|    Mar 25 Sat, 2017 11:53 am
FLASH NEWS

തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണം

Published : 4th August 2016 | Posted By: SMR

സാമ്പത്തിക പ്രതിസന്ധിമൂലം കമ്പനികള്‍ അടച്ചുപൂട്ടുന്നതിനാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ വഴിയാധാരമായിരിക്കുന്നത്. അവരില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ. മതിയായ തൊഴില്‍ കരാറുകള്‍ ഇല്ലാത്തതിനാലും ഫാക്ടറികള്‍ക്ക് തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സികളുടെ കൊള്ളരുതായ്മയും കാരണം പല പ്രവാസികള്‍ക്കും നഷ്ടപരിഹാരമോ തൊഴില്‍പരമായ മറ്റാനുകൂല്യങ്ങളോ ലഭിക്കാറില്ല. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ മുങ്ങുന്നു.
ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിയെടുക്കുന്ന സൗദി ഓജര്‍, ബിന്‍ലാദിന്‍ ഗ്രൂപ്പ് തുടങ്ങിയ വ്യവസായ- വാണിജ്യസ്ഥാപനങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ തൊഴിലാളികളെ തെരുവാധാരമാക്കിയിരിക്കുന്നത്. ഇത്തരം വലുതും ചെറുതുമായ സംരംഭങ്ങള്‍ക്കൊക്കെയും അവര്‍ പൂര്‍ത്തിയാക്കിയ പ്രൊജക്റ്റുകള്‍ക്ക് നല്‍കേണ്ട തുക സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിയിലേക്കു വഴിവച്ചത്. 40 ശതമാനത്തോളം തൊഴിലില്ലായ്മയുള്ള രാജ്യത്ത് സ്വദേശിവല്‍ക്കരണം മൂലമുണ്ടായ അനിശ്ചിതാവസ്ഥയും ബാധിക്കുന്നത് പ്രധാനമായും മലയാളികളെയാണ്.
അതിനനുസരിച്ച് സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദേശനാണ്യ വരവില്‍ ഗണ്യമായ കുറവു വന്നുകൊണ്ടിരിക്കുന്നുമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ പല പ്രാവശ്യം ഇക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതാണ്.
എന്നാല്‍, വിദേശകാര്യ വകുപ്പ് ഇപ്പോള്‍ മാത്രമാണ് പ്രവാസി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ കണ്‍മുമ്പില്‍ വച്ചാണ് ആയിരക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങിയത്. വിവരം ഡല്‍ഹിയിലെത്തുന്നത് ഏതോ ഒരു പ്രവാസി അയച്ച ട്വിറ്റര്‍ സന്ദേശം മൂലമാണത്രെ! അതും തൊഴിലാളികള്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നത് പ്രവാസി സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും.
ഗള്‍ഫിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ ആശ്രയിച്ചാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തന്നെ നിലനില്‍ക്കുന്നത്. പ്രവാസി ഭാരതീയ ദിവസില്‍ അവരെ കാണില്ലെങ്കിലും അവരില്ലെങ്കില്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ ലോകോത്തരമായ വികസന മാതൃക അറബിക്കടലില്‍ ഒലിച്ചുപോവുകയേയുള്ളൂ.
വിദേശകാര്യ മന്ത്രാലയം രണ്ടു സഹമന്ത്രിമാരെ ഗള്‍ഫിലേക്ക് അയച്ചതു നന്നായി. എന്നാല്‍ തൊഴിലാളികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുമപ്പുറം തൊഴിലാളുടെ നഷ്ടപ്പെട്ട വേതനവും മറ്റാനുകൂല്യങ്ങളും തിരിച്ചുപിടിക്കുന്നതിനു ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര ഭരണകൂടം തയ്യാറാവേണ്ടതുണ്ട്. തിരിച്ചുവരുന്നവരുടെ പുനരധിവാസം കടലാസില്‍ മാത്രമായി തുടരുകയാണ്. ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവ് ഒരു യാഥാര്‍ഥ്യമായി പരിഗണിച്ച് ആവശ്യമായ പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. സമീപ ഭാവിയില്‍ രാഷ്ട്രം നേരിടാന്‍പോവുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് പ്രവാസി തൊഴിലാളികളുടെ പുനരാഗമനം.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക