|    Oct 18 Wed, 2017 2:20 am
FLASH NEWS

തിരൂര്‍ ത്വരിഖത്തിലെ ശിക്ഷാവിധി; കൂടുതല്‍ പരാതികളുമായി കുടുംബങ്ങള്‍

Published : 5th August 2016 | Posted By: SMR

കോതമംഗലം: കഴിഞ്ഞ ദിവസം ത്വരീഖത്തുകാരനായ ഭര്‍ത്താവിന്റെ മര്‍ദ്ദനങ്ങള്‍ക്കിരയായി അവശയായ യുവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്ത് വന്നതോടെ പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്.
കഴിഞ്ഞ ദിവസം അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊട്ടകപ്പിള്ളി ഇസ്മായിലിന്റെ ഭാര്യ താഹിറയുടെ മൊഴിയിലൂടെയാണ് പീഡനങ്ങളുടെ ചിത്രം വെളിച്ചത്ത് വരുന്നത്. തീരൂര്‍ കേന്ദ്രീകരിച്ചുള്ള ത്വരിഖത്തില്‍ അംഗങ്ങളായവര്‍ വീട്ടില്‍ നടപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രാകൃതവും ഏറെ വിചിത്രവുമാണ്.
ചെരുപ്പ് തലയില്‍ വയ്ക്കുക, എന്നിട്ട് വീടിന് ചുറ്റും ഓടാന്‍ നിര്‍ദേശിക്കുക, ഓടുന്നതിനിടയില്‍ കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനനുസരിച്ച് ചൂരലിന് പ്രഹരിക്കുക, ചൂരല്‍, ചട്ടകം എന്നിവ ഉപയോഗിച്ച് കാല്‍ വെള്ളയില്‍ അടിക്കുക , പ്ലയര്‍ ഉപയോഗിച്ച് വിരലുകള്‍ക്കിടയില്‍ അമര്‍ത്തുക തുടങ്ങി ശിക്ഷാവിധികളാണ് നടപ്പാക്കുന്നത്. തിരൂരിലുള്ള ശൈഖിന്റെ നിര്‍ദേശപ്രകാരമാണ് ശിക്ഷാവിധികള്‍ നടപ്പാക്കുന്നത്. അനുസരണക്കേട് കാണിച്ച ഭാര്യയെ ചെരുപ്പ് തലയില്‍ വച്ച് നടത്തിക്കുകയും ചൂരലിനടിക്കുകയും ചെയ്തത് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. ഇവര്‍ക്കെതിരേ പരസ്യ പരാതിയുമായി ആരും രംഗത്ത് വരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കുടുംബ പ്രശ്‌നങ്ങളായും അയല്‍പക്ക തര്‍ക്കങ്ങളായും കേസുകള്‍ അവസാനിക്കുകയായിരുന്നു.
നിസാരകാരണങ്ങളുടെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പനിയും അസുഖങ്ങളും കാരണം സുഖമില്ലാതിരുന്ന തന്നെ ബുധനാഴ്ച രാവിലേയും ചൂരലും ചട്ടകവും ഉപയോഗിച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതോടെ പിതാവിന്റെയും ബന്ധുക്കളുടെയും സഹായത്തോടെ ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു. താഹിറയുടെ കേസ് പോലിസില്‍ എത്തിയതോടെയാണ് ഇത്തരം പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും കഥകള്‍ പുറത്ത് വരുന്നത്. മക്കളെ വല വീശിപ്പിടിച്ച് തന്റെ കുടുംബം തിരൂര്‍ സ്വദേശി ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്ന് നെല്ലിക്കുഴി കീടത്തുംകുടി അബ്ബാസ്. സംഘടനയുടെ പ്രവര്‍ത്തകരായ മൂത്ത മകന്‍ അന്‍സിലിലും സഹോദരന്‍ അനൂപും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ് ആലുവ റുറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വിദേശത്ത് ജയിലില്‍ കിടക്കുന്ന മകന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന് വിശ്വാസിപ്പിച്ച് ശൈഖിനെ കാണാന്‍ എത്തിച്ച സ്ത്രീകളോട് ഇയാള്‍ അപമര്യാദയായി പെരുമാറിയതായി പരാതിയുമായി സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കേസുകള്‍ നിസാരവല്‍ക്കരിച്ച് ഒത്തുതീര്‍പ്പിനുള്ള സമര്‍ദ്ദങ്ങളും അരങ്ങേറുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക