|    Oct 22 Mon, 2018 6:05 pm
FLASH NEWS

തിരിച്ചുനല്‍കി, കൊക്കിന് ജീവനും നാട്ടിന്‍പുറത്തിന്റെ നന്മയും

Published : 14th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഒരു കൊക്കിന്റെ ജീവന്‍ രക്ഷിക്കുന്നത് അത്ര വലിയ കാര്യമാണോ? നാട്ടിന്‍ പുറങ്ങളില്‍ പോലും നന്മ വറ്റിത്തുടങ്ങിയ ഇക്കാലത്ത് ഒരു കൊക്കിന്റെ ജീവനു വേണ്ടി ഒരുകൂട്ടം ആളുകള്‍ നടത്തിയ പ്രയത്‌നമറിഞ്ഞാല്‍ ബോധ്യപ്പെടും, അവര്‍ തിരിച്ചുനല്‍കിയത് കൊക്കിന്റെ ജീവന്‍ മാത്രമല്ല, നാട്ടിന്‍പുറത്തിന്റെ നന്മകൂടിയാണെന്ന്. പനമരം പാലത്തിന് സമീപം കേബിള്‍ വയറില്‍ കുരുങ്ങി മരണത്തെ മുഖാമുഖം കണ്ടുകിടന്ന കൊക്കിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. നാട്ടുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് കേബിള്‍മുറിച്ച് രക്ഷിക്കുന്നതിനിടയില്‍ ചിറകിന് പരിക്കേറ്റ കൊക്ക് പുഴയിലേക്ക് വീണെങ്കിലും ജീവന്‍പോലും അവഗണിച്ച് യുവാവ് പുഴയില്‍ ചാടി പക്ഷിയെ കരയ്‌ക്കെത്തിച്ചു. പനമരം പോലിസും സദ്പ്രവൃത്തിയില്‍ പങ്കാളികളായി. ദേശാടനപ്പക്ഷികളുടെ കൊറ്റില്ലങ്ങളാല്‍ ലോക പ്രശസ്തമാണ് പനമരം. വൈവിധ്യമാര്‍ന്ന കൊക്കുകളാല്‍ സമ്പന്നമാണിവിടത്തെ കൊറ്റില്ലം. തദ്ദേശവാസികളുടെ സ്‌നേഹവും പരിഗണനയും സംരക്ഷണവുമാണ് പനമരത്തെ കൊറ്റില്ലങ്ങളുടെ നിലനില്‍പിന് ആധാരം. പോണ്ട് ഹെറോണ്‍ വിഭാഗത്തില്‍പെട്ട ഒരു കൊക്ക് പനമരം പാലത്തിന് സമീപത്തെ കേബിളില്‍ കുരുങ്ങിയത് കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലിസ് സ്ഥലത്തെത്തിയതിനുശേഷം പ്രദേശവാസികളായ വരിക്കോളി അജ്മല്‍, എ പി ഇബ്രാഹീം, ബി കെ റഷീദ്, പി ഡി അനില്‍, സി കെ മുജീബ് എന്നിവര്‍ സാഹസികമായി കേബിള്‍ മുറിച്ച് കൊക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ചിറകിന് മുറിവേറ്റ് അവശനിലയിലായിരുന്ന കൊക്ക് പാലത്തിന് നേരെ താഴെ പുഴയിലേക്ക് വീണു. മഴയില്‍ നിറഞ്ഞുകവിഞ്ഞ പുഴയിലെ ഒഴുക്കും ചീങ്കണ്ണിയുടെ സ്ഥിരം സാന്നിധ്യവും വകവയ്ക്കാതെ പ്രദേശവാസിയായ മോനാവ എന്ന സഹദ് പുഴയിലേക്ക് എടുത്തുചാടി പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന കൊക്കിനെ രക്ഷിച്ച് കരയ്‌ക്കെത്തി. പിന്നീട് സമീപത്തെ മൃഗാശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കൊക്കിനെ പനമരം പോലിസിന് കൈമാറി. പനമരം എസ്‌ഐ ഉബൈദ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി കൊക്കിനെ ഏറ്റുവാങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss