|    Jun 20 Wed, 2018 12:00 am
FLASH NEWS
Home   >  Sports  >  Cricket  >  

തിരുവനന്തപുരം കാര്യവട്ടത്ത് രാജ്യാന്തര ട്വന്റി മല്‍സരത്തിന് അനുമതി

Published : 1st August 2017 | Posted By: ev sports


എച്ച് സുധീര്‍

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് വേദിയാവുന്നു. ഡിസംബര്‍ 20ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി മല്‍സരമാണ് സ്റ്റേഡിയത്തില്‍ നടക്കുക. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം അന്താരാഷ്ട്ര ട്വന്റി മല്‍സരങ്ങള്‍ക്ക് യോഗ്യമാണെന്ന് ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈവര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര മല്‍സരം ബിസിസിഐ അനുവദിച്ചത്. കൊല്‍ക്കത്തയില്‍  ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറമെ മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദികൂടി കേരളത്തിന് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റി കഴിഞ്ഞ മെയില്‍ സ്റ്റേഡിയം പരിശോധിച്ചിരുന്നു. സംതൃപ്തി പ്രകടിപ്പിച്ച കമ്മിറ്റി അന്നു ചെറിയ മാറ്റങ്ങളും  നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഈ സ്റ്റേഡിയത്തിലും അസമിലെ ബരസ്പാറ സ്‌റ്റേഡിയത്തിലും ടെസ്റ്റ് മല്‍സരം നടത്താനുള്ള സാങ്കേതിക അനുമതി ബിസിസിഐ സംഘം നല്‍കിയിരുന്നു.നീണ്ട 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് വേദിയാവുന്നത്. 1988 ജനുവരി 25നാണ് തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മല്‍സരം നടന്നത്. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മല്‍സരത്തിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു വേദി. സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് അന്ന് ഒമ്പതു റണ്‍സിനു വിജയിച്ചു. കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്‌സ്, ഫില്‍ സിമണ്‍സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, കാള്‍ഹൂപ്പര്‍, ഗസ് ലോഗി തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം അന്നത്തെ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനു വേണ്ടിയാണ് 240 കോടി രൂപ ചെലവഴിച്ച് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മിച്ചത്. 55000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സും ഫുട്‌ബോളും ഉള്‍പ്പടെ വിവിധ മല്‍സരങ്ങള്‍ക്കുള്ള സൗകര്യങ്ങളുമൊരുക്കി. എന്നാല്‍, ദേശീയ ഗെയിംസിനുശേഷം സാഫ് കപ്പ് നടന്നതല്ലാതെ ശ്രദ്ധേയമായ മറ്റു മല്‍സരങ്ങളൊന്നും ഇവിടേക്ക് എത്തിയില്ല. അതിനിടെ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ സംഘടിപ്പിക്കാനായി കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) 2016 സപ്തംബറില്‍ കരാര്‍ ഒപ്പിട്ടു. ഒരുദിവസത്തിന് 4000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ 180 ദിവസം സ്‌റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതിയാണ് കെസിഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് 35 ലക്ഷം ചിലവഴിച്ച് അഞ്ച് ക്രിക്കറ്റ് പിച്ചുകളും കെസിഎ സ്റ്റേഡിയത്തില്‍ നിര്‍മിച്ചു. ഇതിനുശേഷമാണ് ബിസിസിഐയുടെ ടെക്‌നിക്കല്‍ ടീം സ്റ്റേഡിയം സന്ദര്‍ശിച്ചത്. ഇന്ത്യന്‍ ടീം ഈ സീസണില്‍ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരുമായി ഇന്ത്യയില്‍ പരമ്പര കളിക്കുന്നുണ്ട്. പ്രഖ്യാപനം വന്നയുടന്‍ ന്യൂസിലന്‍ഡുമായുള്ള മല്‍സരമാവും കേരളത്തില്‍ നടക്കുകയെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നത്. പിന്നീടാണ് ശ്രീലങ്കയുമായുള്ള മല്‍സരമാണ്  നടക്കുകയെന്ന വിശദീകരണം പുറത്തുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss