|    Nov 20 Mon, 2017 2:57 pm
FLASH NEWS

തിരൂര്‍ മുനിസിപ്പല്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയില്‍ വിഭാഗീയത

Published : 29th November 2016 | Posted By: SMR

തിരൂര്‍: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരൂര്‍ മുന്‍സിപ്പല്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത യോഗത്തില്‍ നിന്നും മതിയായ പ്രാധിനിധ്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട ഒരു വിഭാഗം ഇറങ്ങിപ്പോയി. ഇന്നലെ കുഞ്ഞുഹാജി സൗധത്തില്‍ നടന്ന യോഗത്തിലാണ് തിരൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ സി ഹുസൈന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇറങ്ങിപ്പോയത്. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി കീഴേടത്ത് ഇബ്രാഹിം ഹാജിയേയും സെക്രട്ടറിയായി നിലവിലുള്ള എ സൈതാലിക്കുട്ടിയേയും ഖജാഞ്ചിയായി കെ കെ സലാം മാസ്റ്ററേയും തിരഞ്ഞെടുത്തിരുന്നു. കൂടാതെ നാലുവീതം വൈസ് പ്രസിഡന്റുമാരേയും ജോ.സെക്രട്ടറിമാരേയും തിരഞ്ഞെടുത്തിട്ടുണ്ട്. തിരൂരില്‍ കുറേകാലമായി മുസ്്‌ലിംലീഗിലെ വിഭാഗീയത രൂക്ഷമാണ്. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഹുസൈന്റേയും നിലവിലുള്ള മുസ്്‌ലിംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി സൈതാലിക്കുട്ടിയുടേയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളാണ് തിരൂരിലെ പാര്‍ട്ടിയിലുള്ളത്. ഈ വിഭാഗീയതയാണ് കഴിഞ്ഞ നഗരസഭാ ഭരണം ലീഗിന് നഷ്ടപ്പെടുത്തിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അഭിപ്രായമുണ്ട്. ഹുസൈന്‍ ഗ്രൂപ്പില്‍ നിന്നുമുള്ള അഞ്ചുപേരെയാണ് ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മറുപക്ഷത്ത് നിന്നും ഏഴു പേരും ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഭാരവാഹി പ്രഖ്യാപനം നടന്ന ഉടനെ കെ പി ഹുസൈന്‍, സി എം അലിഹാജി, കെ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇറങ്ങിപ്പോയത്. ഭാരവാഹികളായി വിവിധ പാനലുകള്‍ വന്നതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍മാര്‍ സമവായ ചര്‍ച്ച നടത്തി പുതിയ പട്ടിക പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ നഗരസഭ ചെയര്‍മാന്‍ കണ്ടാത്ത് കുഞ്ഞിപ്പ, കൗണ്‍സിലര്‍ കല്‍പ ബാവ എന്നിവര്‍ക്കൊന്നും കമ്മിറ്റിയില്‍ ഇടം കിട്ടിയില്ല. പ്രമുഖ നേതാവ് വി പി ഉമ്മര്‍ ലീഗ്അംഗത്വം പുതുക്കിയിട്ടില്ല. നഗരസഭയിലെ ലീഗില്‍ രണ്ടു പക്ഷം വന്നതോടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ജീവമായിട്ടുണ്ട്. വിഭാഗീയത രൂക്ഷമായതോടെ മൂന്നാം ചേരി ഉണ്ടാക്കാനുള്ള ശ്രമവും ചിലര്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍സിപ്പല്‍ കമ്മിറ്റിയിലെ വിഭാഗീയത വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. കാല്‍ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്ന എംഎല്‍എ സി മമ്മുട്ടി ഇത്തവണ 7000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതും പാര്‍ട്ടിയുടെ വിഭാഗീയതയുടെ ഫലമാണെന്നാണു പലരുടേയും വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക