|    Feb 27 Mon, 2017 1:08 am
FLASH NEWS

തിരുവല്ലയില്‍ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കുന്നു

Published : 11th November 2016 | Posted By: SMR

തിരുവല്ല: നഗരത്തിലെ ഹോട്ടലകളില്‍ വീണ്ടും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഇന്നലെ നടത്തിയ റെയ്ഡില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗണേശ് ഫാസ്റ്റ് ഫുഡ്, കുരുശുകവലയിലെ ഹോട്ടല്‍ അഭിലാഷ്, തിരുമൂലപുരത്തെ ഹോട്ടല്‍ എസ്്ആര്‍ജി എന്നിവിടങ്ങളില്‍ നിന്നാണ് വിവിധതരം ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. വറുത്ത ചിക്കന്‍, ചിക്കന്‍ കറി, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, പഴകിയ ചോറ്, വിവിധ ഇനം കറികള്‍, അച്ചാര്‍, ചപ്പാത്തി, ദോശ തുടങ്ങിയവയാണ് ഫ്രീസറിലും അടുക്കളയിലുമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗണേശ് ഫാസ്റ്റ് ഫുഡിലെ അടുക്കളയും പരിസരവും ഏറെ വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. എട്ട് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ എസ്ആര്‍ജി ഒഴികെ ബാക്കിയുളള സ്ഥാപങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ അഞ്ചിന് നടന്ന പരിശോധനയില്‍ എലൈറ്റ് കോണ്ടിനെന്റല്‍, തോംസണ്‍ ഫുഡ് കോര്‍ട്ട്, മാതാ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ആരോഗ്യ വിഭാഗം നടത്തുന്ന പരിശോധനയ്‌ക്കെതിരേ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കഴിഞ്ഞ ദിവസം ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും പരിശോധന ഇനിയും ശക്തമാക്കുമെന്നും പിടികൂടിയ ഹോട്ടല്‍ ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് എകെ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അനില്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറന്മാരായ ജി ദേവസേനന്‍, മോഹനന്‍, കെ ആര്‍ അനില്‍ കുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. എന്നാല്‍ തിരുവല്ലയില്‍ നടത്തുന്ന റെയ്ഡിനെതിരേ           കേരളാ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഹോട്ടലുകളുടെ സല്‍പേരു കളയുന്നതിനും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിരുവല്ല നഗരസഭയിലെ ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താല്‍പര്യമാണ് പരിശോധനയ്ക്ക് പിന്നിലെന്നാണ് ആരോപണം. നിയമവിരുദ്ധമായി നടക്കുന്ന റെയ്്ഡാണെന്നും ഇതിനെതിരേ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ഇതിനോടൊപ്പം നിയമപരമായ പോരാട്ടം തുടരുമെനന്നും അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാമന്‍ മാതാ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍, സെക്രട്ടറി കെ എം രാജ, ജില്ലാ സെക്രട്ടറി രാജമാണിക്യം, വൈസ് പ്രസിഡന്റുമാരായ സജി കോശി ജോര്‍ജ്, രാമലിംഗ റെഡ്യാര്‍, രവീന്ദ്രകുമാര്‍, ജോ. സെക്രട്ടറി ഉല്ലാസ്, ജയന്‍, രാജേഷ് ജി നായര്‍, നവാസ് തനിമ, സക്കീര്‍ ശാന്തി, നന്ദകുമാര്‍ കേദാരം, സിനു ഫിലിപ്പ്, ലിസി അനു, ഷാജി, കണ്ണന്‍, പ്രസന്നന്‍ അമ്പലപാട്ട് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day