|    May 26 Fri, 2017 7:23 am
FLASH NEWS

തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം വിദഗ്ധ സംഘം പരിശോധിച്ചു

Published : 24th September 2016 | Posted By: SMR

തിരൂര്‍: നവീകരിച്ച തിരൂര്‍ രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം തദ്ദേശ ഭരണ വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി.
നവീകരണ പ്രവൃത്തിയില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഭരണസമിതി സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. ആവശ്യം പരിഗണിച്ച് വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയില്‍ അപാകതകള്‍ കണ്ടെത്താനായില്ലെന്നും അന്തിമ റിപോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്നും തദ്ദേശവകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ആര്‍ സജികുമാര്‍ പറഞ്ഞു. അപാകതയുണ്ടെങ്കില്‍ പരിഹരിക്കാവുന്നതാണെന്നും സ്റ്റേഡിയം നഗരസഭക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി മമ്മുട്ടി എംഎല്‍എ മുന്‍ കൈയെടുത്താണ് സ്റ്റേഡിയം നവീകരിച്ചത്.
അംഗീകൃത ലേ ഔട്ടില്‍ നിന്ന് വ്യതിചലിച്ചാണ് സ്റ്റേഡിയം നവീകരിച്ചതെന്നാരോപിച്ച് നവീകരിച്ച സ്റ്റേഡിയം നഗരസഭ ഏറ്റെടുത്തിരുന്നില്ല. കിഴക്കു ഭാഗത്ത് നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ച ഗാലറി പടിഞ്ഞാറു ഭാഗത്താണ് നിര്‍മിച്ചതെന്നും ആറുവരി സിന്തറ്റിക് ട്രാക്ക് മാത്രമേ നിര്‍മിച്ചിട്ടുള്ളൂവെന്നും, എട്ടുവരി സിന്തറ്റിക് ട്രാക്കാണ് ആവശ്യം, നിര്‍മാണത്തിലെ അപാകത മൂലം ട്രാക്ക് തകരുന്നുവെന്നും ട്രാക്കില്‍ വെള്ളം കെട്ടി നില്‍ക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. സാധാരണ രീതിയില്‍ എല്ലായിടത്തും പടിഞ്ഞാറു വശത്താണ് ഗാലറി നിര്‍മിക്കാറ്. വൈകുന്നേരങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുകയെന്നതിനാല്‍ സൂര്യപ്രകാശത്തിന്റെ തടസ്സമില്ലാതെ മല്‍സരം കാണാന്‍ സഹായകമാവും.
സംസ്ഥാനതല മല്‍സരങ്ങള്‍ വരെ നടത്താന്‍ ആറുവരി ട്രാക്ക് മതിയാവും. ദേശീയ മീറ്റുകള്‍ക്കാണ് എട്ടുവരി ട്രാക്കുക ള്‍ ആവശ്യം. ട്രാക്കുകള്‍ വര്‍ധിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ സൗകര്യമുണ്ട്. രണ്ടു ട്രാക്കു കുറഞ്ഞത് മല്‍സരങ്ങളില്‍ ഒരു ഹീറ്റ്‌സ് അധികം നടത്തിയാല്‍ പ്രശ്‌നം പരിക്കാവുന്നതാണെന്ന് പരിശോധനക്കെത്തിയ വിദഗ്ധ സംഘാംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ടെക്‌നിക്കല്‍ അംഗവും ട്രാക്ക് എക്‌സ്‌പേര്‍ട്ടുമായ പഴനിയാര്‍ പിള്ള വ്യക്തമാക്കി. ആവശ്യമായ നിര്‍ദേശങ്ങളും റിപോര്‍ട്ടില്‍ സൂചിപ്പിക്കും.
ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഓഫിസിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ഐ കൃഷ്ണകുമാര്‍, അസി. എന്‍ജിനീയര്‍മാരായ കെ എ ഗീതാകൃഷ് ണന്‍, എം സി രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ട്. സ്റ്റേഡിയം നവീകരണം നടത്തിയ സില്‍ക്കിന്റെ സീനിയര്‍ മാനേജര്‍ സുരാസനന്‍, സീനിയര്‍ എന്‍ജിനീയര്‍ കെ സി ചാക്കോച്ചന്‍, അസി. എന്‍ജിനീയര്‍ സുഭാഷ് എന്നിവരും സന്നിഹിതരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day