|    Jul 16 Mon, 2018 8:06 pm
FLASH NEWS

തിരുവമ്പാടി എസ്റ്റേറ്റ് : വിമാനത്താവള വാദം തള്ളി മാനേജ്‌മെന്റും തൊഴിലാളികളും

Published : 13th August 2017 | Posted By: fsq

 

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് വിമാനത്താവളത്തിന് പരിഗണിക്കുന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് മാനേജ്‌മെന്റും തൊഴിലാളി യൂനിയനുകളും. ഇതുമായി ബന്ധപ്പെട്ട് തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കി. പലരും പ്രചരിപ്പിക്കുന്നതു പോലെ 20 00 ഏക്കര്‍ ഭൂമി ഇവിടെ വെറുതെ കിടക്കുകയല്ലെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. കി ല്‍ക്കോട്ടഗിരി ആന്റ് തിരുവമ്പാടി പ്ലാന്റേഷന്‍സിന്റെ ഭാഗമാണ് തിരുവമ്പാടി റബര്‍ എസ്റ്റേറ്റ്. ആരെയും കുടിയിറക്കാതെ ഭൂമി ഏറ്റെടുക്കാമെന്ന പ്രചാരണവും ശരിയല്ല. നാനൂറിലധികം തൊഴിലാളികളുള്ള നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുസ്ഥാപനമാണിത്. നൂറിലധികം കുടുംബങ്ങള്‍ എസ്റ്റേറ്റിനുള്ളിലെ ലയങ്ങളിലാണ് താമസിക്കുന്നത്. ഒരു തൊഴിലാളി വിരമിക്കുമ്പോള്‍ അടുത്ത ബന്ധുവിന് ജോലി നല്‍കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പിരിച്ചുവിടുക സാധ്യമല്ല. തൊഴില്‍ സുരക്ഷിതത്വം എന്നെന്നേക്കുമായി ഇല്ലാതാവുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.  ഈ വര്‍ഷവും എസ്റ്റേറ്റിന്റെ ഒരുഭാഗം പഴയമരങ്ങള്‍ മുറിച്ച് റീപ്ലാന്റ് ചെയ്തിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരു കോടിയിലധികമാണ് ഇതിന്റെ ചെലവ്. ഇടവിളയായി കൈതച്ചക്കയും കൃഷി ചെയ്യുന്നു. അഞ്ച് ശതമാനം തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം കാപ്പി, കവുങ്ങ് തുടങ്ങിയ വിളകളും കൃഷിചെയ്യുന്നുണ്ട്. റബറിന്റെ വിലയിടിവിനിടയിലും പിടിച്ചുനിന്ന ചുരുക്കംചില എസ്റ്റേറ്റുകളിലൊന്നാണിത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്സുമായി കമ്പിനിക്ക് ദീര്‍ഘകാല കരാറുണ്ട്. പൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുകയാണ് എന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അപ്പോള്‍ പിന്നെ നാനൂറ് തൊഴിലാളികളുള്ള ഒരു സ്ഥാപനം പൂട്ടാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്ന് യൂനിയനുകള്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചതായി സംശയമുണ്ട്. സിഐടിയുവില്‍ അഫിലിയേഷനുള്ള കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയനാണ് ഇവിടുത്തെ പ്രധാന യൂനിയന്‍.  വിമാനത്താവളവാദം ഉയര്‍ത്തുന്നവര്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും സാങ്കേതികമായും ഭൂമിശാസ്ത്രപരമായും ശരിയല്ല. തിരുവമ്പാടി, നീലേശ്വരം എന്നീ ഡിവിഷനുകളായാണ് എസ്റ്റേറ്റുള്ളത്. രണ്ട് ഡിവിഷനുകളും തമ്മില്‍ ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിനിടയില്‍ ഇരുവഴിഞ്ഞിപ്പുഴയും പാലങ്ങളും പത്തോളം റോഡുകളും നൂറുകണക്കിന് വീടുകളുമുണ്ട്. കൂടാതെ മൈസൂര്‍ അരീക്കോട് പവര്‍ലൈന്‍ കടന്നുപോവുന്നതും എസ്റ്റേറ്റിന് നടുവിലൂടെയാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ ലൈന്‍ വലിക്കുന്നതിനെതിരെ നാട്ടുകാര്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയതിന് ശേഷമാണ് ഇത് എസ്റ്റേറ്റിന് നടുവിലൂടെയാക്കിയത്. ഇതുപോലെ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വിമാനത്താവളത്തിനായി നടത്തുന്ന പ്രചാരണത്തില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളികള്‍ സംശയിക്കുന്നു. തങ്ങള്‍ തലമുറകളായി ജോലി ചെയ്യുന്ന സ്ഥാപനത്തെച്ചൊല്ലി വിവാദങ്ങളുണ്ടാക്കുന്നതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ട്. വിമാനത്താവളവാദവുമായി വരുന്നവരെ എസ്റ്റേറ്റിനുള്ളില്‍ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് തൊഴിലാളികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss