|    Dec 12 Tue, 2017 6:26 am
FLASH NEWS

തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക്: പൊതുയോഗം നിയമാനുസൃതമായ രീതിയില്‍ വേണം- എല്‍ഡിഎഫ്

Published : 30th September 2016 | Posted By: Abbasali tf

പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പൊതുയോഗം നിയമപരമായും ജനാധിപത്യപരമായും വിളിച്ചുചേര്‍ക്കാന്‍ ബാങ്ക് ഭരണസമിതി തയ്യാറാകണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ചേര്‍ന്ന യോഗം കേവലം പ്രഹസനമായിരുന്നു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ  പ്രസിഡന്റ് യോഗം പിരിച്ചുവിട്ടതോടെ യോഗത്തിന് നിയമസാധുതയില്ലാതായി. 70000 ഓളം അംഗങ്ങളാണ് ബാങ്കിനുള്ളത്. എന്നാല്‍ അംഗങ്ങളുടെ ഒരു ശതമാനം പോലും അംഗങ്ങളെ പങ്കെടുപ്പിക്കാതെ യോഗം നടത്തി ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പൊതുയോഗ തീരുമാനപ്രകാരം നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനവും കളവാണ്. തിരിഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തന്നെയുമല്ല അജണ്ടയില്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നുമില്ല. പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് തീരുമാനിച്ചുവെന്ന് പറയുന്നത് യോഗത്തില്‍ പങ്കെടുത്ത ഓഹരി ഉടമകളെ അവഹേളിക്കുന്നതിന് തുല്യമാണ്. അംഗങ്ങള്‍ ഒപ്പിടുന്നതിനുള്ള രജിസ്റ്ററോ മിനിട്‌സ് രേഖപ്പെടുത്തുന്ന  ബുക്കോ യോഗത്തില്‍ ഉണ്ടായിരുന്നില്ല. നൂറ് കണക്കിന് അംഗങ്ങള്‍ ഹാജര്‍ രേഖപ്പെടുത്താനായി നിരയില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ താല്‍പ്പര്യക്കാരായ ചിലരെ പങ്കെടുപ്പിച്ച് പ്രസിഡന്റ് യോഗം ആരംഭിക്കുകയായിരുന്നു. പൊതുയോഗം നിയമാനുസൃതമാണെന്ന് ബോധിപ്പിക്കാനായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നിയോഗിച്ച മല്ലപ്പള്ളി അസ്സി രജിസ്ട്രാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പൊതുയോഗത്തില്‍ പങ്കെടുത്ത് ഹാജര്‍ രേഖപ്പെടുത്തുവാന്‍ പുറത്തുനില്‍ക്കുന്നവര്‍ക്കും അവസരം നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ചില ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അതംഗീകരിക്കാതെ അധ്യക്ഷന്‍ യോഗ നടപടികള്‍ ആരംഭിക്കുകയായിരുന്നു. പൊതുയോഗത്തില്‍ അവതരിപ്പിച്ച വരവ് – ചിലവ് കണക്കുകളിലെ ക്രമക്കേടുകള്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യവും അധ്യക്ഷന്‍ നിരാകരിച്ചു. ഭൂരിഭാഗം വരുന്ന ഓഹരി ഉടകളെയും പ്രതിനിധാനം ചെയ്യാത്തതിനാല്‍ യോഗ നടപടികള്‍ അസാധുവായി പ്രഖ്യാപിച്ച് ജനാധിപത്യവും നിയമാനുസൃതമായ രീതിയില്‍ പൊതുയോഗം ചേരാനുള്ള നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  എല്‍ഡിഎഫ് നേതാക്കളായ കെ അനന്തഗോപന്‍, പീലിപ്പോസ് തോമസ്, ജിജി ജോര്‍ജ്്, തോമസ് ജോര്‍ജ്, ജി അജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക