിടുകയായിരുന്നു.  ഡിവൈഎസ്പി എസ്‌ഐ അടക്കമുള്ള അഞ്ച് പോലിസുകാര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും പോലിസുകാര്‍ ഇവിടെ നിന്നു മടങ്ങേണ്ടി വരികയും ചെയ്തു. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് പോലിസ് സംഘം മടങ്ങിയതിന് പിന്നാലെയാണ് ഇരു വിഭാഗവും സംഘടിച്ച് വ്യാപക അക്രമം അഴിച്ച് വിട്ടത്.  കമ്മുട്ടകത്ത് കുഞ്ഞിമോന്റെ വീട്ടിലെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ നൂറോളം വരുന്ന അക്രമി സംഘം അലമാര കുത്തിത്തുറന്ന് നാലു പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു.
ബീരിച്ചന്റെ പുരക്കല്‍ ഉമ്മുകുല്‍സുവിന്റെ വീട്ടിലെ വാതില്‍ പൊളി കൊണ്ടുപോവുകയും അലമാരയില്‍ സൂക്ഷിച്ച ഇരുപതിനായിരം രൂപ കവര്‍ച്ച ചെയ്യുകയും ചെയ്തു. അയല്‍വാസികളായ സിപിഎമ്മുകാരാണ് അക്രമത്തിന് പിന്നിലെന്നും വാളുകൊണ്ടാണ് അലമാര കുത്തിത്തുറന്നതെന്നും ഇവര്‍ പറഞ്ഞു. നിര്‍മാണ നടക്കുന്ന വീടുകളിലെ ഗ്രാനൈറ്റും മറ്റു പ്ലംമ്പിങ് ഉപകരണങ്ങളും നശിപ്പിക്കുകയും കിണറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ കോട്ടിലകത്ത് സമീറ(35)നെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഉണ്ണ്യാല്‍ സ്വദേശി പള്ളിക്കല്‍ ഹംസക്കുട്ടിയുടെ ഭാര്യ സഫിയ (45)യെ  തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഉണ്ണ്യാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തീരദേശ മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. എസ്പി ദേബേശ്കുമാര്‍ ബെഹ്‌റ അക്രമപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സിഐമാരായ എം കെ ഷാജി, എം അലവി, എസ്‌ഐമാരായ വിനോദ്, കെ ആര്‍ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.  വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ താനൂര്‍ പോലിസ് 10കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പോലിസിനെ ആക്രമിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരേ കേസ്
തിരൂര്‍: പറവണ്ണ ആലിന്‍ചുവട് ഞായറാഴ്ച വൈകിട്ട് തിരൂര്‍ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പോലിസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.   പോലിസിനെ ആക്രമിച്ചതിന് തേവര്‍കടപ്പുറം കൊണ്ടരന്റെ പുരക്കല്‍ യൂനസ് (37),ഉണ്ണിയാല്‍ ആലിഹാജിന്റെ പുരക്കല്‍ മൊയ്തീന്‍കുട്ടിയുടെ  മകന്‍ നൗഫല്‍ (25), ആലിഹാജിന്റെ പുരക്കല്‍ ഹംസക്കുട്ടിയുടെ മകന്‍ അമീര്‍ (24), പറവണ്ണ അരയന്റെ പുരക്കല്‍ അസറുദ്ദീന്‍ (20) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന മലപ്പുറം നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ വൈദ്യപരിശോധനക്കു ശേഷം തിരൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ആക്രമണത്തില്‍ പരിക്കേറ്റ തിരൂര്‍ ഡിവൈഎസ്പി കെ വി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു വെട്ടംപഞ്ചായത്തില്‍പെട്ട ആലിന്‍ചുവട് ഭാഗത്ത് പോലിസ് സംഘത്തെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉണ്യാല്‍ ജ്ഞാനപ്രഭ സ്‌കൂള്‍ പരിസരത്ത് സിപിഎം പ്രവര്‍ത്തകന്റെ കട തകര്‍ത്ത ലീഗുകാരെ തേടി ഇവിടെയെത്തിയതിനിടെയായിരുന്നു ആക്രമണമെന്ന് പോലിസ് പറഞ്ഞു.  ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ആയുധവുമായെത്തിയെ ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നെന്ന് പോലിസുകാര്‍ പറഞ്ഞു.
അക്രമത്തില്‍ ഡിവൈഎസ്പി കെ വി സന്തോഷിന്റെ മുഖത്തും കൈക്കും കല്ലേറില്‍ ഗുരുതര പരിക്കേറ്റിരുന്നു. താനൂര്‍ എസ്‌ഐ സുമേഷ് സുധാകറിന് വലത്തെ കാലിനും പോലീസുകാരന്‍ അലോഷ്യസിന് മുഖത്തുമാണ് പരിക്കേറ്റത്. എആര്‍ ക്യാംപിലെ പോലിസുകാരായ ഡി കെ മനു, എ മനോജ് പ്രകാശം എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ പോലിസുകാര്‍ ചികില്‍സയില്‍ കഴിയുകയാണ്. പോലിസിനെ അക്രമിച്ച കേസില്‍ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും വീടുകളില്‍ റെയ്ഡ് ശക്തമാക്കുമെന്നും തിരൂര്‍ സിഐ എംകെ ഷാജി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss