|    Oct 22 Mon, 2018 7:15 am
FLASH NEWS
Home   >  Fortnightly   >  

തിരഞ്ഞെടുപ്പ്

Published : 3rd December 2015 | Posted By: G.A.G

കഥ
എ ബി എസ് അനങ്ങന്നടി


ന്‍സാരയും മുറുക്കാനും വാങ്ങാന്‍ മറക്കണ്ടാ… ഇല്ലിപ്പടി കടന്ന് പുറത്തേക്ക് പോകുന്ന മകന്‍ ചിന്നനെ നോക്കി മാത വിളിച്ചു പറഞ്ഞു. താഴെ മലഞ്ചെരിവിലൂടെ വളര്‍ന്നു നില്‍ക്കുന്ന കതിരന്‍ പൂച്ചെടികളെ വകഞ്ഞുമാറ്റി വേഗത്തില്‍ പോകുന്ന മകനെ നോക്കി മാത നെടുവീര്‍പ്പിട്ടു. കേട്ടോ എന്തോ?കേട്ടിട്ടുണ്ടാവും മാതേട്‌ത്ത്യേ…പുറത്ത് താല്‍കാലികമായി കെട്ടിയുണ്ടാക്കിയ അടുപ്പത്ത് അരി കഴുകിയിടുന്നതിനിടയില്‍ ഗിരിജ പറഞ്ഞു.

ചിന്നന്റെ ഭാര്യയാണ് ഗിരിജ. മാതയുടെ സഹോദര പുത്രിയും. മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ട് ചെറുപ്പത്തിലേ ശീലിച്ചതാണ് മാതേട്‌ത്ത്യേ എന്ന വിളി. കല്യാണം കഴിഞ്ഞ് ആറ് മാസമായിട്ടും വിശേഷമൊന്നും ആകാത്തതില്‍ ഖിന്നയാണ് മാത. ഇപ്രാവശ്യമെങ്കിലും ആഗ്രഹസഫലീകരണം ഉണ്ടാകണമേ എന്ന് സകല ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചതുമാണ് ഗിരിജ. ഈ തവണയും പക്ഷേ ആഗ്രഹം ഫലിച്ചില്ല. ഇരുപത്തി മൂന്ന് കുടുംബങ്ങളിലായി എണ്‍പതോളം പേര്‍ മാത്രമുള്ള മലയരയന്മാരുടെ കോളനിയാണത്. അനങ്ങന്‍ മലയുടെ ചരിവില്‍. മുന്‍ഭാഗത്ത് റോഡിനും പാടശേഖരങ്ങള്‍ക്കുമപ്പുറം കൂനന്‍ മല. കൂടുതലും സ്ത്രീകള്‍. കുട്ടികളുടെ എണ്ണം നന്നേ കുറവ്. പലര്‍ക്കും കുട്ടികളേയില്ല.

thiranjeduppuജനസംഖ്യാവിസ്‌ഫോടനമെന്ന അപായമണി മുഴക്കി പരിഷ്‌കൃത സമൂഹം ജാഗ്രത കാണിച്ചത് മലയരയന്മാരുടെ അരക്കെട്ടുകളിലായിരുന്നതിന്റെ പരിണിത ഫലം.അഴയില്‍ കിടന്ന തോര്‍ത്തെടുത്ത് തിരിഞ്ഞ് നടക്കുന്നതിനിടെ മാത സ്വയമെന്നോണം ചോദിച്ചു:    ഇന്നേത് ഭാഗത്തേക്കാവോ?കുളപ്പുള്ളി ഭാഗത്താന്നാ പറഞ്ഞത്. മൂന്നാള്ണ്ടത്രേ. ചോദ്യം തന്നോടല്ലെങ്കിലും ഗിരിജ മറുപടി പറഞ്ഞു. കുറുന്തോട്ടി വിളയുന്ന കാലമാണ്. പാതയോരങ്ങളിലും കനാലോരങ്ങളിലും വിജനമായ പറമ്പുകളിലുമെല്ലാം ആ സമൂഹം കുറുന്തോട്ടി തേടിയലയും. അതല്ലെങ്കില്‍ കൂനന്‍ മലയിലും അനങ്ങന്‍ മലയിലും സമൃദ്ധമായി വളരുന്ന കോഴിപ്പയര്‍ ശേഖരിച്ചും, മലമടക്കുകളില്‍ തേന്‍ തേടിയലഞ്ഞും, കന്മദം തേടി പതം വന്ന കരിമ്പാറകളില്‍ വലിഞ്ഞ് കയറിയും, പ്രപിതാക്കള്‍ ഉപജീവിച്ച് പോന്ന സങ്കേതങ്ങളെ ഒരനുഷ്ഠാനംപോലെ പിന്തുടര്‍ന്നവര്‍.ഇരുമലകള്‍ക്കിടയിലെ സമതലത്തിലൂടെ കറുത്ത നാടപോലെ കിടക്കുന്ന റോഡിലേക്ക് ചിന്നന്‍ എത്തി. കിഴൂരില്‍നിന്ന് വരുന്ന മടക്കവണ്ടി കാത്ത് ചിലര്‍ റോഡരികില്‍ നില്‍പ്പുണ്ട്.

ജംഗ്ഷനിലേക്ക് ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ച് രൂപ കൊടുത്താല്‍ ജംഗ്ഷനിലെത്താം. പക്ഷേ, വണ്ടി എപ്പോള്‍ വരുമെന്ന് തിട്ടമില്ല.ഞാന്‍ നടക്കാ, വണ്ടി വരുമ്പോഴേക്കും അങ്ങാടിയിലെത്താം. ആരോടെന്നില്ലാതെ പറഞ്ഞ് ചിന്നന്‍ അങ്ങാടി ലക്ഷ്യമാക്കി നടന്നു. നടന്നു എന്ന് സാങ്കേതികമായി പറയാനേ പറ്റൂ. ചിന്നന്റെ നടത്തം കുട്ടികളുടേത്‌പോലാണ്.കുട്ടികള്‍ ഉത്സാഹിച്ച് നടക്കുന്നത്‌പോലെ. ഒരു കാല്‍ പൊക്കി, മറുകാല്‍കൊണ്ട് കൊക്കിച്ചാടിയങ്ങനെ…ഒരെതിരില്ലാത്ത നടത്താ… പൂത്താങ്കീരിയെപ്പോലെ… മാത എപ്പോഴും പറയും.താഴെ അങ്ങാടിയില്‍ ശബ്ദഘോഷങ്ങള്‍ കനത്തു. തിരഞ്ഞെടുപ്പടുത്തിരിക്കുന്നു. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് പ്രചാരണ വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഇനി വെറും നാലു ദിവസം മാത്രം ബാക്കി.

ആര്‍ക്ക് വോട്ട് ചെയ്യണം? ചിന്നന്‍ വെറുതേ ആലോചിച്ചു. അച്ഛനുണ്ടായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പു സമയങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ കോളനിക്കാര്‍ക്കിടയില്‍ നടത്തിയിരുന്നത് അവനോര്‍ത്തു. അച്ഛന്‍ മരിച്ചിട്ട് എട്ടുവര്‍ഷമാവുന്നു. അന്ന് ചിന്നന് പതിനഞ്ച് വയസ്സാണ് പ്രായം. തേനെടുക്കാന്‍ തനിച്ചു പോവാറുള്ള അച്ഛനെ ശരീരമാസകലം മുറിവുമായി ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാട്ടുമൂരി കുത്തിയതാണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. ഇന്നും നെഞ്ചുപൊട്ടുന്ന ഒരു വിങ്ങലാണവന് അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മ. ചിന്നന്‍ അങ്ങാടിയിലെത്തി. കൂട്ടുകാര്‍ കാത്ത് നില്‍പ്പുണ്ട്. വാണിയംകുളം വഴി ഷൊര്‍ണൂര്‍ക്ക് പോകുന്ന ബസ്സില്‍ കയറി അവര്‍ കുളപ്പുള്ളിയിലിറങ്ങി. പാതയോരങ്ങളില്‍ അവര്‍ കര്‍മ്മനിരതരായി. ചില മനുഷ്യരുടെ മനസ്സുമാതിരി പ്രകൃതിയും ശുഷ്‌ക്കിച്ചിരിക്കുന്നു. വല്ലപ്പോഴും ഒരു തൈ കണ്ടാലായി. ചിലയിടങ്ങളില്‍ സര്‍വ്വവും വെട്ടിവെടിപ്പാക്കിയിരിക്കുന്നു.

തൊഴിലുറപ്പുകാരുടെ ശുഷ്‌ക്കാന്തി.ഇന്നൊരു നിറം കെട്ട ദിവസമാണ്. തീറ്റ തേടിയലയുന്ന ആട്ടിന്‍ പറ്റങ്ങളെപോലെ മാനത്ത് മഴക്കാറ് വട്ടമിട്ടു. ഉച്ചയായപ്പോഴേക്കും തുടങ്ങി കനത്ത മഴ. ഒപ്പം ഇടിയും മിന്നലും. അതുവരെ ശേഖരിച്ച കുറുന്തോട്ടി അവിടത്തന്നെ കൂട്ടിയിട്ട് ചിന്നനും കൂട്ടരും മടങ്ങി. തിരിച്ച് അങ്ങാടിയിലെത്തിയപ്പോള്‍ മൂന്ന് മണിയായി. മഴ ഇനിയും തോര്‍ന്നിട്ടില്ല. കടവരാന്തകളുടെ ഓരം ചേര്‍ന്ന് അവന്‍ ഖാദറിന്റെ പലചരക്കു കടയിലേക്ക് നടന്നു. ഏല്‍പ്പിച്ച സാധനങ്ങള്‍ മുഴുവന്‍ വാങ്ങാന്‍ കാശില്ല. അത്യാവശ്യമുള്ളത് വാങ്ങാം.അരക്കിലോ പന്‍സാരേം, പത്തുര്‍പ്യേക്ക് മുറുക്കാനും. അല്‍പം നാണം കലര്‍ന്ന ചിരിയോടെ ചിന്നന്‍ പറഞ്ഞു.പത്തുര്‍പ്യേക്ക് വെറ്റിലേം പോലേം മാത്രേ കിട്ടൂ. അടക്ക കിട്ടില്ല ചിന്നാ. ഖാദര്‍ പറഞ്ഞു. ഖാദറിനിഷ്ടമാണ് ചിന്നനെ. ചിന്നന്‍ സംസാരിക്കുമ്പോള്‍ കൊച്ചു കുട്ടികളുടേത്‌പോലുള്ള ശരീരചലനങ്ങളാണ്. നിഷ്‌കളങ്കത തോന്നിപ്പിക്കുന്ന മുഖഭാവവും.

എന്നാ ഇരുപതുര്‍പ്യേക്ക് മുറുക്കാന്‍ തന്നോളിന്‍. ചിന്നന്‍ ഉപായം പറഞ്ഞു.സാധനങ്ങള്‍ വാങ്ങി ചിന്നന്‍ അവിടത്തന്നെ ചുറ്റിപറ്റി നിന്നു. ഇനി കയ്യില്‍  പൈസയൊന്നുമില്ല. വണ്ടിക്ക് കാശില്ലാത്തതിനാല്‍ നടക്കുകതന്നെ ശരണം. അതിനും മഴ തോരണം. ഏറെ വൈകാനും പാടില്ല. വാഹനങ്ങള്‍ ഇടക്കിടെ പോകുമെങ്കിലും റോഡും പരിസരവും പൊതുവേ വിജനമാണ്. ഇരുട്ടിയാല്‍ നായ്ക്കളുടെ ശല്യം വേറെയും. പോരാത്തതിന് റോഡില്‍നിന്ന് കോളനിയിലേക്കുള്ള നടവഴി നിറയെ പൊന്തക്കാട് വളര്‍ന്നിരിക്കുന്നു. കതിരന്‍ പൂച്ചെടിയും, നാറ്റപ്പയും കമ്മ്യൂണിസ്റ്റ് പച്ചയുമൊക്കെയായി നടവഴി മൂടിയിരിക്കുന്നു. മഴതോര്‍ന്നപ്പോഴേക്കും ആറ് മണിയായി. എങ്കിലും ഇരുള്‍ മൂടിയപോലെ. മഴമാറിയിട്ടും മാനം തെളിഞ്ഞിട്ടില്ല.

ആ വഴിക്കുള്ളവരെല്ലാം ബസ്സിലും ഓട്ടോയിലുമായി നേരത്തെ വീടണഞ്ഞിരിക്കുന്നു. ഇന്നിനി വീടെത്തുമ്പോഴേക്കും ശരിക്കും ഇരുട്ടും.അങ്ങാടിയില്‍ പുതുതായി സ്ഥാപിച്ച നിയോണ്‍ വിളക്ക് കണ്ണ് തുറന്നിരിക്കുന്നു. അതിന്റെ ധവളിമക്കിടയിലൂടെ പ്രധാന റോഡില്‍നിന്ന് വേര്‍തിരിയുന്ന ഇടറോഡിന്റെ നേര്‍ത്ത ഇരുളിലേക്ക് ചിന്നന്‍ നടന്നകന്നു.* * *തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രധാന കക്ഷികള്‍ മുന്നേറി. പൊതുയോഗങ്ങളും രഹസ്യ യോഗങ്ങളും മുറക്ക് നടന്നു. അത്തരമൊരു രഹസ്യ യോഗത്തിനായി മലഞ്ചെരിവിലെ റോഡുവക്കില്‍ അഞ്ചാറുപേര്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. ദേശവ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് തുടര്‍ചലനമുണ്ടാക്കാന്‍ നാം കല്പിക്കപ്പെട്ടിരിക്കുന്നു. ആശയങ്ങള്‍കൊണ്ട് സാധിക്കാത്തത് രക്തസാക്ഷികള്‍ക്ക് സാധിച്ചെടുക്കാന്‍ കഴിയുമെന്ന് ചരിത്രം തെളിയിച്ചതാണ്. അത്‌കൊണ്ട് നാമൊരാളെ തിരഞ്ഞെടുത്തേ പറ്റൂ. ഇനി സമയമില്ല. പ്രചാരണം തീരാന്‍ രണ്ട് ദിവസമേയുള്ളൂ. പ്രധാനിയെന്ന് തോന്നിച്ച സുമുഖനായ യുവാവ് പറഞ്ഞ് നിര്‍ത്തി. സ്ഥാനാര്‍ഥിയെ? ഉയരം കുറഞ്ഞ് മെല്ലിച്ച ശരീരമുള്ളവന്‍ ജിജ്ഞാസയോടെ ചോദിച്ചു. ഹേയ് അതുപറ്റില്ല. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കപ്പെടും.

ചെറിയ പാളിച്ചപോലും എല്ലാം തകര്‍ക്കും. പിന്നെയാര്?ആരോ നടന്നു വരുന്ന ശബ്ദം അവരുടെ ശബ്ദങ്ങളെ വിഴുങ്ങി. അടുത്തെത്തിയ ആളെ അവര്‍ തിരിച്ചറിഞ്ഞു. ചിന്നന്‍.എന്താ ചിന്നാ. വണ്ടിയൊന്നും കിട്ടിയില്ലേ? ഇല്ല. ഞാനിങ്ങ് നടന്നു. പറഞ്ഞിട്ട് ചിന്നന്‍ അവരെ നോക്കി ചിരിച്ചു.പ്രാക്തനമായൊരു സംസ്‌കൃതിയുടെ സര്‍വ ആഡംബരങ്ങളും ലയിച്ചു ചേര്‍ന്ന നിഷ്‌കളങ്കമായ ചിരി. ആ ചിരികാണവേ വന്യമായൊരു തിളക്കത്തോടെ സംഘത്തലവന്റെ കണ്ണുകള്‍ ചടുലമായൊന്ന് കുറുകിയുണര്‍ന്നു.റോഡിലേക്ക് കണ്ണും നട്ട് മാതയും ഗിരിജയും അപ്പോഴും കാത്തിരുന്നു. തുള്ളിച്ചാടി വരുന്ന ഒരു ടോര്‍ച്ച് വെട്ടത്തിനായി. മേല്‍വരിപ്പല്ലിലെ വിടവുകളൊന്നില്‍ നാക്കുക്കൊണ്ട് ശക്തമായമര്‍ത്തി മാത പറഞ്ഞു.

മുറുക്കാന്‍ കൊണ്ട് വര്വോ എന്തോ? അവനെത്തീട്ട് വേണം ഒന്ന് മുറുക്കാന്‍.അടിവാരത്തുനിന്നൊരു കാറ്റ് പരേതാത്മാക്കളുടെ ഉച്ഛ്വാസവായുപോലെ അവരെത്തലോടിക്കടന്നു പോവേ… തന്റെ പൊക്കിള്‍ത്തടം ഒന്ന് വിങ്ങിവിറച്ചത്‌പോലെ തോന്നി മാതക്ക്.അപ്പോള്‍ താഴെ മലഞ്ചെരിവിനപ്പുറത്തെ ഇരുളില്‍നിന്നും രേതസ്സഴിഞ്ഞ സാരമേയങ്ങള്‍ ആലസ്യത്തോടെ ഓരിയിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss