|    Dec 12 Tue, 2017 7:42 pm
FLASH NEWS

തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുന്നു; മല്‍സരത്തിനു വീറും വാശിയുമേറി

Published : 4th May 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞതോടെ മല്‍സരത്തിനു വീറും വാശിയും വര്‍ധിച്ചു.അഞ്ചുമണ്ഡലങ്ങളിലായിഅഞ്ച് വനിതകളുള്‍പ്പടെ 41 പേരാണ് വോട്ടര്‍മാരെ സമീപിക്കുന്നത്.എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെല്ലാം സജീവമായി കളത്തിലുണ്ട്. പാരഡിപ്പാട്ടുകള്‍,അനൗണ്‍സ്‌മെന്റ്ുകള്‍,കട്ടൗട്ടുകള്‍,പോസ്റ്ററുകള്‍, ലഘുലേഖകള്‍ എല്ലാം നാനാഭാഗങ്ങളിലും നിരന്നുകഴിഞ്ഞു.
മുന്നണി സ്ഥാനാര്‍ഥികള്‍ മൂന്നാം ഘട്ടവും പിന്നിട്ട് സ്ഥാനാര്‍ഥി പര്യടന-സ്വീകരണത്തിരക്കിലാണ്.ഇടുക്കിയിലാണ് ഏറ്റവും തീഷ്ണമായ പോരാട്ടം നടക്കുന്നത്. ഇവിടെ കേരളകോണ്‍ഗ്രസുകളുടെ പോരാട്ടം ഇഞ്ചോടിഞ്ചാണ്.ഇലക്ഷന്‍ പ്രഖ്യാപനത്തിനും വളരെ മുമ്പേ കേരളകോണ്‍ഗ്രസി(എം)ന്റെ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ ഇവിടെ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. അനായാസ വിജയം സ്വപ്‌നമായിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ അപ്രതീക്ഷിതമായി എതിരാളിയായി ഫ്രാന്‍സിസ് ജോര്‍ജ് എത്തിയതോടെ റോഷി മല്‍സരം കടുക്കുമെന്നുറപ്പിച്ച റോഷി അതു മുന്നില്‍ക്കണ്ടായിരുന്നു പ്രവര്‍ത്തനം. മുന്‍ പരിചയം വോട്ടാക്കി മുന്നേറുകയാണ് ഫ്രാന്‍സിസ് ജോര്‍ജ്.
ദേവികുളത്ത് പഴയ പോരാളികളായ സിപിഎമ്മിന്റെ എസ് രാജേന്ദ്രനും കോണ്‍ഗ്രസിന്റെ എ കെ മണിയും കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം തട്ടിയെടുക്കാന്‍ ശ്രമിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി കുമാറുമുണ്ട്.അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി മധുലക്ഷ്മിയും പൊമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയും ഇവിടുത്തെ വിജയം നിര്‍ണയിക്കുന്നതില്‍ മുഖ്യഘടകമാകുമെന്നാണ് സൂചന.യുഡിഎഫ് വിമതനായി ദളിത് കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദനും രംഗത്തുണ്ട്.
ഉടുമ്പഞ്ചോലയില്‍ എം എം മണിയെ കോണ്‍ഗ്രസിലെ സേനാപതി വേണുവാണ് എതിരിടുന്നത്. മൂന്നാംഘട്ടം പിന്നിട്ട എം എം മണി ഇവിടെ സ്ഥാനാര്‍ഥി പര്യടനം തുടങ്ങിക്കഴിഞ്ഞു.സിപിഎമ്മിന്റെ വിജയസ്വപ്‌നം തകര്‍ക്കാന്‍ സകല അടവുകളും പയറ്റുകയാണ് വേണു.ഇവിടെയും അണ്ണാഡിഎംകെ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ വിജയത്തെ ബാധിക്കുമെന്ന ആശങ്ക ഇരു മുന്നണികള്‍ക്കുമുണ്ട്.എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാനവാസ് ബക്കര്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി നിറഞ്ഞുകഴിഞ്ഞു.ഗ്രാമീണ മേഖലകളിലും വന്‍ സ്വീകരണമാണ് ലഭിക്കുന്നതെന്നു ഇദ്ദേഹം പറഞ്ഞു.ഈഴവസമുദായത്തിനു മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും സജീവമാണ്. പീരുമേട്ടില്‍ സിപിഐയിലെ ഇ എസ് ബിജിമോളുടെ വിജയ പ്രതീക്ഷ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ സിറിയക് തോമസിന്റെ പോരാട്ടം. ഇരു കൂട്ടരും തോട്ടംമേഖലകളെ കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.തമിഴ് തോട്ടംതൊഴിലാളികളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് അണ്ണാഡിഎംകെ സ്ഥാനാര്‍ഥി അബ്ദുല്‍ ഖാദറും സജീവമാണ്.
തൊടുപുഴയില്‍ വിജയം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരു മുന്നണികളും. കേരളകോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥി സ്വീകരണം രണ്ടാം ദിനത്തിലേക്ക് കടന്നു.സിപിഎം സ്വതന്ത്രന്‍ റോയി വാരികാട്ടും വിജയ പ്രതീക്ഷയില്‍ മണ്ഡല പര്യടനത്തിലാണ്.എസ്ഡിപിഐയുടെ റോയി അറയ്ക്കലും എന്‍ഡിഎയുടെ അഡ്വ. പ്രവീണും എസ്.യു.സിഐയുടെ നിഷാ ജിമ്മിയുമൊക്കെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക