|    Dec 11 Tue, 2018 12:38 pm
FLASH NEWS

തിരൂര്‍ എംഇഎസ് സ്‌കൂളിലെ തറ താഴ്ന്ന ക്ലാസുകളുള്ള കെട്ടിടത്തിലെ പഠനം ഉപേക്ഷിച്ചു

Published : 16th September 2018 | Posted By: kasim kzm

തിരൂര്‍: തറ താഴുകയും ഭിത്തിയില്‍ വിള്ളലുണ്ടാവുകയും ചെയ്തതിനെ ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായ തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ ക്ലാസ് മുറികളുള്ള കെട്ടിടത്തിലെ പഠനം പൂര്‍ണമായും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം അടിയന്തിരമായി വിൡച്ചു ചേര്‍ത്ത പിടിഎംഎ കമ്മിറ്റിയുടേതാണ് തീരുമാനം. 15 ക്ലാസ് മുറികളുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ഔദ്യോഗിക ഏജന്‍സി കെട്ടിടം വിശദമായി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെ ഈ കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിദ്യാര്‍ഥികളുടെ പഠനത്തിനുവേണ്ട ബദല്‍ സംവിധാനങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കണ്ടെത്തേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചതുപ്പുനിലത്ത് ആവശ്യമായ അളവില്‍ പൈലിങ് നടത്താതെ ധൃതിപിടിച്ച് നഗരസഭയില്‍നിന്ന് അനുവാദം പോലും വാങ്ങാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചതാണ് തറ താഴാനും ഭിത്തി വിള്ളാനും കാരണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് 25 ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടം തിരൂര്‍ ആര്‍ഡിഒ വിദഗ്ധ സമിതിയുടെ അഭിപ്രായത്തിനു ശേഷം അടച്ചുപൂട്ടിയിരുന്നു. ഇതോടെ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ നാല്‍പതോളം ക്ലാസ് മുറികളാണ് ഉപയോഗ ശൂന്യമായിരിക്കുന്നത്. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍സ്‌കൂളിലെ സംഭവ വികാസങ്ങളറിഞ്ഞ് എംഇഎസ് സംസ്ഥാന ജന. സെക്രട്ടറി പ്രഫ. പി ഒ ജെ ലബ്ബ സ്‌കൂള്‍ സന്ദര്‍ശിച്ച് അപകട ഭീഷണി നേരിടുന്ന കെട്ടിടം നേരില്‍കാണുകയുണ്ടായി.
റിട്ട. ചീഫ് എന്‍ജിനീയര്‍ ചെങ്ങന്നൂര്‍ ഹനീഫയുടെ നേതൃത്വത്തിലുള്ള എംഇഎസ് പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗവും സ്‌കൂള്‍ സന്ദര്‍ശിച്ചു. അടിയന്തിര പിടിഎംഎ യോഗത്തില്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ പി മോയിന്‍കുട്ടി, സ്‌കൂള്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ ശരീഫ്, പ്രിന്‍സിപ്പാള്‍ ജെയ്‌മെന്‍ മലേക്കുടി, ഡോ. ഫവാസ് മുസ്തഫ, സി പി ഷുക്കൂര്‍, സഹീര്‍ ഇ ല്ലത്ത്, പി എ റഷീദ്, ചെറുതോട്ടത്തില്‍ മമ്മി, കെ അബ്ദുല്‍ ജലീല്‍, പിടിഎംഎ പ്രതിനിധിക ളായ എ കെ മുഹമ്മദ് ബഷീര്‍, ഫൈസല്‍ കാടേങ്ങല്‍, തസ്‌നി കൂട്ടായി, നിസാം, കെ യാസിര്‍, കെ എം സുഹറ, ലിയാഖത്ത് പയ്യനങ്ങാടി, പി വി അബ്ദുല്‍നാസര്‍, വൈസ് പ്രിന്‍സിപ്പല്‍ മധുസൂദനന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss