|    Jan 23 Mon, 2017 12:14 pm
FLASH NEWS

തിരുവനന്തപുരം- കാസര്‍കോട് കോസ്റ്റല്‍ കണക്ടഡ് കോറിഡോര്‍

Published : 5th October 2016 | Posted By: SMR

 തിരുവനന്തപുരം: തുറമുഖ എന്‍ജിനീയറിങ് വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മല്‍സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ച് കോസ്റ്റല്‍ കണക്ടഡ് കോറിഡോര്‍ എന്ന പേരില്‍ റോഡ് നിര്‍മിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഉള്‍നാടന്‍ മല്‍സ്യബന്ധനവും മല്‍സ്യേല്‍പാദനവും പ്രോല്‍സാഹിപ്പിക്കും. നിലവിലെ ഉല്‍പാദനം പ്രതിവര്‍ഷം 40,000 ടണ്ണില്‍ നിന്ന് 80,000 ടണ്ണാക്കി ഉയര്‍ത്തുന്നതിന് 16 ഹാച്ചറി യൂനിറ്റുകള്‍ വിപുലീകരിക്കും.
കടലിലെ മല്‍സ്യസമ്പത്ത് ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കാന്‍ മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ബില്ലില്‍ ഭേദഗതി വരുത്തും. ട്രോളറുകള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് പുറമെ ചെറിയ കണ്ണികളുള്ള വലയുപയോഗിച്ചുള്ള മല്‍സ്യബന്ധനവും മല്‍സ്യസമ്പത്തിനെ ബാധിക്കുന്നു. ഇത് തടയാന്‍ കര്‍ശന നിലപാട് സ്വീകരിക്കും.
ഭക്ഷ്യയോഗ്യമായ 58 ഇനം മീനുകളില്‍ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിയന്ത്രണമുണ്ട്. ബാക്കിയുള്ള ഇനങ്ങളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും. മീന്‍ചന്തകളുടെ ശുചിത്വവും നിയമത്തില്‍ നിര്‍ബന്ധമാക്കും. ചന്തകള്‍ വനിതാ സൗഹൃദമാക്കും.
മാര്‍ക്കറ്റിലേക്ക് നേരിട്ട് മല്‍സ്യമെത്തിക്കുന്നതിനും സംവിധാനമുണ്ടാക്കും. 200 പുതിയ മല്‍സ്യഭവനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. കടലില്‍ അപകടങ്ങളുണ്ടാവുമ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ മറൈന്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.  കടാശ്വാസപരിധി 75,000 രൂപയില്‍നിന്നും ഒരുലക്ഷം രൂപയായി വര്‍ധിപ്പിക്കും.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തിക്കുന്ന മല്‍സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പ്രത്യേക നിയമനിര്‍മാണം നടത്തും. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന രാസവസ്തുക്കള്‍ കലര്‍ന്ന മീന്‍ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് കേരള ഫിഷ് മാര്‍ക്കറ്റിങ് ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് ബില്ല് കൊണ്ടുവരുന്നത്. മല്‍സ്യച്ചന്തകളുടെ നിയന്ത്രണവും ബില്ലില്‍ ഉള്‍പ്പെടുത്തും. തൊഴിലാളികള്‍ പിടിക്കുന്ന മീനിന് ന്യായവില ഉറപ്പാക്കും. ഇടനിലക്കാരെ ഒഴിവാക്കി മല്‍സ്യഫെഡ് മുഖേന തൊളിലാളികള്‍ക്ക് നേരിട്ട് ലേലം ചെയ്ത് മീന്‍ വില്‍ക്കാന്‍ അവസരമുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും.
ഭവനരഹിതരായ 3,650 മല്‍സ്യത്തൊഴിലാളികള്‍ക്ക് ഈവര്‍ഷം വീടുകള്‍ നിര്‍മിച്ചുനല്‍കും. 550 ചതുരശ്ര അടി വിസ്തീര്‍ണമുളളതും നാലുവീടുകളടങ്ങുന്നതുമായ ഫഌറ്റുകളാണ് നിര്‍മിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് മല്‍സ്യത്തൊഴിലാളി മേഖലയില്‍ സമ്പൂര്‍ണഭവനപദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക