|    Dec 13 Wed, 2017 6:48 pm
FLASH NEWS
Home   >  Kerala   >  

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന്

Published : 21st October 2016 | Posted By: Navas Ali kn

mc-tvm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാംപസില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും വിലക്കേര്‍പ്പെടുത്തി. കാംപസില്‍ വിദ്യാര്‍ഥികള്‍ ധരിക്കേണ്ടതും ധരിക്കരുതാത്തതുമായ വേഷങ്ങള്‍ വ്യക്തമാക്കി വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് യോഗത്തിനുശേഷമാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. ആണ്‍കുട്ടികള്‍ സാധാരണ ചെരിപ്പ്, ജീന്‍സ്, ടീഷര്‍ട്ട്, മറ്റു കാഷ്വല്‍ വേഷം ധരിക്കരുത്. പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ്, ഷോര്‍ട് ടോപ്പ്, ജീന്‍സ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ ധരിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. എല്ലാവരും വൃത്തിയുള്ള വേഷത്തിലാണ് എത്തേണ്ടതെന്നാണ് ആദ്യ നിര്‍ദേശം. ഇതു പാലിക്കാനായി ഒഴിവാക്കേണ്ട വേഷങ്ങളാണ് ആണിനും പെണ്ണിനുമായി പ്രത്യേകം തിരിച്ചു പറയുന്നത്. ആണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങള്‍ക്കൊപ്പം ഷൂസും ധരിക്കണം. പെണ്‍കുട്ടികള്‍ ചുരിദാറും സാരിയും മാത്രമേ ധരിക്കാവൂ എന്നും മുടി ഒതുക്കി കെട്ടിവയ്ക്കണമെന്നും വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ടൊയെന്ന് വകുപ്പ് അധ്യക്ഷന്മാരും യൂനിറ്റ് മേധാവികളും ഉറപ്പുവരുത്തണം. എന്നാല്‍ വസ്ത്രധാരണത്തിലെ നിബന്ധനകളുടെ കാലം കഴിഞ്ഞെന്ന് കോളജ് യൂനിയന്‍ ചെയര്‍മാന്‍ ജിബിന്‍ ജെയിംസ് പറഞ്ഞു. ഇക്കാര്യത്തില്‍ സാമാന്യവല്‍ക്കരണം പ്രായോഗികമല്ല.
സര്‍ക്കുലര്‍ വിവാദമായപ്പോള്‍ വിശദീകരണവുമായി വൈസ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. മെഡിക്കല്‍ കോളജില്‍ കാലാകാലങ്ങളില്‍ കോഴ്‌സ് തുടങ്ങുന്ന സമയത്ത് ഡ്രസ് കോഡ് ഓര്‍മപ്പെടുത്തി അയക്കുന്ന സര്‍ക്കുലര്‍ ഇപ്രാവശ്യവും അയക്കുക മാത്രമാണ് ചെയ്തതെന്ന് വൈസ് പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ പരാമര്‍ശിക്കുന്നപ്രകാരം അതത് കോളജിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക