|    Oct 18 Wed, 2017 1:11 pm
FLASH NEWS

തിരുനെല്ലിയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published : 3rd August 2016 | Posted By: SMR

മാനന്തവാടി: തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയില്‍ കര്‍ക്കടക വാവ് ദിനത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ചടങ്ങുകള്‍ ആരംഭിച്ച പുലര്‍ച്ചെ 2.30 മുതല്‍ തന്നെ നീണ്ടനിര രൂപപ്പെട്ടു.
ബസ് പാര്‍ക്കിങ് സ്ഥലം തൊട്ട് പാപനാശിനി വരെ എകദേശം ഒരു കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറിലധികം ക്യൂ നിന്നാണ് ഭക്തര്‍ പാപനാശിനിയില്‍ ചടങ്ങുകള്‍ക്കെത്തിയത്. മഴ അകന്നുനിന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായി. പോലിസ് പാപനാശിനി വരെ ബാരിക്കേഡുകള്‍ തീര്‍ത്താണ് തിരക്ക് നിയന്ത്രിച്ചത്.
ഉച്ചയ്ക്ക് 2.15ന് വാവ് തീര്‍ന്നെങ്കിലും നിരവധി പേര്‍ അതിനു ശേഷവും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. വെള്ളം ഗതിമാറ്റി ഒഴുക്കിയാണ് കൂടുതല്‍ പേര്‍ക്ക് ബലി കര്‍മങ്ങള്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയത്. കെഎസ്ആര്‍ടിസി, പ്രിയദര്‍ശിനി ബസ്സുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലേക്ക് സര്‍വീസ് നടത്തി. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന് ബസ്സുകള്‍ എത്തിച്ചാണ് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കു പുറമെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ കുട്ട, ഗോണിക്കുപ്പ, കുടക് എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരാണ് തിരുനെല്ലിയിലെത്തിയത്. എ സി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ക്ഷേത്രത്തിലെ കര്‍മങ്ങള്‍ക്ക് മേല്‍ശാന്തി നീലമന ഇല്ലം ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക