|    Oct 19 Thu, 2017 10:13 pm
FLASH NEWS

തിരുവല്ലയിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ നടപടി

Published : 12th August 2017 | Posted By: fsq

 

തിരുവല്ല: തിരുവല്ലയില്‍ എംസി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടിതോമസിന്റെ സാന്നിധ്യത്തില്‍ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എംസി റോഡില്‍ രാമന്‍ചിറ മുതല്‍ പന്നിക്കുഴി വരെയുള്ള കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ടാറിങ് അടുത്ത വെള്ളിയാഴ്ച പൂര്‍ത്തിയാവും. രണ്ടാംഘട്ട ടാറിങ് ഓണം കഴിഞ്ഞ് നടത്തും. ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണ് രണ്ടാംഘട്ട ടാറിങ് ഓണം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചത്.എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ടിരുന്ന മുത്തൂര്‍-കാവുംഭാഗം, മുത്തൂര്‍-കുറ്റപ്പുഴ റോഡുകളിലെ കുഴി കെഎസ്ടിപി ഉടന്‍ അടക്കും. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ബി1ബി1 റോഡില്‍ ഉണ്ടായിട്ടുള്ള ചെളിക്കെട്ടിന് കെഎസ്ടിപി ഉടന്‍ പരിഹാരം കാണും. ഓണക്കാലത്ത് തിരുവല്ല നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് തടയുന്നതിന് ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണം നടപ്പാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഈ മാസം 19ന് രാവിലെ 11.30ന് തിരുവല്ല ആര്‍ഡിഒ യോഗം വിളിക്കും. വ്യാപാരികള്‍, ഓട്ടോറിക്ഷ, ടാക്‌സി, ബസുടമാ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പോലീസ്, മോട്ടോര്‍ വാഹനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തായിരിക്കും ഗതാഗത നിയന്ത്രണം നടപ്പാക്കുക. തിരുമൂലപുരത്തെ അടിപ്പാതയിലെ വെള്ളക്കെട്ട് സപ്തംബര്‍ 10നകം പരിഹരിക്കുമെന്ന് റെയില്‍വേ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കുറ്റൂര്‍ അടിപ്പാതയിലെ വെള്ളക്കെട്ട്, കുറ്റപ്പുഴ പാലത്തിനു സമീപത്തെ വെള്ളക്കെട്ട്, പുഷ്പഗിരി റെയില്‍വേ ക്രോസിനു സമീപം വീടുകളിലേക്ക് കയറുന്നതിന് തടസമായിട്ടുള്ള വെള്ളക്കെട്ട് തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച രാവിലെ 11ന് റെയില്‍വേ, പൊതുമരാമത്ത് വകുപ്പ്, നഗരസഭ എന്‍ജിനീയര്‍മാര്‍ സംയുക്ത പരിശോധന നടത്തും. ഓണക്കാലത്ത് തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിച്ചിരുന്ന സ്ഥലത്ത് നഗരസഭ വാഹന പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തും. ഓണക്കാലത്ത് ഗതാഗതം സുഗമമാക്കുന്നതിന് കൂടുതല്‍ പോലിസുകാരെ വിന്യസിക്കും. തിരുവല്ല എസ്‌സിഎസ് കവലയില്‍ പുതിയ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് നഗരസഭയുടെ നേതൃത്വത്തില്‍ ഉടന്‍ സ്ഥാപിക്കും. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ്, ആര്‍ഡിഒ വി ജയമോഹനന്‍, പ്ലാനിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന മുരളീധരന്‍ നായര്‍, തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.അനില്‍കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി ഡി സജു, തഹസില്‍ദാര്‍ ആര്‍ തുളസീധരന്‍ നായര്‍, അഡീഷനല്‍ തഹസില്‍ദാര്‍ ബി സതീഷ് കുമാര്‍, കെഎസ്ടിപി പ്രോജക്ട് എന്‍ജിനിയര്‍ പി ടി ചാക്കോ, റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ വി രാജേഷ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക