|    Aug 17 Thu, 2017 9:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തിരുവനന്തപുരം സായിയുടെ ബോക്‌സര്‍ മീനാകുമാരി ലോക പോലിസ് ഗെയിംസിന്

Published : 5th August 2017 | Posted By: fsq

 

ടി പി  ജലാല്‍

മലപ്പുറം: തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) ബോക്‌സിങ് താരം  മീനാകുമാരി ദേവി ലോക പോലിസ് ഗെയിംസിന്. ഈ മാസം 7 മുതല്‍ 16 വരെ  അമേരിക്കയിലെ ലോസ് ആഞ്ചലസിലും കാലിഫോര്‍ണിയയിലുമാണ് ഗെയിംസ് നടക്കുന്നത്. മീനാകുമാരി മണിപ്പൂര്‍ സ്വദേശിയാണെങ്കിലും 2012 മുതല്‍ തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപിഇ  സെന്റര്‍ ഓഫ് എക്‌സലന്‍സ് ബോക്‌സിങ് താരമാണ്.  ആദ്യമായാണ്  പോലിസ് ഗെയിംസില്‍ മല്‍സരിക്കുന്നത്.   54 കിലോ വിഭാഗത്തിലാണ് 26 കാരിയായ  മീനാകുമാരി മല്‍സരിക്കുന്നത്. ഡെറാഡൂണ്‍ സിഐഎസ്എഫിലെ ഹെഡ് കോണ്‍സ്റ്റബിളായ മീന അഞ്ചു വര്‍ഷമായി ദ്രോണാചാര്യ അവാര്‍ഡ് ജേതാവും സായ് കോച്ചുമായ  ഡി ചന്ദ്രലാലിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.  2012 മുതല്‍ ദേശീയ ക്യാംപിലുള്ള മീനാകുമാരി ഏഷ്യയിലെ നിലവിലുള്ള വെങ്കല മെഡല്‍(2016 ചെന) ജേതാവാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബള്‍ഗേറിയയില്‍ നടന്ന  സ്ട്രാന്‍ജ ഇന്റര്‍നാഷണല്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലും വെങ്കലം നേടിയിരുന്നു.  2015 കൊറിയന്‍ ലോക ചാംപ്യന്‍ഷിപ്പിലടക്കം ആറു തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2015 ദേശീയ ഗെയിംസില്‍ കേരളത്തിന് മികച്ച നേട്ടമുണ്ടാക്കിയതില്‍ മീന കുമാരിക്കും ചന്ദ്രലാലിനും മികച്ച പങ്കാണുണ്ടായിരുന്നത്.  ദേശീയ ഗെയിംസ്  സുവര്‍ണ താരമാണ്. ചന്ദ്രലാലിന്റെ ശിക്ഷണം ലഭിക്കാനാണ് മീന കേരളത്തിന്റെ ഭാഗമായി മാറിയത്. കഴിഞ്ഞ ദിവസം മീനാകുമാരിക്ക് മുഖ്യമന്ത്രി  ഹയര്‍ എഡ്യുക്കേഷനില്‍ നിയമനം നല്‍കിയിരുന്നു. ഇതോടെ പൂര്‍ണമായും കേരളത്തിന്റെ ഭാഗമാവുമെന്നായതോടെ സിഐഎസ്എഫ് പ്രമോഷന്‍ വാഗ്ദാനം നല്‍കിയതിനാല്‍  ജോലി ഡെറാഡൂണില്‍ തുടരാനാണ് സാധ്യത.  എങ്കിലും ബോക്‌സിങ്ങിന് മികച്ച പ്രോല്‍സാഹനം നല്‍കുന്ന തിരുവനന്തപുരം സായിയില്‍ തുടരുമെന്ന് മലയാളം സംസാരിക്കുന്ന മീനാകുമാരി ദേവി പറഞ്ഞു. മീനക്ക് പുറമെ അരുണാ മിശ്ര (ജാര്‍ഖണ്ഡ് പോലീസ്), കവിതാ ചഹാല്‍(ഹരിയാന പോലീസ്) കവിത(ഡല്‍ഹി പോലീസ്) ശോഭാ ചാനു (എസ്എസ്ബി ഡെറാഡൂണ്‍)എന്നിവരടക്കം അഞ്ചു പേരാണ് ഇന്ത്യയെ ബോക്‌സിങില്‍ പ്രതിനിധീകരിക്കുന്നത്. ടീം ഇന്നലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക