|    Jan 16 Mon, 2017 8:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തിരിച്ചെത്തിക്കാന്‍ മാത്രം മതിയോ സര്‍ക്കാര്‍ ?

Published : 3rd August 2016 | Posted By: Imthihan Abdulla

imthihan-SMALL
സൗദിയില്‍ മാസങ്ങളായി ശബളം ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ദിവസങ്ങളായി പട്ടിണിയിലായ തെഴിലാളികള്‍ക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ലഭ്യമാക്കാനും നടപടിയായിട്ടുണ്ട. അതത്രയും നല്ലത്. പക്ഷേ ഇതുകൊണ്ട് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നുവോ?. അഥവാ സര്‍ക്കാര്‍തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു എന്നു പറയാന്‍ സാധ്യമാണോ? അസഹ്യമായ ചൂടിലും തണുപ്പിലും അഹോരാത്രം അധ്വാനിച്ചതിന്റെ പ്രതിഫലം ഈ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ടതില്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ അധികാരികള്‍ക്കും പങ്കില്ലേ? തൊഴിലാളികളുടെ അവകാശങ്ങള്‍ ഏതു സാഹചര്യത്തിലും സംരക്ഷിക്കപ്പെടുന്ന വ്യക്തമായ തൊഴില്‍ കരാര്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഉണ്ടായിരുന്നെങ്കില്‍ തൊഴിലാളികള്‍ക്ക് ആ രാജ്യങ്ങളിലെ ലേബര്‍കോര്‍ട്ടുകളെ സമീപിച്ച് മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാമായിരുന്നില്ലേ. ഇന്ത്യയെക്കാള്‍ ദരിദ്രരായ പല രാഷ്ട്രങ്ങളും വീട്ടുവേലക്കാരടക്കമുളള തങ്ങളുടെ പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കരാറുകള്‍ നേടിയെടുത്തിട്ടുണ്ട്. ആ കരാറുകള്‍ ലംഘിക്കപ്പെടുകയോ തങ്ങളുടെ പൗരന്‍മാര്‍ പീഡിപ്പിക്കപ്പെടുയോ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് അതത് രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ സദാ ജാഗരൂകരുമാണ്. ഇപ്പോഴത്തെ പ്രതിസന്ധി ആകസ്മികമായി ഉണ്ടായതല്ല. മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച എണ്ണവിലയിടിവിനെത്തുടര്‍ന്ന് വരാന്‍ പോകുന്ന ഭീഷണമായ സാഹചര്യം വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും കോടികളുടെ വിദേശ നാണ്യം രാജ്യത്തിനു മാസം തേടിത്തരുന്ന പ്രവാസികളുടെ കാര്യത്തില്‍ഉത്തരവാദപ്പെട്ടവര്‍ അലംഭാവം കാണിച്ചതിന്റെ പരിണിത ഫലമാണ് ഈ ദുരിതങ്ങള്‍. കാലാകാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണാധികാരിക്ള്‍ ഗള്‍ഫിലെ എണ്ണപ്പെട്ട സമ്പന്ന പ്രവാസികളുമായി മാത്രം ആശയവിനിമയം നടത്താന്‍ താല്‍പര്യപ്പെടുകയും അവരുടെ പ്രശ്‌നങ്ങളില്‍ മാത്രം താല്‍പര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തതിന്റെ കൂടി അനന്തരഫലമാണ് ഇന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ അനുഭവിക്കുന്നത്.
ഏതായാലും വിഷയത്തിന്റെ പശ്ചാത്തല കാരണങ്ങള്‍ കൂടുതല്‍ വിചിന്തനം ചെയ്തതുകൊണ്ടു കാര്യമില്ല. സംഭവിക്കാനുളളത് സംഭവിച്ചു. ദുരിതബാധിതര്‍ക്ക് പരമാവധി ആശ്വാസം പകരാമുളള ശ്രമങ്ങളാണ് ഇനി ഉണ്ടാവേണ്ടത്. അതിലൊന്നാമത്തെ പരിഗണന തൊഴിലാളികള്‍ക്ക് കിട്ടാനുളള ശബള കുടിശ്ശിക വാങ്ങിയെടുക്കാനായിരിക്കണം. അതോടൊപ്പം മറ്റൊരു വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ കമ്പനികള്‍ പ്രതിസന്ധിയിലായി എന്നതിനര്‍ത്ഥം ഗള്‍ഫില്‍ എല്ലാം അവസാനിച്ചു എന്നല്ല. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ മേഖലയില്‍ ഇപ്പോഴുമുണ്ട്. ഗള്‍ഫിലെ പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടായിട്ടുളള ഈ തൊഴിലാളികളെ ഇത്തരം കമ്പനികള്‍ക്ക് ആവശ്യമുണ്ട്. ചക്കാത്തിന് ലഭിച്ച കാലിയായി വരുന്ന ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ ഇന്ത്യയിലെത്തിക്കാന്‍ തിടുക്കപ്പെടുന്നതിനു മുമ്പ് ആ പാവങ്ങള്‍ക്ക് ജീവസന്ധാരണത്തിന് സൗദിയില്‍തന്നെ സംവിധാനങ്ങളുണ്ടാക്കുന്നതായിരിക്കും അവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുക. തുടരാന്‍ താല്‍പര്യപ്പെടാത്തവരെ മാത്രം തിരിച്ചെത്തിക്കാം. അവരെ സ്വീകരിച്ച് വിദേശകാര്യ മന്ത്രിമാര്‍ക്കും മറ്റുളളവര്‍ക്കും സെല്‍ഫിയെടുത്ത് ട്വീറ്റുകയുമാവാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,892 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക