|    May 23 Wed, 2018 10:25 am
FLASH NEWS

തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക്; സിപിഎം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: യുഡിഎഫ്

Published : 2nd October 2016 | Posted By: SMR

പത്തനംതിട്ട: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തെ നിയമപരമായും രാഷ്ട്രീയയമായും നേരിടുമെന്ന് ബാങ്ക് പ്രസിഡന്റ് കെ ജയവര്‍മ്മ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം റെജി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി നവംബര്‍ 11ന് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീരുമാനം ജൂലൈ മാസത്തില്‍ ഭരണസമിതി എടുത്തിട്ടുള്ളതാണ്.
ഈ തീരുമാനം പത്തനംതിട്ട ജോ.  രജിസ്ട്രാര്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിരസിച്ചത്.
തുടര്‍ന്ന് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ഹരജി ഫയല്‍ ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ ഏഴിന് വന്ന അന്തിമ ഉത്തരവിലൂടെ തിരഞ്ഞെടുപ്പ് നടപടികള്‍ ഈ മാസം 10ന് മുമ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍  എട്ടിന് തിരഞ്ഞെടുപ്പ് നടത്താന്‍ വിഞ്ജാപനം പുറപ്പെടുവിച്ചു.
എന്നാല്‍ ഈ വിഞ്ജാപനം ഇലക്ടറല്‍ ഓഫിസറായ തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. പ്രാഥമിക വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ട സെപ്റ്റംബര്‍ 10ന് സിപിഎം നേതാവ് അജയകുമാറിന്റെ നേതൃത്വത്തില്‍ 40 ഓളം ആളുകള്‍ ബാങ്ക് ഹെഡ് ഓഫീസില്‍ അതിക്രമിച്ച് കടക്കുകയും ജനറല്‍ മാനേജരേയും മറ്റ് ജീവനക്കാരേയും ബലമായി ഇറക്കി വിടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ജനറല്‍ മാനേജരുടെ പരാതി പ്രകാരം അജയകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവല്ല പോലിസ് എഫ്ഐആര്‍ എടുത്തു. പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷണറും പരാതിക്കാരനും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.
ഇവര്‍ നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ അഞ്ചിന് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി. സെപ്റ്റംബര്‍ 28ന് നടക്കുന്ന ബാങ്ക് ഭരണസമിതി യോഗത്തില്‍ ഈ വിവരം അറിയിച്ച് പൊതുയോഗത്തിന്റെ അംഗീകാരത്തോടെ ഭരണസമിതി തീരുമാനിക്കണമെന്നും ഭരണസമിതിയുടെ തീരുമാനം സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിക്കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രമേയം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്നപൂര്‍ണാദേവി അവതരിപ്പിക്കുകയും പൊതുയോഗം അത് അനുസരിച്ച് തുടര്‍ നടപടികള്‍ എടുക്കുവാന്‍ ഭരണസമിതിയെ ചുമതലപ്പെടുത്തിയതുമാണ്.
സഹകാരികള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായി കടന്നു വന്ന് യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇത് തടയുന്നതില്‍ പോലിസിന്റെ ഭാഗത്തും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്.
രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ബാങ്ക് ഭരണം നേടാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കളായ അനന്തഗോപന്റെയും പീലിപ്പോസ് തോമസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പൊതുയോഗത്തിന്റെ തീരുമാനങ്ങളെക്കുറിച്ച് തെറ്റായ പ്രസ്താവന പരക്കുന്നത്. ഇതിനെല്ലാം വ്യക്തമായ തെളിവുകള്‍ നല്‍കുന്ന സിസി ടിവി ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss