|    Oct 17 Wed, 2018 2:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരിച്ചുവരവിനൊരുങ്ങി ഇ പി ജയരാജന്‍

Published : 21st September 2017 | Posted By: fsq

 

സമദ് പാമ്പുരുത്തി

കണ്ണൂര്‍: ബന്ധുനിയമന കേസില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി ജയരാജന് വീണ്ടും മന്ത്രിസഭയിലേക്കുള്ള സാധ്യത തെളിയുന്നു. ഏറെ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച കേസിന്റെ അന്വേഷണം തെളിവുകളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. സിപിഎമ്മിനെയും പിണറായി സര്‍ക്കാരിനെയും പിടിച്ചുലച്ച ഒരുവര്‍ഷം നീണ്ട വിവാദങ്ങള്‍ക്കാണ് ഇതോടെ അറുതിയാവുന്നത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേസില്‍ അഗ്നിശുദ്ധി വരുത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിച്ചേക്കും. ഇത് വിവാദങ്ങളില്‍ കുരുങ്ങി സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. 2016 ഒക്ടോബറിലായിരുന്നു വിവാദ നിയമനം. ജയരാജന്റെ ഭാര്യാ സഹോദരിയായ പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെഎസ്‌ഐഇ) മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നു. വിഷയത്തില്‍ സ്വന്തം ഓഫിസ് ഇറക്കിയ പത്രക്കുറിപ്പാണ് ഇ പി ജയരാജനെ രാജിയില്‍ കൊണ്ടെത്തിച്ചത്. സുധീറിനെ കെഎസ്‌ഐഇ എംഡിയായി നിയമിച്ച വിവരം മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ലെങ്കിലും നിയമനം റദ്ദാക്കിയത് വാര്‍ത്താകുറിപ്പായി വിതരണം ചെയ്യുകയുണ്ടായി. ഇതാണ് പ്രധാന തെളിവായി മാറിയത്. സുധീറിന്റെ അപേക്ഷ പരിഗണിച്ചാണ് നിയമനം നല്‍കിയതെന്ന വാര്‍ത്താകുറിപ്പിലെ വിശദീകരണവും വിനയായി. ഇതിനെതിരേ അണികള്‍ അടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് 2016 ഒക്ടോബര്‍ ആറിന് നിയമനം റദ്ദാക്കുകയായിരുന്നു. പകരം നേരത്തേ പദവിയിലുണ്ടായിരുന്ന കെ എം ബീനയ്ക്കു ചുമതല തിരിച്ചുനല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഇ പി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യയായ ദീപ്തി നിഷാദ് കേരള ക്ലേ ആന്റ് സിറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനമൊഴിഞ്ഞു. ഇരുസംഭവങ്ങളിലും മന്ത്രിയെ പ്രതിയാക്കി വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ കര്‍ശന നിര്‍ദേശ പ്രകാരം ഒക്ടോബര്‍ 14ന് ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വികാരവും അദ്ദേഹത്തിനെതിരായി. 2017 ഏപ്രിലില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഇ പി ജയരാജനും പി കെ ശ്രീമതിക്കും കര്‍ശന താക്കീതാണ് നല്‍കിയത്. ഇരുനേതാക്കള്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ കുറ്റപത്രം. 2016 നവംബര്‍ 20ന് പിണറായി സര്‍ക്കാരിന്റെ പ്രഥമ മന്ത്രിസഭാ പുനസ്സംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി ഇ പി ജയരാജന്‍ സംസ്ഥാനസമിതി യോഗത്തി ല്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭയില്‍ ഇ പി ജയരാജന്റെ പിന്‍ഗാമിയെ തീരുമാനിച്ചതും വകുപ്പ് പുനസ്സംഘടിപ്പിച്ചതും സംസ്ഥാന സെക്രട്ടേറിയറ്റ് പോലും അറിയാതെയാണെന്നാണു ആരോപണം. ഇ പി ജയരാജനെതിരായ ആരോപണത്തില്‍ അഴിമതി നിരോധന നിയമം 13 (1) ഡി വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് വിജിലന്‍സ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss