|    Jan 24 Tue, 2017 8:44 am

തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പ്പാത; പദ്ധതി റിപോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിച്ചു

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പ്പാത പദ്ധതിയുടെ റിപോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 2 മണിക്കൂറും 10 മിനിറ്റും കൊണ്ട് എത്താന്‍ കഴിയുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്യുന്നത്. മണിക്കൂറില്‍ 300-350 കിലോമീറ്റര്‍ വേഗത്തിലാവും ട്രെയിന്‍ ഓടുക.
പ്രാഥമിക ചെലവ് 77,000 കോടി രൂപയാണെങ്കിലും നികുതി ഉള്‍പ്പെടെ 90,000 കോടി വരെ ആവുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 9 വര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ചെലവ് 1,20,000 കോടിയായി ഉയര്‍ന്നേക്കാം. അതേസമയം, പദ്ധതിയെ സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനാല്‍ മുന്നണിയില്‍ ചര്‍ച്ചചെയ്ത ശേഷമാവും സര്‍ക്കാര്‍ തീരുമാനമെടുക്കുക. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എല്‍ഡിഎഫ് അംഗീകരിച്ചാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശയോടെ റിപോര്‍ട്ട് കേന്ദ്രത്തിനു കൈമാറും. പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിയാവുമെന്ന് കരട് റിപോര്‍ട്ടില്‍ ഡിഎംആര്‍സി വ്യക്തമാക്കിയിരുന്നു. കാസര്‍കോടുവരെ പദ്ധതി നടപ്പാക്കാനാണു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വരെ നടപ്പാക്കാമെന്നു പുതിയ റിപോര്‍ട്ടില്‍ പറയുന്നു.
ഇതിനായി 2500 ഏക്കര്‍ ഭൂമിയേറ്റെടുക്കണം. ഇതില്‍ പകുതിയിലേറെ സ്വകാര്യഭൂമിയാണ്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാവും റെയില്‍പ്പാത നിര്‍മിക്കുക. 20 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും.
പാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 15 മീറ്റര്‍ അകലത്തിനുള്ളില്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. കൃഷിചെയ്യാനും മരങ്ങള്‍ നടാനും അനുവാദമുണ്ട്. വൈദ്യുതി ഉപയോഗിച്ചാണ് റെയില്‍ പ്രവര്‍ത്തിക്കുക. ഒമ്പത് സ്റ്റേഷനുകളുണ്ടാവും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. കൊച്ചുവേളിക്ക് സമീപമാവും പ്രധാന ഡിപ്പോയും സ്റ്റേഷനും. 2010ലാണ് സാധ്യതാപഠനം നടത്താന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയത്. 2011ല്‍ പഠനം പൂര്‍ത്തിയാക്കി 2015ല്‍ കരട് റിപോര്‍ട്ട് സമര്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക