|    Jan 18 Wed, 2017 11:44 pm
FLASH NEWS

തിരൂരില്‍ ഇരു മുന്നണികളും പ്രചാരണച്ചൂടില്‍

Published : 6th April 2016 | Posted By: SMR

തിരൂര്‍: തിരൂര്‍ മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രചാരണച്ചൂടില്‍. യുഡിഎഫ് സ്ഥാനാര്‍ഥി സി മമ്മുട്ടി രണ്ടു ഘട്ട പ്രചരണം പൂര്‍ത്തിയാക്കി പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ മുതിര്‍ന്ന പൗരന്മാരെ കണ്ട് ആശീര്‍വാദങ്ങള്‍ വാങ്ങിയാണ് മമ്മുട്ടി തന്റെ പ്രചരണത്തിന് തുടക്കമിട്ടത്.
തുടര്‍ന്ന് പഞ്ചായത്ത് മണ്ഡലം തല യുഡിഎഫ് നേതാക്കളെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം മണ്ഡലം യൂഡിഎഫ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കി.ഇപ്പോള്‍ കുടുംബയോഗങ്ങളുടെ തിരക്കിലാണ്. ഇടതു സ്ഥാനാര്‍ത്ഥി പന്നിക്കണ്ടത്തില്‍ അബ്ദുല്‍ ഗഫൂര്‍ എന്ന ഗഫൂര്‍ പി ലില്ലീസ് മുതിര്‍ന്നവരേയും കുടുംബവീടുകള്‍ സന്ദര്‍ശിച്ചുമാണ് പ്രചരണം തുടങ്ങിയത്. പഞ്ചായത്ത്തല എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇന്നാണ് മണ്ഡലം കണ്‍വന്‍ഷന്‍.സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതാണ് ഇടതു സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന്റെ വേഗതക്കുറവിന് കാരണം. സ്ഥാനാര്‍ത്ഥി സ്വതന്ത്രനായതിനാല്‍ ചിഹ്നം അനുവദിച്ചു കിട്ടാത്തതും പ്രയാസമായിട്ടുണ്ട്. എന്നാല്‍ ഇന്ന് നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനോടെ പ്രചരണം കൊഴുക്കും.
ചെറു പാര്‍ട്ടികളുടെ സാന്നിധ്യമാണ് തിരൂര്‍ മണ്ഡലത്തില്‍ ഇരു മുന്നണികളേയും അങ്കലാപ്പിലാക്കുന്നത്. അതിന്റെ സ്വാധീനം ഏറ്റവും ബാധിക്കുക ഇടതു മുന്നണിയെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിജെപി തുടങ്ങിയ പാര്‍ട്ടികളാണ് മല്‍സര രംഗത്തുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടി ആദ്യമായാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ തവണ പിഡിപിയും മല്‍സരിച്ചിരുന്നില്ല. ഇരു പാര്‍ട്ടികള്‍ക്കും സ്വന്തം സ്ഥാനാര്‍ഥിയുള്ളതിനാല്‍ വോട്ടുകള്‍ ചോരുന്നത് ഇടതു മുന്നണിക്കാണ്. എസ്ഡിപിഐ യുടെ സാന്നിധ്യം യുഡിഎഫിനെയാണ് കാര്യമായി ബാധിക്കുകയെന്നാണ് നിഗമനം. എസ്എന്‍ഡിപി, ബിജെപി സഖ്യമുന്നണി സ്ഥാനാര്‍ത്ഥിപിടിക്കുന്ന വോട്ടുകള്‍ ഇരു മുന്നണികളേയും ബാധിക്കും.
1957 മുതല്‍ നടന്ന 13 തിരെഞ്ഞെടുപ്പുകളില്‍ 12 തവണയും തിരൂരിലെ വിജയം ലീഗിനൊപ്പമായിരുന്നു. അതാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം പകരുന്നത്. 2006 ല്‍ മാത്രമാണ് ഇവിടെ ഇടതിന് വിജയിക്കാനായത്. എന്നാല്‍ 2011 ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി മമ്മുട്ടി 23506 വോട്ടിന് വിജയിച്ചെങ്കിലും തുടര്‍ന്നു നടന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ഏഴായിരമായി കുറയുകയും പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 4718ലേക്ക് കുത്തനെ താഴുകയും ചെയ്തു. അത് യുഡിഎഫിനെ ആശങ്കയിലാക്കുകയും ഇടതിന് ആശ നല്‍കുകയും ചെയ്യുന്നുണ്ട്.
വെട്ടം ഉള്‍പ്പടെയുള്ള പഞ്ചായത്തുകളിലെ സിപിഎം സിപിഐ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഇടതിനേയും തിരുനാവായ ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ലീഗ് ബന്ധങ്ങളിലെ ഉലച്ചിലുകളും ഇരു മുന്നണികളേയും ഒരേ പോലെ ഭയപ്പെടുത്തുന്നുണ്ട്. സ്ത്രീ വോട്ടര്‍മാരിലും യുവ വോട്ടര്‍മാരിലുമാണ് ഇരു മുന്നണികളും പ്രതീക്ഷയര്‍പ്പിക്കുന്നത്.
അവരുടെ വോട്ടുകള്‍ അനുകൂലമാക്കലാണ് ഇരു സ്ഥാനാര്‍ത്ഥികളുടേയും പരിശ്രമം. അതിനായി വിദ്യാലയങ്ങളും മരണ കല്ലാണ വീടുകളും ഉല്‍സവപ്പറമ്പുകളും വരെ സ്ഥാനാര്‍ഥികള്‍ കയറിയിറങ്ങുകയാണ്. കുടുംബയോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക