|    Jan 19 Thu, 2017 10:05 am

തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍

Published : 12th June 2016 | Posted By: SMR

slug-enikku-thonnunnathuനാസിര്‍ ചെറുവാടി, ദുബയ്

പ്രവാസം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാലത്തിലൂടെയാണു കടന്നുപോവുന്നത്. സ്വദേശിവല്‍ക്കരണവും മറ്റു കാരണങ്ങളുംകൊണ്ട് തിരിച്ചുവരവിന്റെ അനിവാര്യതയിലാണ് മലയാളി കുടിയേറ്റക്കാര്‍. ഗള്‍ഫിലെ ജോലികൊണ്ട് അതിജീവനം നേടിയ ബഹുഭൂരിപക്ഷം പേരും നാളെ എന്തുചെയ്യുമെന്ന ഭീതിയിലാണ്. കുടുംബത്തിന്റെ ‘അന്ന’ത്തിനുവേണ്ടി ഋതുക്കള്‍ മാറുന്നതറിയാതെ ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ പിന്നിട്ടവര്‍ നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെ ഭയപ്പെടുന്നു. വര്‍ഷങ്ങള്‍ മരുഭൂനഗരങ്ങളില്‍ ജോലിചെയ്തിട്ടും സ്വയം പുനരധിവാസം ഒരുക്കാന്‍ കഴിയാതിരുന്ന പലരുടെയും മുമ്പില്‍ ഭാവി ഒരു ചോദ്യചിഹ്നമാണ്. കേന്ദ്രത്തില്‍ മാറിവരുന്ന ഗവണ്‍മെന്റുകളൊന്നും ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്‌നം മുഖ്യ അജണ്ടയായി പരിഗണിക്കാത്ത സാഹചര്യത്തില്‍ അവരുടെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ല. ഗള്‍ഫുകാരെല്ലാം സമ്പത്തിന്റെ ഉടമകളാണെന്നു കരുതുന്ന മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയില്‍ പ്രവാസികളുടെ കൈയില്‍നിന്നുള്ള നിക്ഷേപസമാഹരണമാണ് എവിടെയും ചര്‍ച്ച. എന്നാല്‍, ബഹുഭൂരിപക്ഷവും ‘ഉടമ’കളാവാന്‍ കഴിയാത്തവരും ജീവിതം തന്നെ വഴിമുട്ടിയവരുമാണെന്ന് ആരും തിരിച്ചറിയുന്നില്ല. കാലസ്തംഭനം ബാധിച്ച മനസ്സുമായി, വേലയും കൂലിയുമായി ജീവിതം കഴിക്കുന്നവരാണ് അവരിലധികവും. കുടുംബത്തിന്റെ സന്തോഷത്തില്‍ ആത്മനിര്‍വൃതിയില്‍ ജീവിതം തള്ളിനീക്കുന്നവരാണ് അവരില്‍ വലിയൊരു വിഭാഗം.
തിരികെയെത്തുമ്പോള്‍ തിരസ്‌കൃതനാവുമെന്ന ഭീതിയില്‍ അവരുടെ ഹൃദയം പിടയുന്നു. ആ ചലച്ചിത്രഗാനം പോലെ തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമവും വീടും കൊതിക്കുന്നുണ്ടെന്ന് ഗള്‍ഫുകാര്‍ പൊതുവില്‍ കരുതുന്നില്ല. എങ്കിലും ഒന്നു തുറന്നുപറയുന്നു. മറ്റു മാര്‍ഗമില്ലാതെ തിരിച്ചുവരുന്ന ഹതഭാഗ്യരോട്, ജീവിതം നല്‍കിയ കുടുംബവും ഉറ്റവരും ഉടയവരുമെങ്കിലും കാരുണ്യത്തോടെ പെരുമാറണം. ഇത്രയും കാലം ഗള്‍ഫില്‍ ജോലിചെയ്തിട്ട് നിങ്ങള്‍ എന്തു നേടിയെന്ന് ചോദിച്ച് കുത്തിനോവിക്കരുത്. നിങ്ങള്‍ അനുഭവിക്കുന്ന, ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗഭാഗ്യത്തിന്റെ പിന്നില്‍ ചുട്ടുപൊള്ളുന്ന, മരംകോച്ചുന്ന തണുപ്പുള്ള പഥങ്ങളിലൂടെ ഞങ്ങള്‍ ചെയ്ത യാത്രയുണ്ട്. അധ്വാനത്തിന്റെ വിയര്‍പ്പുണ്ട്. സാമൂഹിക മുഖ്യധാരയില്‍നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കരുത്. ജനിച്ച മണ്ണില്‍ അതിജീവനം വഴിമുട്ടിയപ്പോള്‍ പോറ്റമ്മയായ മരുഭൂനഗരങ്ങള്‍ തേടി യാത്രപോയവരാണു ഞങ്ങള്‍. നല്ലവരായ ഈ നാട്ടിലെ ജനതയും നാടും ഇത്രയും കാലം ഞങ്ങളുടെ കുടുംബത്തിലെ ‘അടുപ്പില്‍’ തീ കത്തിച്ചു. ഇനി ആ ബാധ്യത ഏറ്റെടുക്കാന്‍ ജന്മനാട്ടില്‍ അതിന് ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം.
എല്ലാ ഗള്‍ഫ് നാടുകളിലും അതിന്റെ ലക്ഷണങ്ങളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട സൗദി അറേബ്യ മലയാളികള്‍ കൈയടക്കിയിരുന്ന പല സംരംഭങ്ങളും തദ്ദേശീയര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. യുഎഇയെപ്പോലുള്ള രാജ്യങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമാന്ദ്യം കാരണം മന്ദീഭവിച്ചു. ദുബയ്-അബൂദബി നഗരങ്ങളുടെ പളപളപ്പ് മാത്രമേ ബാക്കിയുള്ളൂ. ഖത്തറില്‍ പെട്രോളിയം വ്യവസായത്തില്‍നിന്ന് 25 ശതമാനം ജീവനക്കാരാണു പുറത്തായത്. കുവൈത്തില്‍ വലിയ തൊഴില്‍സാധ്യതകള്‍ മുമ്പേയില്ല.
അതിനാല്‍ ബര്‍മയില്‍നിന്നും മലയയില്‍നിന്നും തിരിച്ചുവന്നപോലെ പ്രവാസികള്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. അനിവാര്യമായ മടക്കമാണത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക