|    Feb 22 Wed, 2017 11:57 pm
FLASH NEWS

തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പ് നടപടി ഹൈക്കോടതി നിര്‍ത്തിവച്ചു

Published : 25th October 2016 | Posted By: SMR

പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ- ഓപറേറ്റീവ് ബാങ്ക് നവംബര്‍ അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് നടപടി നിര്‍ത്തിവച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവായി. ജസ്റ്റിസ് സുരേഷ്‌കുമാര്‍ അധ്യക്ഷനായ ബഞ്ചിന്റെയാണ് വിധി. രണ്ട് വര്‍ഷമായി ഇടപാടുള്ളവരും കഴിഞ്ഞ മൂന്നു പൊതുയോഗങ്ങളില്‍ പങ്കെടുത്തവരുമായ സജീവ അംഗങ്ങള്‍ക്ക് മാത്രമെ വോട്ടവകാശമുള്ളു എന്ന പുതിയ സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 28 പേര്‍ മാത്രമുള്ള വോട്ടര്‍ പട്ടികയാണ് ഈ മാസം 16ന് ഇലക്ടറല്‍ ഓഫിസര്‍ പ്രസിദ്ധീകരിച്ചത്. നിയമാനുസൃത പൊതുയോഗം വിളിച്ചുകൂട്ടി സഹകരികളെ പങ്കെടുപ്പിക്കാതിരുന്ന ബാങ്ക് ഭരണസമിതിയുടെ നിലപാടിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി. ബോര്‍ഡ് അംഗങ്ങളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 70,347 അംഗങ്ങള്‍ ഓഹരി ഉടമകളായുള്ള കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ കോ – ഓപ്പറേറ്റീവ് ബാങ്കിലാണ് തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യം ഉണ്ടായിട്ടുള്ളത്. 2015 സപ്തംബര്‍ 29 ലെ പൊതുയോഗത്തില്‍ പങ്കെടുത്ത 749 പേരില്‍ 611 അംഗങ്ങളെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിലവില്‍ ഹൈക്കോടതിയില്‍ ഉള്ള കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രധാനമായ ഈ കോടതിവിധി ഉണ്ടായിരിക്കുന്നത്. സഹകരണ നിയമപ്രകാരം പൊതുയോഗം വിളിക്കുന്നതിന് 14 ദിവസം മുമ്പായി നോട്ടീസ് നല്‍കിയിരിക്കണമെന്നാണ് ചട്ടം. 2015 സപ്തംബര്‍ 29 ലെ പൊതുയോഗം 10 ദിവസം മാത്രം നോട്ടീസ് നല്‍കിയാണ് വിളിച്ചുകൂട്ടിയത്. ഇതിനെതിരേ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി പ്രകാരം ഈ പൊതുയോഗം റദ്ദാക്കിയിരുന്നു. റദ്ദാക്കപ്പെട്ട ഈ പൊതുയോഗത്തില്‍ പങ്കെടുത്ത 611 പേരെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണസമിതിയുടെ ആവശ്യവും ഇതോടെ നിരാകരിക്കപ്പട്ടിരിക്കുകയാണ്. ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായാണ് ഈസ്റ്റ് കോ- ഓപറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനപരിധി. 12 പഞ്ചായത്തുകളിലായാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇരവിപേരൂര്‍, കോയിപ്പുറം, കുറ്റൂര്‍, പുറമറ്റം, അയിരൂര്‍, കല്ലൂപ്പാറ, എഴുമറ്റൂര്‍, മല്ലപ്പള്ളി, കൊറ്റനാട്, ആനിക്കാട്, കോട്ടാങ്ങല്‍, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളിലായി പ്രവര്‍ത്തന മേഖല വ്യാപിച്ചു കിടക്കുന്ന ബാങ്കിന് 18 ബ്രാഞ്ചുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക