|    Apr 20 Fri, 2018 12:40 pm
FLASH NEWS

തിരുകൊച്ചി തട്ടിപ്പ്: സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ തട്ടിയതായി സൂചന

Published : 1st July 2016 | Posted By: SMR

ആലുവ: തിരുകൊച്ചി കാര്‍ഷിക ഉല്‍പാദക സംസ്‌കരണ വിപണന സംഘത്തിന്റെ പേരില്‍ ആലുവയില്‍ നടന്ന കോടികളുടെ തട്ടിപ്പിന് പിന്നില്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന. 8 കോടിയിലധികം രൂപയാണ് സംഘം പ്രസിഡന്റ് സുനില്‍ തട്ടിയത്. ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ രക്ഷപ്പെടുത്താന്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകളടക്കം നടത്തിയിരുന്നു. കേസില്‍ പോലിസ് നടപടികളും വിവാദമായിരുന്നു. നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരയായതെങ്കിലും നാലുപേര്‍ മാത്രമാണ് ഇതിനകം പരാതി നല്‍കിയത്. ഒരു വര്‍ഷം തൃശൂര്‍ കേന്ദ്രമാക്കി മറ്റൊരു പേരില്‍ ഇതേ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റിലായിരുന്നു. വീണ്ടും ഇത്തരത്തില്‍ ഒരു തട്ടിപ്പിന് കൂടി അവസരം ഒരുക്കിയതിന് പിന്നില്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് ആക്ഷേപം.
സംഘത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി തുടങ്ങിയുള്ള കാര്യങ്ങളിലും ഏറെ ദുരൂഹതകളുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാര്‍ പരിശോധനയ്ക്ക് പുറപ്പെട്ട സമയത്ത് സഹകരണ മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അന്വേഷണം മരവിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എആര്‍ ഓഫിസില്‍നിന്ന് കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്ന ആളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലിസ്. സഹകരണ വകുപ്പില്‍നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് ഉറപ്പായതോടെ വകുപ്പുതല അന്വേഷണത്തിന് അവസരം ഒരുങ്ങിയിരിക്കുകയാണ്. തൃശൂരില്‍ സമാനമായ തട്ടിപ്പ് നടത്തിയ ശേഷം അതേ ആളുടെ പേരില്‍ ഇവിടെ രജിസ്‌ട്രേഷന്‍ ലഭിച്ചു എന്നു മാത്രമല്ല, വര്‍ണാഭമായ ഉദ്ഘാടനത്തിന് സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ പങ്കെടുത്തതും പണം മുടക്കിയവരില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചു. ഉദ്ഘാടന ദിവസം ആഭ്യന്തരമന്ത്രി തന്നെ ഇപ്പോഴത്തെ കെപിസിസി സെക്രട്ടറിയും വാമനപുരം സ്ഥാനാര്‍ഥിയുമായ സുഹൃത്ത് ക്ഷണിച്ചത് കൊണ്ടാണ് താന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എ, ഐ ഭിന്നത നിലനില്‍ക്കുന്ന ആലുവയില്‍ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ഗ്രൂപ്പ് യുദ്ധത്തിന് വഴിവച്ചിട്ടുണ്ട്.
സഹകരണ ബാങ്കിന്റെ മറവില്‍ സര്‍ക്കാര്‍ നിരോധിച്ച മണിചെയിന്‍ തട്ടിപ്പും ഇവര്‍ നടത്തിയിരുന്നു. 10 ലക്ഷം രൂപ മുടക്കിയാല്‍ പ്രതിമാസം 50,000 രൂപ വരെയും ലാഭവിഹിതം നല്‍കാമെന്നും സംഘം ഭാരവാഹികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇത്തരത്തിലും ലക്ഷങ്ങള്‍ ഇവര്‍ കൈക്കലാക്കിയിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാടുകളും ബിനാമി പേരുകളില്‍ ഇവര്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. തട്ടിപ്പില്‍ പിടിയിലായ പ്രസിഡന്റിനെ മാത്രം കരുവാക്കി രക്ഷപ്പെടാനുള്ള ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ നടപടിയും ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്. തട്ടിപ്പില്‍ ഡയറക്ടര്‍മാര്‍ക്ക് കൂടി പങ്കുള്ളതായുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്യാനാണ് പോലിസിന്റെ നീക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss