തിരൂര്‍: തിരൂര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ താവളമാകുന്നു. തിരൂര്‍ ആസ്ഥാനമാക്കി തെക്കുംമുറി, ബിപി അങ്ങാടി, പാറശ്ശേരി, കോലുപാലം, ആലിങ്ങല്‍, താനൂര്‍, പരപ്പനങ്ങാടി ചെട്ടിപ്പടി കേന്ദ്രീകരിച്ച് എട്ടിലധികം സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.—പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈസംഘങ്ങള്ക്ക് ചില പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ടവരുമാണ് നേതൃത്വം നല്‍കുന്നത്. തിരൂര്‍ തെക്കുംമുറിയിലാണ് ഇവരുടെ സ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷന് പരിസരമാണ് ഈ സംഘങ്ങളുടെ വിഹാരകേന്ദ്രം. തിരൂര്‍ പോലിസ് സ്റ്റേഷനിലേക്ക് വരുന്നതും കോടതികളില്‍ കയറിയതുമായ പല കേസുകളിലും ഇവര്‍ ഇടപെടുന്നുണ്ട്. സ്വത്തു തര്‍ക്കം, വഴിത്തര്‍ക്കം, കുടുംബത്തര്‍ക്കം, സാമ്പത്തിക ഇടപാടുകള്‍, അടിപിടികള്‍ തുടങ്ങിയ മുഴുവന്‍ കേസുകളിലും സംഘത്തിന്റെ ഇടപെലുകളുണ്ട്. സ്റ്റേഷനിലെത്തുന്ന പല കേസുകളും ഒത്തുതീര്‍പ്പാക്കാന്‍ സംഘം ഇടപെടും.—ചില പോലിസുകാരാണ് സ്റ്റേഷനിലെത്തുന്ന കേസുകള്‍ സംഘത്തിനെത്തിക്കുന്നത്.—വന്‍ തുക ഈടാക്കി മസില്‍പവര്‍ ഉപയോഗിച്ചാണ് സംഘം കേസുകള്കൈകാര്യം ചെയ്യുന്നത്. തുകയുടെ നിശ്ചിത ശതമാനം സഹായികള്ക്കാണ്.—വലിയസാമ്പത്തിക പശ്ചാത്തലമില്ലാത്ത സംഘവും സംഘാംഗങ്ങളും ആഢംബര വാഹനങ്ങളിലാണ് യാത്ര.—ആര്‍ഭാടത്തോടെ ജീവിക്കുന്നവരുമാണ്. ജോലി ചെയ്യാതെ അസാന്മാര്ഗ ജീവിതം നയിക്കുന്ന ഒരു പറ്റം യുവാക്കളെയാണ് സംഘം ഉപയോഗപ്പെടുത്തുന്നത്. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു ഓപ്പറേഷന് ഇവര്‍ക്ക് കൂലി. കേസിന്റെ അവസ്ഥക്കനുസരിച്ച് സംഘത്തിലെ അംഗബലം വ്യത്യസ്തമാക്കും.—സംഘത്തെ വിളിച്ചു ചേര്‍ത്ത് നേതൃത്വം ഓപറേഷന് പ്ലാന്‍ ചെയ്യും.—കൃത്യം നിര്‍വഹിച്ചാല്‍ അംഗങ്ങള്‍ക്ക് പണം ഉടന്‍ കൈമാറും.തിരൂരിലെ ചില പ്രമുഖ ഹോട്ടലുകളിലും സംഘത്തിന്റെ ആസ്ഥാനത്തും വച്ചാണ് ഓപ്പറേഷന് പ്ലാന്‍ ചെയ്യന്നത്.—മസില് പവറുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ് സംഘത്തിലുള്ളത്.ജിംനേഷ്യം മേഖലകളില്‍ നിന്നുള്ളവരാണ് അധികപേരും. സംഘം നടത്തുന്ന ആക്രമണങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാനും പരമാവധി കേസുകള്‍ സ്റ്റേഷനിലെത്താതിരിക്കാനും ക്വട്ടേഷന്‍ നേതൃത്വം ഇടപെടും.—അതിനാല്‍ സംഘാംഗങ്ങള്‍ സംതൃപ്തരാണ്.10ലധികം പേര് പങ്കെടുത്ത ആക്രമണങ്ങളില്‍ പോലും പരമാവധി മൂന്നു പേര്‍മാത്രമാണ് പിടിക്കപ്പെടാറുള്ളൂ. അത് ക്വട്ടേഷന്‍ സംഘത്തിന്റെ സ്വാധീനമാണ് വെളിപ്പെടുത്തുന്നത്. രണ്ടാഴ്ച മുമ്പ് തിരൂര്‍ പോലിസ് ലൈനിലെ കുഴിപ്പയില്‍ അബ്ദുല്‍ ഖാദര്ഹാജിയെയും കുടുംബത്തെയും വീട്ടില്‍ കയറി അക്രമിക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍, സ്കൂട്ടര്‍, ചെടിച്ചട്ടികള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചിരുന്നു. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി നിര്‍ത്തിയിട്ട വാഹനം അല്‍പ്പം മാറ്റിയിടാന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് വഴിവെച്ചത്.—10 അംഗ സംഘമാണ് അക്രമം നടത്തിയതെങ്കിലും കേസില്‍ മുല്ലശ്ശേരിയകത്ത് ഷാനിബ്, ഷിബിന്‍ എന്നീ രണ്ടുപേര്‍ മാത്രമാണ് പിടിയിലായത്.—2015 സെപ്തംബര്‍ 12ന് ബിപി അങ്ങാടി ബൈപാസ് റോഡിലെ ഹോട്ടലുടമ പറവണ്ണ കാരവളപ്പില് ഷബീറിനെ കടയടക്കുമ്പോള്‍ ക്വട്ടേഷന്‍ സംഘം അക്രമിച്ചിരുന്നു.—കേസില്‍ മുട്ടിയാനകത്ത് മൊയ്തീന് കുട്ടി,പടാട്ടില്‍പടി കൃഷ്ണകുമാര്‍, തിരുടിയില്‍ ജാഫര്‍,പുതുവീട്ടില്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ പിടിക്കപ്പെട്ടിരുന്നു.ഷബീറും മൊയ്തീന്‍കുട്ടിയും തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ 50000 രൂപനല്‍കി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പരാതി. ഈ കേസുകളില്‍ കാര്യമായ അന്വേഷണം നടത്തിയാല്‍ തിരൂരിലെ ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് സൂചന.എന്നാല്‍ അത്തരത്തില്‍ ഒരന്വേഷണം നടന്നിട്ടില്ല.ക്വട്ടേഷന്‍ അക്രമ കേസുകള്‍ നിരവധിയുണ്ടായിട്ടും ക്വട്ടേഷന്‍ സംഘം തിരൂരില്‍ സൈ്വര്യവിഹാരം നടത്തുന്നത് പോലിസിലെ ചിലരുടെ ആശീര്വാദത്തോടെയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.