|    Jul 22 Sun, 2018 9:56 am
FLASH NEWS

തിരുവല്ല ഫെസ്റ്റ്-2017 ശ്രദ്ധേയമാവുന്നു

Published : 22nd September 2017 | Posted By: fsq

 

തിരുവല്ല: വിസ്മയ കാഴ്ചയോടെ തിരുവല്ല ഫെസ്റ്റ് മുന്നേറ്റം തുടരുന്നു. മഴ ശമിച്ചതോടെ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റ്-2017 ആസ്വദിക്കാന്‍ വന്‍ ജനപ്രവാഹമാണുള്ളത്. വിവിധ വര്‍ണങ്ങളിലുള്ള വിദേശ ഇനം വളര്‍ത്തുപക്ഷികള്‍, അപൂര്‍വ ഇനം ജീവികള്‍ ഇവയൊക്കെയാണ് ഏറെ ആകര്‍ഷകമാവുന്നത്. അപ്പു എന്ന ഓമന വിളിപ്പേരുള്ള ആഫ്രിക്കന്‍ മെക്കാവോ തത്തയാണ് വളര്‍ത്തു പക്ഷികളില്‍ താരം. പെറ്റ് ഷോ പവലിയനില്‍ അപ്പുവിന്റ കൂടിന് സമീപം കുട്ടികളും മുതിര്‍ന്നവരും ഒട്ടേറെ സമയം ആസ്വാദകരാണ്. അപ്പു കുട്ടികളുമായി കൊഞ്ചിക്കുഴയുന്നതും കാണികളെ നോക്കി ഹലോ പറയുന്നതും ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ കൂടിനുള്ളില്‍ ഊഞ്ഞാല്‍ ആടുന്നതും കൗതുകകരമായ കാഴ്ചയാണ്. അതു കാരണം അപ്പുവിനോട് ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കാനും തിരക്കാണ്. മഴവില്ലിന്റെ ഏഴ് വര്‍ണങ്ങളുള്ള തൂവലുകളോടെ കണ്ണഞ്ചിപ്പിക്കുന്ന അപ്പു ജനമനസ്സുകളെ കീഴടുക്കുന്നു. പഴവര്‍ഗങ്ങളും പരിപ്പ് വര്‍ഗത്തിലെ ഡ്രൈ ഫ്രൂട്ട്‌സുകളുമാണ് അപ്പുവിന്റെ ഇഷ്ട ഭോജനം. കൂടാതെ പതിനഞ്ചില്‍ പരം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അനേകം അലങ്കാര കോഴികള്‍, പ്രാവുകള്‍, മറ്റ് അലങ്കാര പക്ഷികള്‍ ഒക്കെയാണ് ആകര്‍ഷകമായി ഫെസ്റ്റിലുള്ളത്.ദിനോസര്‍ വര്‍ഗത്തില്‍പ്പെട്ട മെക്‌സിക്കന്‍ ഇഗ്വാന എന്ന അപൂര്‍വ്വ ഓന്തും കാണികള്‍ക്ക് കുളിര്‍മ പകരുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് അറിവ് പകരുന്നതിനായി പാലക്കാട് നിന്നും ഒരു പറ്റം കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളായ ജൈവ പച്ചക്കറികളുടെയും കാര്‍ഷിക ചെടികളുടെയും വിത്തുകളും തൈകളും  പ്രദര്‍ശിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് വിലക്കുറവില്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ റോബോട്ടിക് ആനിമല്‍ എക്‌സ്‌പോയും ഫെസ്റ്റില്‍ സജ്ജമാക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ പ്രത്യേക കിഡ്‌സ് സോണും ഒരുക്കിയിരിക്കുന്നു. അടുത്തമാസം രണ്ടിന് അവസാനിക്കുന്ന ഫെസ്റ്റില്‍ രാവിലെ 11 മുതലാണ് പ്രവേശനം നല്‍കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss