|    Jan 23 Mon, 2017 7:54 am
FLASH NEWS

തിരുവനന്തപുരത്ത് ഗതിനിര്‍ണയിക്കുക കന്നിവോട്ടുകള്‍

Published : 13th May 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ വിധി നിര്‍ണയിക്കുന്നത് കന്നിവോട്ടര്‍മാര്‍. 3,05,794 പേരാണ് തലസ്ഥാന ജില്ലയില്‍ ആദ്യമായി വോട്ടുചെയ്യാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണം കണക്കാക്കി പ്രചാരണത്തിനിറങ്ങിയ മുന്നണികള്‍ക്ക് പുതുവോട്ടര്‍മാരുടെ നിലപാട് ആശങ്ക നല്‍കുന്നു. വോട്ടര്‍€പട്ടികയില്‍ ഇടം നേടിയവരില്‍ ഏറെയും പുതുതലമുറക്കാരായതിനാല്‍ അവരുടെ രാഷ്ട്രീയനിലപാട് കണക്കാക്കുക അസാധ്യം. അതുകൊണ്ടുതന്നെ നവമാധ്യമങ്ങളിലെ തരംഗമാണ് കന്നിവോട്ടര്‍മാരുടെ നിലപാടറിയാന്‍ മുന്നണികള്‍ തേടുന്നവഴി.
തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട് എന്നിവയാണ് ശക്തമായ മല്‍സരം നടക്കുന്ന ജില്ലയിലെ മണ്ഡലങ്ങള്‍. കഴിഞ്ഞവര്‍ഷം വിജയികള്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ അധികം നവവോട്ടര്‍മാരുണ്ട് എന്നതും ശ്രദ്ധേയമാണ്.
മൂന്നാംമുന്നണി വരുമെന്ന് സര്‍വേകള്‍ വിധിയെഴുതുന്ന നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തന്നെയാണ് വിഐപി ലിസ്റ്റില്‍ പ്രധാനം. സംസ്ഥനത്തൊട്ടാകെയുള്ള മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോഴും നേമത്തെ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. 1,91,532 വോട്ടര്‍മാരാണ് നേമത്തുള്ളത്. ഇവരില്‍ 19,039 പേര്‍ കന്നിവോട്ടര്‍മാരാണ്. നിലവിലെ എംഎല്‍എ വി ശിവന്‍കുട്ടി തന്നെയാണ് ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വി സുരേന്ദ്രന്‍പിള്ള യുഡിഎഫിനു വേണ്ടിയും മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബിജെപിക്കു വേണ്ടിയും മാറ്റുരയ്ക്കുന്നു.
1,94,344 വോട്ടര്‍മാരുള്ള വട്ടിയൂര്‍ക്കാവ് 18,946 പുതിയ വോട്ടര്‍മാരാണുള്ളത്. കെ മുരളീധരന്‍ ഇക്കുറിയും യുഡിഎഫിനായി മാറ്റുരയ്ക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംപിയുമായ ടിഎന്‍ സീമയും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കടുത്ത പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം പുതുതലമുറ വോട്ടുകള്‍ നിര്‍ണായകമാവും.
രണ്ട് എംഎല്‍എമാര്‍ മാറ്റുരയ്ക്കുന്ന നെടുമങ്ങാടാണ് മറ്റൊരു മണ്ഡലം. എല്‍ഡിഎഫില്‍നിന്ന് സി ദിവാകരനും യുഡിഎഫില്‍ നിന്ന് പാലോട് രവിയും നേര്‍ക്കുനേര്‍ വരുന്ന നെടുമങ്ങാട് 2,02,910 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 27,115 പേര്‍ കന്നിവോട്ടിന് തയ്യാറെടുക്കുന്നവരാണ്. 5,030 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് നിലവിലെ എംഎല്‍എ പാലോട് രവി ഇവിടെ വിജയിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരുള്ള മണ്ഡലവും നെടുമങ്ങാടാണ്. 1,80,984 വോട്ടര്‍മാരുള്ള കഴക്കൂട്ടം മണ്ഡലത്തില്‍ 17,785 പുതുവോട്ടര്‍മാരാണ് ഇക്കുറി വിധി നിര്‍ണയിക്കുക. എംഎ വാഹിദ് യുഡിഎഫിനായി വീണ്ടും മല്‍സരിക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരനും ശക്തമായ പ്രതിരോധവുമായുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും നിയമസഭയും ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ 1,92,714 വോട്ടര്‍മാരാണുള്ളത്. ഇവിടെ 15,272 കന്നിവോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. തിരുവനന്തപുരം മണ്ഡലം പിടിച്ചെടുത്ത മുന്നണി സംസ്ഥാനം ഭരിക്കുമെന്ന കൗതുകകരമായ ഒരു കാര്യവും ചരിത്രത്തിലുണ്ട്. മന്ത്രി വിഎസ് ശിവകുമാര്‍ യുഡിഎഫിനായി മല്‍സരിക്കുമ്പോള്‍ ആന്റണി രാജുവാണ് എല്‍ഡിഎഫിനായി രംഗത്തുള്ളത്. ക്രിക്കറ്റ്താരം എസ് ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ഥിയായതും തിരുവനന്തപുരത്തെ മല്‍സരം ശ്രദ്ധേയമാക്കുന്നു.
വര്‍ക്കല-26,766, ആറ്റിങ്ങല്‍-26,462, ചിറയന്‍കീഴ്-26788, വാമനപുരം-21,936, അരുവിക്കര-22,709, പാറശാല-20,373, കാട്ടാക്കട-19,649, കോവളം-22,997, നെയ്യാറ്റിന്‍കര-19947 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പുതിയ വോട്ടര്‍മാരുടെ കണക്ക്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക