|    Nov 15 Thu, 2018 7:21 am
FLASH NEWS

തീരദേശത്ത് കടല്‍ക്ഷോഭം രൂക്ഷം: വീടുകളില്‍ വെള്ളംകയറി

Published : 14th July 2018 | Posted By: kasim kzm

വടകര: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വടകര മേഖലയിലെ തീരദേശത്ത് കടല്‍ക്ഷോഭം രൂക്ഷമായി. കഴിഞ്ഞ ദിവസം മുതലാണ് കടല്‍ ശക്തമായ രീതിയില്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. താഴെഅങ്ങാടി ആവിക്കല്‍ മുതല്‍ അഴിത്തല വരെയുളള തീരദേശത്താണ് കടല്‍ ക്ഷോഭം ഉണ്ടായത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെളളം കയറി. പല വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലും, റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശത്തെ പാണ്ടികശാല വളപ്പില്‍ നഫ്‌നാസ് എന്നയാളുടെ വീട്ടില്‍ വെളളം കഴറി വൈദ്യുതി കണക്ഷനുള്ള മീറ്റര്‍ ബോക്‌സ് കത്തുകയും, ഇതേ തുടര്‍ന്ന് വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മറ്റു ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
തോട്ടുങ്ങല്‍ ബീവി, കൊയിലോത്ത് മൈമു, ആവിക്കല്‍ കുനുമാച്ച, ചെറിയ പടന്‍ സറീന, വീരഞ്ചേരി ആസിയ, മുട്ടത്ത് സൈന, ചെറുവത്ത് സുനീര്‍, തരക്കാരത്തി സുബൈദ, പഴയപുരയില്‍ ഹംസ, തട്ടാന്‍കണ്ടി സാദിഖ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പാണ്ടികശാല വളപ്പിലെ ചുങ്കം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നതാണ് കടല്‍ക്ഷോഭം രൂക്ഷമാവുന്ന സമയങ്ങളില്‍ വെള്ളം കരയിലേക്ക് കയറാന്‍ കാരണമായിരിക്കുന്നത്. അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, കുരിയാടി, ചോറോട്, മുട്ടുങ്ങല്‍ തുടങ്ങിയ തീരദേശങ്ങളിലാണ് കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഭീതിയോടെയാണ് ജനങ്ങള്‍ താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ആവശ്യത്തിന്. എല്ലാ വര്‍ഷങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാവുന്ന സമയങ്ങളിലും, തിരഞ്ഞെടുപ്പ് വേളകളിലും ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വന്ന് കടല്‍ഭിത്ത നിര്‍മ്മിക്കാനാവശ്യമായ നടപടിയെടുക്കും എന്ന് പറയുകയല്ലാതെ ഒരു നടപടിയും ഇതുവരെ കൈകൊള്ളാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. ശക്തമായ കടല്‍ ക്ഷോഭം ഉണ്ടാവുന്ന സമയങ്ങളില്‍ തിരമാലകള്‍ വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളില്‍ സ്ഥാപിച്ച ഭിത്തിയാകട്ടെ തകരുകയും, പല കല്ലുകളും മണ്ണിനടിയിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലങ്ങലില്‍ തന്നെ കനത്ത രീതിയില്‍ കടലാക്രമണം നേരിട്ട പ്രദേശങ്ങളാണ്. കടലിനടുത്ത് താമസിക്കുന്ന പലരും രാത്രികാലങ്ങളില്‍ വളരെ ഭയാജനകമായ അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായ സാഹചര്യങ്ങളില്‍ പ്രദേശവാസികള്‍ ഒന്നടങ്കം പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.
അപ്പോഴൊക്കെ പ്രദേശത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രശ്‌നം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്നും വേണ്ട പരിഹാരം കാണാമെന്നും പറഞ്ഞ് പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാറാണ് പതിവ്. അതേസമയം ഗുരുതരമായ പ്രശ്‌നം ഉടലെടുത്തിട്ടും ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടിണ്ട്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് ബാങ്കിന് വേണ്ടിയുള്ള പ്രസ്താവനകളിലും, വാഗ്ദാനങ്ങളിലും ഒതുങ്ങുകയല്ലാതെ ദുരിതമനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss