|    Mar 23 Thu, 2017 11:52 pm
FLASH NEWS

തിരൂരില്‍ മൂവായിരം കുട്ടികള്‍ ഡിഫ്തീരിയ ഭീഷണിയില്‍

Published : 11th July 2016 | Posted By: SMR

തിരൂര്‍: നഗരസഭാ പരിധിയില്‍ മൂവ്വായിരത്തിലേറെ കുട്ടികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. നഗരസഭയിലെ നിരവധി കുട്ടികള്‍ ഇതിനാല്‍ തന്നെ ഈ മാരകരോഗത്തിനു കീഴടങ്ങി ജീവഹാനി സംഭവിച്ചേക്കാമെന്ന് അപായ സൂചനയാണ് ഇതു നല്‍കുന്നത്. ഇത്രയധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ രക്ഷിതാക്കളെ ബലിയാടാക്കി രക്ഷപ്പെടാനാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശ്രമിക്കുന്നത്.
ഈ നീക്കം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രതിരോധ മരുന്നിനായി എത്തിയ അമ്മമാരെയും കുട്ടികളെയും കഴിഞ്ഞ വര്‍ഷം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കുത്തിവയ്പ് നല്‍കാതെ മടക്കി അയച്ച സംഭവങ്ങളില്‍ പരാതികള്‍ ഏറി വരികയാണ്. അലംഭാവം കാട്ടുന്ന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാത്ത ആരോഗ്യവകുപ്പിന്റെ അന്വേഷണ പ്രഹസനങ്ങള്‍ രംഗം കൂടുതല്‍ വഷളാക്കും. തിരൂര്‍ നഗരസഭയില്‍ പ്രതിരോധകുത്തിവയ്പ് പരിപാടികളില്‍ ഗുരുതര വീഴ്ച വരുത്തിയ ജീവനക്കാരനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും ശിക്ഷാ നടപടികളെടുക്കാതെ റിപോര്‍ട്ട് ഡിഎംഒ ഓഫിസില്‍പൂഴ്ത്തിവച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഡിഫ്തീരിയ പ്രതിരോധകുത്തിവയ്പ് മരുന്ന് കഴിഞ്ഞവര്‍ഷം, മതിയായി ശീതീകരിച്ച സംവിധാനങ്ങളിലല്ലാതെ ഓഫിസില്‍ കൂട്ടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ് ഉപയോഗിച്ചതിനാല്‍ ഈ കുത്തിവയ്‌പെടുത്തവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത പോലും ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. അന്നുതന്നെ ഇക്കാര്യത്തില്‍ പരാതിയുയര്‍ന്നിരുന്നെങ്കിലും ആശുപത്രിയിലെ ഉത്തരവാദപ്പെട്ടവര്‍ പ്രശ്‌നം ഒതുക്കിതീര്‍ക്കുകയായിരുന്നു.
ദേശീയ പരിപാടിയായ പ്രതിരോധകുത്തിവെയ്പിന്റെ നടത്തിപ്പിന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തന്നെ യഥേഷ്ടം ഫണ്ടുള്ളപ്പോള്‍ നഗരസഭയെക്കൂടി പങ്കെടുപ്പിച്ച് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള നഗരസഭാ ഫണ്ടും ചില ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ നഗരസഭയെക്കൂടി ഉള്‍പ്പെടുത്തി നടന്ന വാക്‌സിനേഷന്‍ പരിപാടി ഇത്തരത്തിലുള്ളതാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടോ നഗരസഭാ ചെയര്‍മാനോ അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭയുടെ എല്ലാ ഭാഗത്തും കൃത്യമായും സമയബന്ധിതമായും ഡിഫ്തീരിയ പ്രതിരോധകുത്തിവയ്പ് ജീവനക്കാര്‍ നടത്തുന്നുണ്ടെന്നുറപ്പുവരുത്താന്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ ശ്രദ്ധിച്ചാല്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നതു തടയാനാവും. സംസ്ഥാനത്തെ എല്ലാ നഗരസഭകളെയും ഡിഫ്തീരിയ മുക്തമാക്കാന്‍ ആരോഗ്യവകുപ്പ് പദ്ധതി ആവിഷ്‌കരിക്കുമ്പോഴാണ് തിരൂര്‍ നഗരസഭയില്‍ മൂവ്വായിരത്തിലധികം കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കിയിട്ടില്ലെന്ന കണ്ടെത്തലുണ്ടായിട്ടുള്ളത്. ഇതിനെതിരേ മനുഷ്യാവകാശ, ബാലാവകാശ, വനിതാ കമ്മീഷനുകള്‍ക്ക് പരാതി നല്‍കാന്‍ ആരോഗ്യ-സാമൂഹിക സംഘടനകള്‍ തയ്യാറെടുക്കുകയാണ്. മാരകരോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവയ്പിന്റെ കാര്യങ്ങളില്‍ ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ഓഫിസര്‍മാര്‍ കുറേക്കാലമായി കനത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ ഉയരുന്ന പരാതികളില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഈ അലസത ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും ഒരുവിഭാഗം ജീവനക്കാര്‍ പറയുന്നു.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക