|    May 29 Mon, 2017 5:51 am
FLASH NEWS

തിരുവനന്തപുരം എടിഎം തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റില്‍

Published : 10th August 2016 | Posted By: SMR

രുവനന്തപുരം: തലസ്ഥാനനഗരത്തെ ഞെട്ടിച്ച് എടിഎമ്മില്‍ രഹസ്യകാമറ സ്ഥാപിച്ചു പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. റുമേനിയന്‍ പൗരന്‍ മരിയന്‍ ഗബ്രിയേല്‍ ഇലി ആണ് മുംബൈയില്‍ പിടിയിലായത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ വിദേശികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ രാത്രി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച് മടങ്ങവെ പോലിസ് ഇയാളെ പിടികൂടുകയായിരുന്നെന്ന് അന്വേഷണസംഘത്തലവന്‍ ഐജി മനോജ് എബ്രഹാം അറിയിച്ചു. റുമേനിയന്‍ സ്വദേശികളായ ക്രിസ്റ്റിന്‍ വിക്ടര്‍, ബോഗ ബീന്‍ ഫ്‌ളോറിന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇവരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് പോലിസിന് ലഭിച്ചു. പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എടിഎം തട്ടിപ്പ് അന്വേഷിക്കുന്നതിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രതികള്‍ മുംബൈയിലുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് അന്വേഷണസംഘം അങ്ങോട്ടു തിരിച്ചിരുന്നു. രാജ്യാന്തര ഏജന്‍സികളുടെ സഹകരണത്തോടെ അന്വേഷണം വ്യാപിപ്പിക്കുമെന്നും ഐജി പറഞ്ഞു. വിനോദസഞ്ചാരികളെന്ന പേരില്‍ റുമേനിയന്‍ സ്വദേശികള്‍ കോവളം, തമ്പാനൂര്‍, സ്റ്റാച്യു എന്നിവിടങ്ങളിലെ മൂന്ന് ആഡംബര ഹോട്ടലുകളിലാണു മുറിയെടുത്തു താമസിച്ചത്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ ജൂണ്‍ അവസാനവും ജൂലൈ ആദ്യവും ഹോട്ടലുകളില്‍ താമസിച്ചതായാണു വിവരങ്ങള്‍. ഹോട്ടലുകളില്‍ നല്‍കിയ ഇവരുടെ പാസ്‌പോര്‍ട്ടിന്റെയും സീ ഫോമിന്റെയും കോപ്പികള്‍ പോലിസ് കണ്ടെടുത്തു. ജൂലൈ എട്ടിന് ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12ാം തിയ്യതി മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണു മുറിയെടുത്തത്. പിന്നീട് രണ്ടുപേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേര്‍ന്നു. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്. തലസ്ഥാനം ചുറ്റിക്കാണാന്‍ കോവളത്തുനിന്നു വാടകയ്‌ക്കെടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ബൈക്കും ഇവര്‍ ഉപയോഗിച്ച ഹെല്‍മെറ്റും പോലിസ് കണ്ടെടുത്തു. എടിഎം കൗണ്ടറില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങ ള്‍ നേരത്തെ പോലിസിന് ലഭിച്ചിരുന്നു. ഇതില്‍നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. ജൂണ്‍ 30നാണു വിദേശികള്‍ തലസ്ഥാനത്ത് എത്തിയത്. അന്നു രാവിലെ കാമറയും കാര്‍ഡ് റീഡറും എടിഎമ്മില്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീട് വൈകീട്ട് വീണ്ടുമെത്തി കാമറകള്‍ സ്ഥാപിച്ചു. 6.21നും 6.26നുമാണ് ഇവരെത്തിയതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തിയ്യതികളില്‍ എടിഎം ഉപയോഗിച്ചവരുടെ പണമാണു നഷ്ടമായത്. ഇപ്പോള്‍ പണം നഷ്ടമായെന്നു പരാതിപ്പെട്ടിരിക്കുന്നതു ചെറിയൊരു വിഭാഗമാണെങ്കിലും കൂടുതല്‍ ആളുകള്‍ക്കു പണം നഷ്ടമായിട്ടുണ്ടാവാം എന്നാണ് പോലിസ് നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day