|    Mar 23 Fri, 2018 1:06 am

തിരിച്ചറിയല്‍ രേഖകളുമായി മാതാപിതാക്കളെത്തി ; നാലുമാസങ്ങള്‍ക്കൊടുവില്‍ മോണ്ടി ഇന്ന് ഡല്‍ഹിക്ക് മടങ്ങും

Published : 12th August 2017 | Posted By: fsq

 

കൊച്ചി: ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ കൈകളിലെത്തുമ്പോള്‍ കൈയ്യില്‍ പച്ചകുത്തിയ മോണ്ടി എന്ന പേരുമാത്രമായിരുന്നു അടയാളം. നാടോ വീടോ അറിയില്ല. കേള്‍ക്കുവാനോ സംസാരിക്കാനോ കഴിയില്ലാത്തതിനാല്‍ മറ്റ് വിവരങ്ങളും അറിയാന്‍ നിര്‍വാഹമില്ലായിരുന്നു. ഒടുവില്‍ നീണ്ട നാലുമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒമ്പതുവയസുകാരന്‍ മോണ്ടിയുടെ അച്ചനേയും അമ്മയേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ ഒട്ടോറിക്ഷാ ഡ്രൈവറുടെ മകനാണ് മോണ്ടി. കൊച്ചിയിലെത്തിയ മാതാപിതാക്കള്‍ മോണ്ടിയെയും കൊണ്ട് ഇന്ന് ഡല്‍ഹിക്ക് തിരിക്കും. കഴിഞ്ഞമാര്‍ച്ച് 22 ന് എറണാകുളത്ത് തീവണ്ടിയില്‍ നിന്നും റെയില്‍വേ പോലിസാണ് മോണ്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. കൈയ്യില്‍ ഹിന്ദിയില്‍ പേര് പച്ചകുത്തിയിരുന്നതിനാല്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ് കുട്ടി വരുന്നതെന്ന് മനസിലാക്കി. ഹിന്ദിസംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുട്ടിയുടെ ഫോട്ടോ അയച്ചുകൊടുത്തുകൊണ്ട് അന്വേഷണം വ്യാപിച്ചുവെങ്കിലും ആദ്യം നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കുട്ടികളെ സംരക്ഷിക്കുന്ന വടുതലയിലുള്ള ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മോണ്ടിയെ താമസിപ്പിക്കാന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു. അതേസമയംതന്നെ ചൈല്‍ഡ് ലൈന്‍ കൊച്ചി കോ- ഓഡിനേറ്റര്‍ നിരീഷ് ആന്റണി കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരുന്നു. കോട്ടയം നീര്‍പ്പാറയിലെ അസ്സീസിയുടെ സെപഷ്യല്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ ചേര്‍ത്തത് മോണ്ടിയുടെ നാട് കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. അസ്സീസി സന്ദര്‍ശിച്ച സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ റിന്‍സി കുട്ടിയുമായി സംവദിച്ചതിലൂടെയാണ് മോണ്ടിയുടെ വീട് ഡല്‍ഹിയാണന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഡല്‍ഹിയിലുള്ള സുഹൃത്തുക്കളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വഴി മോണ്ടിയുടെ ഫോട്ടോ അയച്ചുകൊടുത്ത് അന്വേഷിച്ചതിലൂടെയാണ് മാതാപിതാക്കളെ കണ്ടെത്താനായത്. ഡല്‍ഹിയില്‍ നിന്നും അച്ചനമ്മമാര്‍ മോണ്ടിയുമായി നില്‍ക്കുന്ന ഫോട്ടോ ചൈല്‍ഡ് ലൈനിന്റെ ഇവിടത്തെ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത് സ്ഥിരീകരിച്ചു. മോണ്ടിയുടെ തിരിച്ചറിയല്‍ രേഖകളുമായി ഇന്നലെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. വീട്ടുകാരുമായി വഴക്കിട്ടാല്‍ ഇറങ്ങിപോകുന്ന സ്വഭാവക്കാരന് മോണ്ടി. ഡല്‍ഹി നഗരത്തില്‍ തന്നെയാണ് ഇവരുടെ വീട്. അതിനാല്‍ വീട്ടില്‍ നിന്ന് വഴക്കിട്ടപ്പോള്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിപ്പെട്ടതാകാമെന്നാണ് ഇവരുടെ നിഗമനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss