|    Jan 18 Wed, 2017 7:24 am
FLASH NEWS

തിരഞ്ഞെടുപ്പ് മുന്നില്‍ വന്ന് മുട്ടിവിളിക്കുമ്പോള്‍

Published : 14th October 2015 | Posted By: RKN

വിപ്ലവം ജനങ്ങളുടെ ഉല്‍സവമാണെന്ന വചനത്തിന്റെ രാഷ്ട്രീയവിവക്ഷകള്‍ എന്തായാലും ശരി, തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തന്നെ ഉല്‍സവങ്ങളാണ്. കേരളംപോലെ രാഷ്ട്രീയം തലയ്ക്കു പിടിച്ച പ്രദേശങ്ങളില്‍ വിശേഷിച്ചും. മാധ്യമങ്ങളാവട്ടെ അതിനെ കൂടുതല്‍ ഉല്‍സവമയമാക്കാന്‍ പാടുപെടുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഇപ്പോള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ അതിന് ജനകീയ സ്വഭാവം വളരെ കൂടുതലാണ്. ആളുകള്‍ക്ക് ചിരിക്കാനും രസിക്കാനും ഉദ്വേഗപ്പെടാനുമൊക്കെ ഉതകുന്ന ഹാസ്യരസപ്രധാനവും നാടകീയവുമായ മുഹൂര്‍ത്തങ്ങള്‍ നിരവധി അതിലുണ്ട്.രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന മുന്നണി രൂപീകരണവും സീറ്റ് വിഭജനവുമൊക്കെത്തന്നെ പോരേ നന്നായി രസിച്ചുചിരിക്കാന്‍? പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടികള്‍ പരസ്പരം നടത്തുന്ന ഒതുക്കലും വലയ്ക്കലും നിര്‍ബാധം നടക്കുന്നു.

അതിനിടയില്‍ സഖ്യം വിടുകയും പുതിയ സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നു. ഇന്നലെ വരെ യു.ഡി.എഫ്. ആയിരുന്ന വ്യക്തി ഇന്ന് എല്‍.ഡി.എഫ്. ആവുന്നു. മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സൗഹൃദമല്‍സരം നടത്തുന്നു. വനിതാ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാര്‍ട്ടിക്കാര്‍ നെട്ടോട്ടമോടുന്നു. കണ്ടുരസിക്കാന്‍ പറ്റിയ നിരവധി സംഗതികളാണ് തിരഞ്ഞെടുപ്പ് രംഗത്തുടനീളമുള്ളത്. തിരഞ്ഞെടുപ്പിന്് അതുകൊണ്ടുദ്ദേശിക്കപ്പെടുന്ന അര്‍ഥവും പ്രസക്തിയും നഷ്ടപ്പെടുന്നുവോ എന്ന് ഇതെല്ലാം കാണുമ്പോള്‍ നാം ആലോചിച്ചുപോവും. യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ സാര്‍വത്രികമായ പരാതി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നും രണ്ടുതവണ മല്‍സരിച്ചവരെ ഒഴിവാക്കുമെന്നുമെല്ലാം ഇടതുപക്ഷവും അവകാശപ്പെടുന്നുണ്ട്. പക്ഷേ, ചിത്രം തെളിയുമ്പോള്‍ എല്‍.ഡി.എഫിലും പഴയമുഖങ്ങള്‍ തന്നെയാണ് വേദിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പറയുന്നതൊന്ന്, പ്രവൃത്തി മറ്റൊന്ന്്. നേതാക്കന്‍മാരുടെ മക്കളും മരുമക്കളും ഭാര്യമാരും എല്ലാ മുന്നണികളിലും സ്ഥാനാര്‍ഥികളാണ്. വ്യവസായപ്രമുഖരെയും സമ്പന്നരെയും അണിനിരത്തി ഗ്ലാമറുണ്ടാക്കാന്‍ ഇടതു-വലതു ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിക്കുന്നു. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നാടകങ്ങള്‍ കാണുമ്പോള്‍ തെമ്മാടികളുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്നത് കോമാളികളുടേത് എന്ന്് തിരുത്തിപ്പറയേണ്ടിവരും. ഈ കളികള്‍ക്കിടയില്‍ ഗൗരവബോധത്തോടെ പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തികള്‍ വിരളം. 50 ശതമാനം വനിതാസംവരണമായതാണ് പല രാഷ്ട്രീയപ്രസ്ഥാനങ്ങളെയും കുഴക്കുന്നത്.

സംഘടനാപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വനിതകള്‍ക്ക് കാര്യമായ അവസരം നല്‍കാറില്ല. അവര്‍ക്ക് മതിയായ പ്രാതിനിധ്യവുമില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആളെ തിരഞ്ഞ് നെട്ടോട്ടമോടേണ്ടിവരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനമണ്ഡലത്തില്‍ വനിതകള്‍ക്കും ദലിതര്‍ക്കും മതിയായ പ്രാതിനിധ്യം നേരത്തേ തന്നെ നല്‍കിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നം. എങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് പ്രക്രിയ അര്‍ഥപൂര്‍ണമാവുകയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക