|    Jun 24 Sun, 2018 5:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തീരം പിടിച്ചടക്കാന്‍ സിപിഎമ്മും മണ്ണൊലിപ്പ് തടയാന്‍ ലീഗും

Published : 18th March 2017 | Posted By: fsq

 

വി ഹമീദ് പരപ്പനങ്ങാടി

തീരദേശം പൂര്‍ണമായും അരിവാള്‍പ്പിടിയിലൊതുക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങുമ്പോള്‍ കാലിനടിയിലെ ഉള്ള മണ്ണുകൂടി ഒലിച്ചുപോവാതിരിക്കാന്‍ മുസ്‌ലിംലീഗും രംഗത്തിറങ്ങുന്നു. അതോടെ താനൂര്‍ കടപ്പുറം കുരുതിക്കളമാവുന്നു. പരപ്പനങ്ങാടി പൂരപ്പുഴയുടെ തെക്കുഭാഗം മുതല്‍ ഉണ്ണ്യാല്‍ വരെ നീണ്ടുകിടക്കുന്ന തീരം. പട്ടിണിയും കടല്‍ക്ഷോഭവും അരങ്ങുവാണിരുന്നപ്പോള്‍ ഉള്ള അന്നവും സ്‌നേഹവും പങ്കുവച്ച് അന്തിയുറങ്ങിയ തീരദേശ മക്കളുടെ മനസ്സിലേക്ക് അശാന്തി പടര്‍ത്തി അവിടം കലാപഭൂമിയാക്കി മാറ്റി.

ഇതാണ് താനൂര്‍ തീരം. ഇന്ന് ഒരു വീട്ടിലും പുഞ്ചിരി പൊഴിയുന്ന മുഖങ്ങളില്ല. പരിസരം മുഴുവന്‍ സായുധ പോലിസ്. പരസ്പരം തകര്‍ത്തും തീ കൊളുത്തിയും രസിച്ച അവശിഷ്ടങ്ങളാല്‍ ദുരിതം വിളിച്ചോതുന്നു കോര്‍മന്‍ കടപ്പുറവും ചാപ്പപടിയും. താനൂരില്‍ ഉണ്ണ്യാലും കോര്‍മന്‍ കടപ്പുറവും എന്നും പ്രശ്‌നബാധിത പ്രദേശങ്ങളാണ്. ഇപ്പോള്‍ ഉടലെടുത്ത സംഘര്‍ഷത്തിനു കാരണം ബൈക്കില്‍ യാത്ര ചെയ്ത സിപിഎം പ്രവര്‍ത്തകനെ മുസ്‌ലിംലീഗുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണത്രേ. കഴിഞ്ഞ 10ാം തിയ്യതി ചുവന്ന തുണി വീശി ബൈക്കില്‍ യാത്ര ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ ലീഗ് കേന്ദ്രത്തിലെത്തി അറുക്കുമെന്ന് ആംഗ്യം കാണിച്ചു.

ജോലി കഴിഞ്ഞു വരുമ്പോള്‍ ഇയാളെ സംഘം ചേര്‍ന്ന് ചിലര്‍ ആക്രമിച്ചു. ഇതാണ് നീണ്ട ഇടവേളയ്ക്കു ശേഷം കോര്‍മന്‍ കടപ്പുറവും ചാപ്പപടിയും സംഘര്‍ഷമേഖലയാവാന്‍ കാരണം. നേരത്തേ ചെറിയതോതിലുണ്ടായിരുന്ന രാഷ്ട്രീയ അസ്വാസ്ഥ്യങ്ങള്‍ രമ്യതയിലെത്തിക്കാനും മറ്റും സര്‍വകക്ഷിസംഘങ്ങളും പോലിസും ചേര്‍ന്നു രൂപീകരിച്ച നല്ല പ്രവര്‍ത്തനങ്ങളെ തകിടംമറിച്ചുകൊണ്ടാണ് അക്രമം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണ പൊതുയോഗം നടക്കുന്നതിനിടയിലേക്ക് മുസ്‌ലിംലീഗ് പ്രചാരണവാഹനം പാഞ്ഞുവന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനു പരിക്കേറ്റ സംഭവം നേരത്തെ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു. തുടര്‍ന്നാണ് എല്ലാവരെയും ഉള്‍പ്പെടുത്തി സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ 12ാം തിയ്യതി രാത്രിയോടെ സംഘര്‍ഷം വീണ്ടും വ്യാപിച്ചു. മുസ്‌ലിംലീഗ് കേന്ദ്രങ്ങളില്‍ താമസിക്കുന്ന പ്രബല സുന്നി വിഭാഗത്തിലെ പ്രവര്‍ത്തകരും സിപിഎം അനുഭാവികളുമായ ആളുകളുടെ വീടുകള്‍ തകര്‍ത്ത് മുസ്‌ലിംലീഗ് രസിക്കുമ്പോള്‍ വളരെ ചിട്ടയോടെ ലീഗ് കേന്ദ്രങ്ങളില്‍ വച്ചുതന്നെ അവരുടെ വീടും വാഹനങ്ങളും തകര്‍ത്ത് സിപിഎം കലാപത്തിനു വീറും വാശിയും കൂട്ടി. എന്നും ഭരണകക്ഷികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരുന്ന പോലിസ് തുടക്കത്തില്‍ സിപിഎം ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇതു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നതിനു വഴിയൊരുക്കി. ഇത്തരം സംഭവങ്ങളെച്ചൊല്ലി പോലിസിനെതിരേ തിരിഞ്ഞ ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തി പക തീര്‍ത്തു. സംഭവസമയം ഇരുട്ടുവീണതോടെ ശക്തമായ കല്ലേറും അരങ്ങേറി. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. താനൂര്‍ സിഐ അലവി, എസ്‌ഐ സുധേക്കര്‍ എന്നിവര്‍ക്കു നേരെ കടുത്ത ആക്രമണം നടന്നു. ഇവരുടെ കൈയും കാലും അക്രമികള്‍ ഒടിച്ചു. ഇതോടെ ഹാലിളകിയ പോലിസ് അക്രമികളെയും കടത്തിവെട്ടി മുന്നേറി. തീരദേശ റോഡിന്റെ ഇരുഭാഗത്തെയും വീടുകളുടെ ജനാലച്ചില്ലുകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു. റോഡരികിലുണ്ടായിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു. ചിലേടത്ത് മറിച്ചിട്ടു. ഭരണകക്ഷിയോട് അനുകൂല മനോഭാവമുണ്ടായിരുന്ന പോലിസ് ഇരുകൂട്ടരെയും ആക്രമിക്കുന്നതിലേക്കു വഴിമാറി. പുലര്‍ച്ചെ വരെ അക്രമം നീണ്ടുനിന്നു. അവസാനം അക്രമിക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഗ്രനേഡടക്കം പ്രയോഗിക്കേണ്ടിവന്നു. അക്രമം അടിച്ചമര്‍ത്തല്‍ മാത്രമായിരുന്നില്ല, സ്വയംപ്രതിരോധം കൂടിയായിമാറി പോലിസിന്റെ ജോലി. സിപിഎമ്മും ലീഗും പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ഒരു സംഘം വീടുകള്‍ തകര്‍ക്കുമ്പോള്‍ മറുവിഭാഗം വാഹനങ്ങളും മല്‍സ്യബന്ധന സാമഗ്രികളും കത്തിച്ചും തകര്‍ത്തും മുന്നേറി. സ്ത്രീകള്‍ വീടുകളില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞു കൈക്കുഞ്ഞുങ്ങളുമായി രക്ഷപ്പെട്ടു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ തകര്‍ത്തും അഗ്നിക്കിരയാക്കിയും നശിപ്പിക്കപ്പെട്ട വീടുകളും വസ്തുക്കളും കണ്ട് അവര്‍ അലമുറയിട്ടു. മുന്നൂറു കുടുംബങ്ങളാണ് ഇതോടെ വഴിയാധാരമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പഴയ കോണ്‍ഗ്രസ് നേതാവിന്റെ വിജയം സിപിഎം ചേരികളില്‍ ആത്മധൈര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ പ്രബല സുന്നി വിഭാഗത്തെ ഒപ്പം ചേര്‍ത്ത് കരുക്കള്‍ തീര്‍ക്കുമ്പോള്‍ പ്രതിക്രിയയെന്നോണം പ്രതിരോധം തീര്‍ക്കാന്‍ മുസ്‌ലിംലീഗ് പാടുപെടുന്നു. 17ഉം 18ഉം വയസ്സുള്ള യുവാക്കളെയാണ് ഇതിനായി ഇരുകൂട്ടരും ഉപയോഗിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഒരേ മനസ്സായിരുന്നു ഈ കടലിന്റെ മക്കള്‍ക്കുണ്ടായിരുന്നത്. ഇതിനു വിള്ളല്‍ വീഴ്ത്താന്‍ നടത്തിയ ശ്രമം ഇന്നു വിജയംകണ്ടിരിക്കുന്നു.

ഭാഗം രണ്ട് :

ക്രമസമാധാനപാലകര്‍ അക്രമികളാവുമ്പോള്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss