|    May 23 Tue, 2017 2:34 pm
FLASH NEWS

തിരുവനന്തപുരത്ത് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് ധാരണ

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര രാസവളം മന്ത്രി അനന്തകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി നല്‍കും. സ്ഥലം സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം വൈകാതെയെത്തും. പ്ലാസ്റ്റിക് വ്യവസായ പാര്‍ക്ക്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ടെക്‌നോളജി എന്നിവ കണ്ണൂരില്‍ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുത്തു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡുകള്‍ അടച്ചുപൂട്ടുമ്പോള്‍ ലാഭത്തിലുള്ള കൊച്ചി യൂനിറ്റിനെ അതില്‍നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോഴിക്കോട് സര്‍വീസ് നടത്തുന്നത്. റണ്‍വേ വികസനം പൂര്‍ത്തിയായാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയൂ എന്നാണ് ഡിജിസിഎയുടെ നിലപാട്. അതിന് ഭൂമി ഏറ്റെടുക്കുന്നതുള്‍െപ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് സമയമെടുക്കും. അതുവരെ വലിയ വിമാനങ്ങള്‍ക്ക് വിലക്കുണ്ടായാല്‍ അത് നഷ്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി സര്‍ക്കാര്‍ വൈകാതെ ഏറ്റെടുത്തു നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയവയ്ക്കുള്ള ഫീസ് അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലെ ആഭ്യന്തര വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സര്‍വീസ് ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ ടൂറിസം മേഖലയെ ആകര്‍ഷകമാക്കുന്നതിന് ബേക്കല്‍, വയനാട്, ഇടുക്കി, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റുകള്‍ക്ക് എത്തിച്ചേരുന്നതിന് എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിലെ 14 ജില്ലകളിലും വണ്‍സ്റ്റോപ് സെന്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം ധനസഹായം നല്‍കുമെന്ന് വനിതാ ശിശുക്ഷേമകാര്യമന്ത്രി മേനക ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day