|    Jan 18 Wed, 2017 11:20 am
FLASH NEWS

തിരൂര്‍ എംഇഎസ് സ്‌കൂള്‍ നാളെ തുറക്കും

Published : 10th July 2016 | Posted By: SMR

തിരൂര്‍:ഫീസ് വര്‍ധനവിനെതിരായ രക്ഷിതാക്കളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു പൂട്ടിയിരുന്ന തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ നാളെ തുറക്കും. ഇന്നലെ കോഴിക്കോട് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും സമരസമിതി ഭാരവാഹികളും പിടിഎംഎ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്‌കൂള്‍ തുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം നേരത്തെ നിര്‍ദേശിച്ചിരുന്ന 15 ശതമാനം ഫീസ് വര്‍ധനയ്ക്കു പകരം 10 ശതമാനം വര്‍ധനമാത്രമാണ് നടപ്പില്‍ വരുത്തുക. തുടര്‍ വര്‍ഷങ്ങളില്‍ ഫീസ് വര്‍ധന തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫസല്‍ഗഫൂര്‍ ഉറപ്പുനല്‍കി. അധികമുള്ള അധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ചും അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ചും സൗജന്യ വിദ്യാഭ്യാസ പദ്ധതികള്‍ പുനപരിശോധിച്ചും വന്‍ നിക്ഷേപം സ്വീകരിച്ചുള്ള ഫീസ് ഇളവ് നിര്‍ത്തലാക്കിയും ഫീസ് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ ധാരണയായി. സമര സമിതി മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെല്ലാം എംഇഎസ് നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചതിലെ അനിശ്ചിതത്വം നീങ്ങിയത്. ഫീസ് വര്‍ധനയ്‌ക്കെതിരെ രക്ഷിതാക്കള്‍ നിവേദനം നല്‍കുകയും ചെയര്‍മാനെയും സെക്രട്ടറിയെയും അഞ്ചുമണിക്കൂറോളം ഘരാവോ ചെയ്യുകയും ചെയ്തിരുന്നു.
സാമൂഹിക പ്രവര്‍ത്തകരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ മാനേജ്‌മെന്റ് ലംഘിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഫീസ് വര്‍ധനയ്‌ക്കെതിരേ രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധത്തെ ഇല്ലാതാക്കുന്നതിനുവേണ്ടി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പിടിഎംഎ കമ്മിറ്റിയുടെ പോലും അനുവാദം വാങ്ങാതെ സ്‌കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയില്‍ സമരസമിതി നേതാക്കളായ കെ മോയിന്‍ബാബു, ഗണേഷ് വടേരി, പി ടി റിയാദ്, ലത്തീഫ് കണ്ടാത്ത്, പിടിഎംഎ പ്രസിഡന്റ് അഡ്വ. വിക്രം കുമാര്‍, വൈസ് പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല, എക്‌സി.കമ്മിറ്റി അംഗം പ്രേമചന്ദ്രന്‍, സ്‌കൂള്‍ സംരക്ഷണ സമിതി ഭാരവാഹികളായ കെ അന്‍വര്‍ സാദത്ത്, അബ്ദുസലാം, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കെ ഷാഫി ഹാജി, മധ്യസ്ഥരായ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി നസറുല്ല, സി എം ടി മസൂദ്, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക