|    Jan 24 Tue, 2017 6:53 pm
FLASH NEWS

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദി ലഘുലേഖകള്‍

Published : 16th May 2016 | Posted By: swapna en

മാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോവാദികള്‍ തവിഞ്ഞാല്‍ കമ്പമല എസ്റ്റേറ്റ് പാടികളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. രണ്ടു സ്ത്രീകളുള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘം ശനിയാഴ്ച രാത്രി എട്ടോടെയാണ് കമ്പമലയിലെത്തിയത്. മാവോവാദി സാന്നിധ്യം പോലിസ് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കൈതക്കൊല്ലി പോളിങ് ബൂത്തില്‍ സുരക്ഷ കര്‍ശനമാക്കി. ശ്രീലങ്കന്‍ വംശജര്‍ താമസിക്കുന്ന പാടികളിലാണ് സായുധസംഘമെത്തിയത്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പാടികളിലെ താമസക്കാര്‍. 80ഓളം തമിഴ് വംശജരായ കുടുംബങ്ങള്‍ ഇവിടെയുണ്ട്. മലയാളത്തിലും കന്നടയിലുമാണ് സായുധ സംഘാംഗങ്ങള്‍ സംസാരിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു. പതിറ്റാണ്ടുകളായി പാടികളില്‍ താമസിക്കുന്നതിനെക്കുറിച്ച് അരമണിക്കൂറോളം ഇവിടെ ചുറ്റക്കറങ്ങിയ സംഘം സംസാരിച്ചു. ഭക്ഷണവും അരിയും സാധനങ്ങളും ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ഇവിടുത്തെ താമസക്കാരന്‍ മുനീശ്വരന്‍ പറഞ്ഞു. ജനകീയ വിമോചന ഗറില്ലാസേന കബനീദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിന്‍ കാട്ടുതീ പാടികളില്‍ വിതരണം ചെയ്തു. ടോയ്‌ലറ്റ് പേപ്പറിന്റെ വിലപോലുമില്ലാത്ത പീറ കടലാസും ഒരുതുള്ളി മഷിയും കൊണ്ട് ജനാധിപത്യം സാധ്യമാവില്ലെന്നും വോട്ട് ബഹിഷ്‌കരിക്കാനും ഇതില്‍ ആവശ്യപ്പെടുന്നു. കാടിനെയും വെള്ളത്തെയും കൃഷിഭൂമിയെയും നശിപ്പിക്കുന്ന വികസനമാണ് നിലവിലെ മുന്നണികളുടേതെന്നും ഇതിനു ബദല്‍ വികസനം ഉയര്‍ന്നുവരാന്‍ വര്‍ഗസമരത്തിലൂടെ രൂപം കൊള്ളുന്ന ജനകീയ അധികാരം നിലവില്‍ വരണമെന്നും കാട്ടുതീയില്‍ പറയുന്നു. എസ്എന്‍ഡിപി, ബിജെപി കൂട്ടുകെട്ടിനെതിരേയും പുതിയ സാഹചര്യത്തിലെ മെയ്ദിന ചിന്തകളെക്കുറിച്ചും വര്‍ഗീസ് ദിനത്തില്‍ തിരുനെല്ലിയില്‍ കബനീദളം നടത്തിയ പ്രഭാതഭേരി, പോസ്റ്റര്‍ കാംപയിന്‍ എന്നിവയെക്കുറിച്ചും കാട്ടുതീയില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് മാവോവാദികള്‍ പാടിയിലെത്തിയ വിവരം പോലിസ് അറിയുന്നത്. ജില്ലാ പോലിസ് മേധാവിയുള്‍പ്പെടെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക