|    Apr 25 Wed, 2018 8:09 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

തിരിയുന്ന ചക്രക്കസേരയുടെ പണി തുടങ്ങി

Published : 3rd July 2016 | Posted By: SMR

slug-madhyamargamഭരണം എന്നു തുടങ്ങിയോ അന്നുമുതല്‍ ഭരണപരിഷ്‌കാരത്തെക്കുറിച്ച് ആലോചനകളും തുടങ്ങിയിട്ടുണ്ട്. ജനാധിപത്യഭരണത്തിനു മുമ്പ് അടിമരാജ്യമായി ഇരിക്കുന്ന അവസരത്തിലും രാജാക്കന്മാരുടെ കാലഘട്ടത്തിലും പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചനകളും ചര്‍ച്ചകളും നടപടികളും ഉണ്ടായിട്ടുണ്ട്.
സോവിയറ്റ് യൂനിയനില്‍ ഭരണപരിഷ്‌കാരം കൊണ്ടുവന്ന ഭരണാധികാരിയായിരുന്നു ഗൊര്‍ബച്ചേവ്. ഭരണപരിഷ്‌കാരങ്ങളൊക്കെ യഥാവിധി സ്വീകരിച്ച് നടപ്പില്‍ വരുത്തിയ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ജനങ്ങള്‍ പുറത്താക്കി. കമ്മ്യൂണിസവും മുതലാളിത്തവും കൂടിച്ചേര്‍ന്ന് പുതിയൊരു പരിഷ്‌കാരം ചൈനയിലും നടപ്പാക്കിവരുന്നു. നമ്മുടെ രാജ്യത്താണെങ്കില്‍ സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ കേന്ദ്രതലത്തില്‍ പരിഷ്‌കാര ചര്‍ച്ചകള്‍ മുടങ്ങാതെ നടന്നുവരുന്നു. പരിഷ്‌കാര റിപോര്‍ട്ടുകളും സ്‌കീമുകളും പ്രൊജക്റ്റുകളുംകൊണ്ട് കേന്ദ്രമന്ത്രിമാരുടെ അലമാരകള്‍ നിറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നപ്പോഴാണ് ഭരണം നടത്തണമെങ്കില്‍ പരിഷ്‌കാരം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനവും ഭരണപരിഷ്‌കാര വേദിയുമൊക്കെയായി നടന്നിരുന്ന പ്രമുഖ പൊതുപ്രവര്‍ത്തകന്‍ പി ടി ഭാസ്‌കരപ്പണിക്കര്‍ തുടങ്ങി പല പ്രഗല്ഭമതികളും അന്ന് പരിഷ്‌കാര റിപോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതായി രേഖകളുണ്ട്. എന്നാല്‍, അന്നത്തെ സമാരാധ്യ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആര്‍ സുഗതന്‍ സാറാണ് ഭരണപരിഷ്‌കാരത്തിന് ഒറ്റമൂലി പരസ്യമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് ചുട്ടെരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ, അത് ആരും ഗൗനിച്ചില്ല. പരിഷ്‌കാരത്തിനായി പാര്‍ട്ടിനേതാക്കള്‍ വരെ പരസ്യമായി നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ മന്ത്രിസഭായോഗം ചേര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചെയര്‍മാനായി ഒരു ഭരണപരിഷ്‌കാര കമ്മിറ്റിയോ, അല്ല കമ്മീഷനോ രൂപീകരിച്ചു. വര്‍ഷം കുറേയായതിനാല്‍ കമ്മിറ്റിയോ കമ്മീഷനോ എന്നു കൃത്യമായി പറയാന്‍ നിവൃത്തിയില്ല. സഖാവ് ഇഎംഎസിന്റെ പ്രധാന ശിഷ്യനായിരുന്ന സഖാവ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ചെയര്‍മാനായി ഭരണപരിഷ്‌കാര കമ്മിറ്റിയോ കമ്മീഷനോ രൂപീകരിച്ചിട്ടുണ്ട്.
ഒരു ഫയലില്‍ ഒപ്പിടാന്‍ കഴിഞ്ഞ വര്‍ഷം 1,000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം അത് 2,000 ആയി വര്‍ധിപ്പിക്കുന്നു. അതായത് കൈക്കൂലിയില്‍ 100 ശതമാനം വര്‍ധന. ചുവപ്പുനാടയുടെ നീളം ഓരോ വര്‍ഷവും കൂട്ടുക, ജോലിസമയം കുറച്ചുകൊണ്ടുവരുക, ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നതിന്റെ ദിവസം വര്‍ധിപ്പിക്കുക, ജനങ്ങളെ കണ്ടാല്‍ കണ്ണടച്ചുപിടിക്കുക, പുച്ഛിക്കുക, അപമാനിക്കുക, തട്ടിക്കയറുക, മേലുദ്യോഗസ്ഥര്‍ പറഞ്ഞാല്‍ അനുസരിക്കാതിരിക്കുക, സര്‍ക്കാര്‍ ഓഫിസുകള്‍ യൂനിയന്‍ ഓഫിസുകളാക്കി മാറ്റുക തുടങ്ങി ജനോപകാരപ്രദങ്ങളായ എത്രയോ പരിഷ്‌കാരങ്ങള്‍ ഇവിടെ നടപ്പാക്കിവരുന്നുണ്ട്. ഒന്നുരണ്ട് കാര്യങ്ങളിലേ ഇനി പരിഷ്‌കാരം അത്യാവശ്യമായിട്ടുള്ളൂ. അതില്‍ പ്രധാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂനിഫോമാണ്. ആണുങ്ങള്‍ക്ക് ജുബ്ബ വേണോ ഷര്‍ട്ട് വേണോ, ഷര്‍ട്ടാണെങ്കില്‍ കൈയുള്ളതു വേണോ കൈയില്ലാത്തതു വേണോ, തുണി ഖാദി വേണോ കോട്ടണ്‍ വേണോ, ബനിയന്‍ ഇട്ട് വരാമോ ഇങ്ങനെ എന്തൊക്കെയാണ് പരിശോധിക്കേണ്ടത്.
ഒരു സര്‍ക്കാരിനെ സംബന്ധിച്ച് തലവേദന പിടിച്ച പണിയാണിത്. അതിനാല്‍ പരിഷ്‌കാര കമ്മീഷന്‍ ഇല്ലാതെ നടക്കില്ല. അതിന്റെ ചെയര്‍മാന്‍ ഒരുപാടുകാലം ജീവിച്ച, പലപല വേഷങ്ങള്‍ കണ്ടു ശീലിച്ച സൗന്ദര്യാരാധകന്‍ കൂടിയാവണം. അനിവാര്യമായ മറ്റൊരു പരിഷ്‌കാരം ഭാര്യയുടെ പ്രസവത്തിനു ഭര്‍ത്താവിന് എത്രകാലം ശമ്പളത്തോടുകൂടിയുള്ള അവധി കൊടുക്കണമെന്നതാണ്. തീരുമാനം എടുക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള വിഷയമാണിത്. കമ്മീഷന്‍ ഇല്ലാതെ ഇത് നടപ്പാക്കാന്‍ പറ്റില്ല. ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും അവധി വേണമെന്ന അഭിപ്രായം പൊന്തിവന്നിട്ടുണ്ട്. ഇതുപോലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ തന്നെ ക്രമസമാധാനപ്രശ്‌നം തീര്‍ച്ചയായും ഉണ്ടാവും. അതുകൊണ്ട് കേരളത്തില്‍ രൂപീകരിക്കുന്ന കമ്മീഷന് കാബിനറ്റ് റാങ്ക് മാത്രം പോര, ജുഡീഷ്യല്‍ അധികാരം കൂടി വേണ്ടിവരും. ചെയര്‍മാന് ഒരു ജസ്റ്റിസിന്റെ പദവി കൂടി കൊടുക്കേണ്ടിവരും. എക്‌സ് ചീഫ്മിനിസ്റ്ററും കേരള കാസ്‌ട്രോയുമായ വിപ്ലവനേതാവ് സഖാവ് വി എസ് അച്യുതാനന്ദനെ തന്നെ ചെയര്‍മാനായി തിരഞ്ഞെടുക്കുന്നത് മലയാളികളുടെ മഹാഭാഗ്യമാണ്.
ചെയര്‍മാന് ഇരിക്കാന്‍ കസേരയുടെ പണി തുടങ്ങിയിട്ടുണ്ട്. കേരള കാസ്‌ട്രോയായതിനാല്‍ സാധാരണ കസേര പോര. മുന്‍ മുഖ്യമന്ത്രിയായതിനാല്‍ നിലവിലെ മുഖ്യമന്ത്രിയേക്കാള്‍ ഒരു പണത്തൂക്കം പവറും പത്രാസും കസേരയ്ക്ക് ഉണ്ടാവണം. തിരിയുന്ന ചക്രക്കസേരയാണ് പൂര്‍ത്തിയായി വരുന്നത്. സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍നിന്നു വളരെ അകലെ സ്ഥാപിക്കുന്ന ഈ കസേരയുടെ സ്വിച്ച് എകെജി സെന്ററിലായിരിക്കും. ഇതിനായി പാര്‍ട്ടിനേതൃത്വം ഒരു സഖാവിനെ ഓഫിസില്‍ കൂലികൊടുത്തു നിയമിച്ചിട്ടുണ്ടത്രെ.
മുഖ്യമന്ത്രിയായിരുന്ന അഞ്ചുകൊല്ലവും പാര്‍ട്ടിയുമായുള്ള ലിങ്ക് വിട്ടുപോയതുകൊണ്ട് അതൊന്നു പുതുക്കാനാണത്രെ ഈ ഏര്‍പ്പാട്. കസേരയുടെ കാര്യത്തിലേ ഈ ലിങ്കുള്ളൂ. കൊടിയില്ലാത്ത സര്‍ക്കാര്‍ കാറില്‍ സഞ്ചരിക്കാം, സ്റ്റാഫിനെ വയ്ക്കാം, പ്രസംഗിക്കാന്‍ പോവാം, പ്രസ്താവനകള്‍ ഇറക്കാം. കേട്ടിടത്തോളം കമ്മീഷന് ചെറിയൊരു പോരായ്മ മാത്രമേയുള്ളൂ. കാബിനറ്റ് പദവിയുള്ള ചെയര്‍മാന് കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് മോശമായിപ്പോയി. എത്രയും വേഗം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഈ കുറവു കൂടി പരിഹരിച്ചുകൊടുക്കേണ്ടതാണ്.
കാബിനറ്റ് പദവിക്കൊപ്പം മുഖ്യമന്ത്രിയുടെ പദവി കൂടി ചെയര്‍മാന് കൊടുത്താല്‍ എന്താണു കുഴപ്പം. നമ്മുടെ കൊച്ചുസംസ്ഥാനത്ത് ഒരേസമയം രണ്ടു മുഖ്യമന്ത്രിമാര്‍ ഉണ്ടാവുന്നത് ജനങ്ങള്‍ക്ക് ആശ്വാസമല്ലേ!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss